പള്‍സര്‍ സുനി ജയിലിന് പുറത്തേക്ക്; ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി ജയിലിന് പുറത്തേക്കിറങ്ങുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി ജയിലിലാണ്. നടന്‍ ദിലീപ് ഈ കേസില്‍ എട്ടാം പ്രതിയാണ്.
കേസിലെ വിചാരണ നീണ്ടുപോകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇത് എന്ത് വിചാരണയാണ് എന്നും സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതി ജാമ്യം അനുവദിക്കണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഒരാള്‍ എത്ര തവണ ജാമ്യത്തിനായി കോടതി കയറിയിറങ്ങണം എന്ന ചോദ്യവും കോടതി ഉന്നയിച്ചു.

സാക്ഷികളെ ഇത്രയും ദിവസം ക്രോസ് വിസ്താരം ചെയ്തതിലും സുപ്രീം കോടതി ചോദ്യമുന്നയിച്ചു. 261 സാക്ഷികളെ വിസ്തരിച്ച് കഴിഞ്ഞു എന്നും ജാമ്യവുമായി ബന്ധപ്പെട്ട കടുത്ത ഉപാധികള്‍ സര്‍ക്കാരിന് മുന്നോട്ടുവെക്കാമെന്നും കോടതി പറഞ്ഞു. അതേസമയം പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. സുനിക്ക് ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നായിരുന്നു സര്‍ക്കാര്‍ വാദം.
സുനിക്ക് ജാമ്യം ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് കാണിച്ച് അതിജീവിതയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനും വിചാരണ കോടതിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഏഴ് വര്‍ഷമായി താന്‍ ജയിലിലാണെന്നും വിചാരണ നീളുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം എന്നുമുള്ള സുനിയുടെ വാദമാണ് കോടതി അംഗീകരിച്ചത്.
നിരന്തരം ജാമ്യാപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി പള്‍സര്‍ സുനിക്ക് പിഴ ചുമത്തിയിരുന്നു. ഇത് സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഹൈക്കോടതി നടപടി ഒഴിവാക്കാമായിരുന്നു എന്ന് ഇന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അഭയ് ഒഖെ, എ ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്.
നിലവില്‍ എറണാകുളം സബ് ജയിലിലാണ് സുനി. പലതവണ ജാമ്യം തേടി പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുനി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ട്, എം എസ് വിഷ്ണു ശങ്കര്‍ ചിതറ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി അടക്കം കേസിലെ മറ്റ് പ്രതികള്‍ക്ക് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
എന്നാല്‍ വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുത് എന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചായിരുന്നു പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്.












Click it and Unblock the Notifications