കെപിഎസി ലളിതക്ക് കരള്‍ നല്‍കാന്‍ കലാഭവന്‍ സോബി;'അന്ന് വിമർശിച്ചിരുന്നു..പക്ഷേ സത്യം പിന്നീടറിഞ്ഞു'
തിരുവനന്തപുരം;ചികിത്സയിൽ കഴിയുന്ന നടി കെ പി എ സി ലളിതയ്ക്ക് കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയക്കായി ദാതാവിനെ തേടി കഴിഞ്ഞ ദിവസം മകൾ രംഗത്തെത്തിയിരുന്നു. ജീവൻ രക്ഷിക്കാനുള്ള നടപടിയായി അടിയന്തരമായി കരൾ മാറ്റി വെയ്ക്കൽ ആവശ്യമാണെന്നായിരുന്നു മകൾ ആവശ്യപ്പെട്ടത്. ഇപ്പോഴിതാ നടിക്ക് കരൾ നൽകാൻ തയ്യാറായി രംഗത്തെത്തിയിരിക്കുകയാണ് കലാഭവൻ സോബി. വിശദമായി വായിക്കാം
Recommended Video

കെ പി എ സി ലളിതയുടെ മകൾ ശ്രീക്കുട്ടി ഭരതനായിരുന്നു നടിയ്ക്ക് അടിയന്തരമായി കരൾ വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ജീവൻ രക്ഷിക്കാനുള്ള നടപടിയായി അടിയന്തിരമായി കരൾ മാറ്റിവയ്‌ക്കൽ ആവശ്യമാണ്. രക്തഗ്രൂപ്പ് O +ve ആണ്. O + ve ഉള്ള ആരോഗ്യമുള്ള ഏതൊരു മുതിർന്ന വ്യക്തിക്കും കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാം. ദാതാവ് 20 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം എന്നായിരുന്നു ശ്രീകുട്ടി പറഞ്ഞത്.

മാത്രമല്ല പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും അല്ലാത്തപക്ഷം മറ്റു രോഗങ്ങളില്ലാത്തവരുമായിരിക്കണം. വിപുലമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂർണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയൂ. വാണിജ്യേതരവും പരോപകാരവുമായ ആവശ്യങ്ങൾക്കായി ഡൊണേറ്റ് ചെയ്യാൻ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂവെന്നും ശ്രീകുട്ടി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ഈ കുറിപ്പ് സിനിമാ മേഖലയിൽ നിന്ന് ഉൾപ്പെടെയുള്ള നിരവധി പേർ പങ്കിട്ടിരുന്നു. അതിന് പിന്നാലെ കരൾ നൽകാൻ തയ്യാറാണെന്ന് അറിയിച്ച് സോബി എത്തിയത്. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ശസ്ത്രക്രിയക്ക് വേണ്ടി കരൾ നൽകുവാൻ തയ്യാറാണെന്ന് ജോബി പറഞ്ഞു. ജീവിതത്തിൽ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ല.
യാതൊരു ലഹരിയും ഇന്നു വരെ ഉപയോഗിച്ചിട്ടില്ല, സോബി വ്യക്തമാക്കി.

മാത്രമല്ല യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും തനിക്ക് ഇല്ലെന്ന് സോബി പറയുന്നു. ആരോഗ്യവാനാണെങ്കില്‍ 65 വയസുവരെ പ്രശ്‌നമില്ലെന്നാണ് ഡോക്‌ടര്‍ മറുപടി നല്‍കിയത്. ശ്രീക്കുട്ടിയുടെ കുറിപ്പ് കണ്ടിട്ട് അമ്മ ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകളെയും ലളിത ചികിത്സയിലുള്ള ആശുപത്രിയെയും സമ്മതം അറിയിച്ചിട്ടുണ്ടെന്നും സോബി വ്യക്തമാക്കിയതായി മംഗളം റിപ്പോർട്ട് ചെയ്തു.

ഏതെങ്കിലും കലാകാരന് വൃക്കയോ കരളോ ആവശ്യമായി വന്നാല്‍ നല്‍കാന്‍ തയാറാണെന്ന് കോവിഡ് ആരംഭത്തിന് മുമ്പ് കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേലിനെ അറിയിച്ചതാണ്. പള്ളിയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോഴായിരുന്നു അച്ഛനോട് സമ്മതം അറിയിച്ചത്.

അടുത്തിടെ നൃത്തനാടക അസോസിയേഷന്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ സമരത്തിന്റെ പന്തലില്‍ പ്രസംഗിച്ചപ്പോള്‍ അക്കാഡമി ചെയര്‍പഴ്‌സണ്‍ എന്ന നിലയില്‍ കലാകാരന്മാര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാത്തതിന്റെ പേരില്‍ കെ.പി.എ.സി ലളിതയെ വിമര്‍ശിച്ചിരുന്നു. പിന്നീടാണ് ചേച്ചിക്ക് സുഖമില്ലെന്ന വിവരം അറിഞ്ഞത്. കരള്‍മാറ്റ ശസ്‌ത്രക്രിയയ്‌ക്കോ പിന്നീടോ ഒരു പ്രതിഫലവും കൈപ്പറ്റില്ലെന്നും സോബി വ്യക്തമാക്കി.

ഇനി നടിയുടെ കുടുംബമാണ് ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടതെന്നും സോബി പറഞ്ഞു. അതേസമയം കെ പി എ സി ലളിതയുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുത്തതിൽ ഒരു കോണിൽ വിമർശനം തുടരുന്നതിന് സർക്കാർ നടപടിയെ അനുകൂലിച്ച് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എം എൽ എ രംഗത്തെത്തി. കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമർപ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്. രാഷ്ട്രീയ കാര്യങ്ങളിൽ അവർക്ക് നിലപാടുകൾ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്.

നടന നാടക സിനിമാ ലോകത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരും എന്നായിരുന്നു തോമസ് ഫേസ്ബുക്കിൽ കുറിച്ചത്.












Click it and Unblock the Notifications