വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കയറി പിടിച്ച് സുരേഷ് ഗോപി; നിയമനടപടിക്കൊരുങ്ങി മാധ്യമപ്രവര്‍ത്തക
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി നടനും ബി ജെ പി നേതാവും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ ചോദ്യം ചോദിക്കാന്‍ വന്ന വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കയറി പിടിക്കുകയായിരുന്നു സുരേഷ് ഗോപി. ഇതിന്റെ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെ സുരേഷ് ഗോപിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
വേണമെങ്കില്‍ കണ്ണൂരിലും മത്സരിക്കാമെന്ന തന്റെ പ്രസ്താവന സി പി എമ്മിന്റെ സ്ഥാപിത രാഷ്ട്രീയ മുതലെടുപ്പിനെ ഉലക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞ സുരേഷ് ഗോപിയോട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അതിന് ശ്രമിച്ചിട്ടും സാധിച്ചില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തക തിരിച്ചു ചോദിച്ചിരുന്നു. ഇതിന് മറുപടിയായി ഒന്ന് ശ്രമിച്ചുനോക്കട്ടെ എന്ന് പറഞ്ഞ് കൊണ്ട് സുരേഷ് ഗോപി വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കയറി പിടിക്കുകയായിരുന്നു.

സുരേഷ് ഗോപിയുടെ പ്രവൃത്തിയില്‍ ഉടന്‍ തന്നെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തക പിറകിലേക്ക് മാറി. എന്നാല്‍ സുരേഷ് ഗോപി കൈയെടുത്തില്ല. വീണ്ടും തോളില്‍ കൈവെച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ തട്ടി മാറ്റുകയും ചെയ്തു. സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സമ്മതമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തില്‍ കൈ വെച്ച സുരേഷ് ഗോപിയുടെ നടപടി സ്ത്രീത്വത്തോടുള്ള അവഹേളനമാണ് എന്നാണ് ഉയരുന്ന വിമര്‍ശനം.
അതേസമയം ആ സമയം താന്‍ ഷോക്കിലായി പോയെന്നും അതില്‍ നിന്ന് മോചിതയായിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തക പ്രതികരിച്ചു. സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദ നടപടി. അതസമയം മാധ്യമപ്രവര്‍ത്തകക്ക് പിന്തുണയുമായി പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തി.
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കും എന്ന് കെ യു ഡബ്ല്യു ജെ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 'തൊഴില്‍ എടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നേരെയുള്ള അവഹേളനമാണിത്. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണം. സുരേഷ് ഗോപിയുടെ പ്രവര്‍ത്തി അത്യന്തം അപലപനീയം ആണ്. മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം യൂണിയന്‍ ഉറച്ചുനില്‍ക്കുന്നു,' കെ യു ഡബ്ല്യു ജെ പറഞ്ഞു.
പ്രസ്താവനയുടെ പൂര്‍ണരൂപം:
മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണം - KUWJ
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കും. മറ്റ് ഉചിതമായ നിയമ നടപടികളും സ്വീകരിക്കും. തൊഴില്‍ എടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നേരെയുള്ള അവഹേളനമാണിത്.
തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെക്കുമ്പോള്‍ തന്നെ അവര്‍ അത് തട്ടി മാറ്റുന്നുണ്ട്. ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവര്‍ത്തി അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയം ആണെന്നും മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം യൂണിയന്‍ ഉറച്ചുനില്‍ക്കുമെന്നും അറിയിക്കുന്നു.
ആര്‍. കിരണ്‍ ബാബു
ജനറല്‍ സെക്രട്ടറി
കേരള പത്രപ്രവര്‍ത്തക യൂണിയന്‍












Click it and Unblock the Notifications