സിദ്ദിഖ് ഇപ്പോഴും കാണാമറയത്ത്; അർധരാത്രിയിലും വ്യാപക തിരച്ചിൽ, രക്ഷപ്പെടാൻ അനുവദിച്ചുവെന്ന് വിമർശനം
കൊച്ചി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അറസ്‌റ്റ് ഭയന്ന് ഒളിവിൽ പോയ നടൻ സിദ്ദിഖിനെ കണ്ടെത്താനാവാതെ കുഴങ്ങി പോലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് നടന് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നത്. കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി വ്യാപകമായ തിരച്ചിലാണ് പോലീസ് നടത്തുന്നത്.
എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി 24 മണിക്കൂറിനോട് അടുക്കുമ്പോഴും താരത്തെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇത് വ്യാപകമായ വിമർശനത്തിന് ഇടയാക്കുന്നുണ്ട്. നടനെ രക്ഷപ്പെടുത്താനാണ് പോലീസ് അറസ്‌റ്റ് വൈകിക്കുന്നതെന്നാണ് ആരോപണം. ഇതോടെ പോലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കുകയാണ്.

എറണാകുളത്തെ സിദ്ദിഖിന്റെ വീടുകൾ ഉൾപ്പെടെ പോലീസ് അരിച്ചുപെറുക്കിയിരുന്നു. ബന്ധു വീടുകളിലും വ്യാപക പരിശോധന നടത്തി. പലയിടത്തും പരിശോധന അർധരാത്രിയും തുടർന്നു. ഹോട്ടലുകളിൽ ഉൾപ്പെടെയാണ് പോലീസ് എത്തിയത്. എന്നാൽ അവിടെ നിന്നൊന്നും താരത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായില്ല.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനാൽ തന്നെ ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇതര സംസ്ഥാനങ്ങളിലേക്ക് കടക്കാനുള്ള സാധ്യത ഉള്ളതിനാൽ ഇത്തരം മേഖലകളിൽ കൂടി പരിശോധന വ്യാപിപ്പിക്കാനാണ് നീക്കം.
സിദ്ദിഖിനെതിരെയുള്ളത് ഗുരുതര ആരോപണമാണെന്നും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത്രയും ഗൗരവമായ കേസായിരുന്നിട്ട് കൂടി പോലീസ് അലംഭാവം കാണിക്കുകയാണെന്നാണ് പൊതുവെ ഉയരുന്ന ആരോപണം. അറസ്‌റ്റ് വൈകുംതോറും ഈ ആരോപണത്തിന്റെ ശക്തി കൂടുകയാണ് ചെയ്യുന്നത്.
അതേസമയം, ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് നടൻ. ഡൽഹിയിലെ മുതിർന്ന അഭിഭാഷകനുമായ സിദ്ദിഖിന്റെ അഭിഭാഷകൻ സംസാരിച്ചു എന്നാണ് സൂചന. ഇന്ന് തന്നെ ഹർജി സുപ്രീം കോടതിയിൽ നൽകാനാണ് സാധ്യത. പരാതി നൽകാൻ എട്ട് വർഷം വൈകിയത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാവും സിദ്ദിഖിന്റെ നീക്കം.
എന്നാൽ ഇതിനെതിരെ അതിജീവിത തടസഹർജി നൽകുമെന്നാണ് സൂചന. സിദ്ദിഖിന് ജാമ്യം നൽകരുതെന്നാവും അവർ ആവശ്യപ്പെടുക. നേരത്തെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് നടൻ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു യുവനടിയുടെ പരാതി. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ചൂഷണം ചെയ്‌തെന്നും പിന്നീട് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.












Click it and Unblock the Notifications