നടി ശിവാനി ഭായ് എയറിൽ, 'വേറെ ആരേയും കിട്ടിയില്ലേ'; വലിച്ച് കീറി ഒട്ടിച്ച് ഭാഗ്യലക്ഷ്മിയും ശ്രീജിത്തും
ലഹരി ഉപയോഗിച്ചതിന് നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസ് എടുത്തിരിക്കുകയാണ് പോലീസ്. എൻഡിപിഎസ് ആക്ടിലെ വകുപ്പ് 27,29 അനുസരിച്ചാണ് നടപടി. സിനിമയിൽ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന പരാതികൾക്കിടയിലാണ് ആദ്യമായി ഒരു നടൻ അറസ്റ്റിലാകുന്നത്. കുറ്റകൃത്യം നടത്താൻ ഗൂഢാലോചന നടത്തി എന്നതുൾപ്പെടെയുള്ള വകുപ്പുകളാണ് ഷൈൻ ടോം ചാക്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറുമാസം തടവോ 25,000 രൂപ പിഴയോ അതല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് കുറ്റം തെളിഞ്ഞാലുള്ള ശിക്ഷ.
കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് താരത്തെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് സ്റ്റേഷൻ ജാമ്യം അനുവദിക്കുകയും ചെയ്തത്. അതേസമയം ഷൈനിനെ കൂടാതെ സിനിമയിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന പരാതി നേരിടുന്ന നടനാണ് ശ്രീനാഥ് ഭാസി. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി അടുത്തിടെ ശ്രീനാഖ് ഭാസിക്കെതിരെ മൊഴി നൽകിയിരുന്നു. നടന് താൻ കഞ്ചാവ് കൊടുക്കാറുണ്ടെന്നാണ് പ്രതിയായ തസ്ലീമ വെളിപ്പെടുത്തിയത്. ഇതോടെ ശ്രീനാഥ് ഭാസിയും സംശയത്തിന്റെ നിഴലിൽ ആയിരിക്കുകയാണ്.

അതിനിടെ ഷൈനിനൊപ്പം ശ്രീനാഥ് ഭാസിയുടെ പേര് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് പറയുന്ന നടി ശിവാനി ഭായിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ന്യൂസ് 18 മലയാളം ചാനലിൽ നടന്ന ചർച്ചയിലാണ് ശിവാനിയുടെ പ്രതികരണം. എന്നാൽ നടിയുടെ വാക്കുകളോട് പരിഹാസത്തോടെയാണ് മറ്റ് പാനലിസ്റ്റുകൾ പ്രതികരിച്ചത്. നടി പറഞ്ഞത് ഇങ്ങനെ
'ലഹരി എന്ന് പറയുന്നത് ഈ ഡ്രഗ്സ് മാത്രം അല്ലല്ലോ, ഡ്രഗ്സ് യൂസ് ചെയ്തത് കൊണ്ടാണ് ഷൈൻ ടോം ചാക്കോ വിൻഷി അലോഷ്യസിനെ കമന്റടിച്ചത് എന്നാണല്ലോ എല്ലാവരും പറയുന്നത്. കഞ്ചാവിൽ നിന്ന് മാത്രമല്ലല്ലോ, മദ്യപിക്കുമ്പോൾ ഈ ലഹരി ഉണ്ടാകില്ലേ? മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്ന പല സാഹചര്യങ്ങളും ഇല്ലേ? പിന്നെ മറ്റൊരു കാര്യം ചർച്ചയിൽ അനാവശ്യമായി ശ്രീനാഥ് ഭാസിയുടെ പേര് വലിച്ചിഴച്ചു, എന്താവശ്യത്തിനായിരുന്നു, കുറ്റം തെളിയിക്കുന്നത് വരെ അയാൾ കുറ്റാരോപിതൻ മാത്രമാണ്', എന്നാണ് ശിവാനി പറഞ്ഞത്. ഇതോടെ ചർച്ചയുടെ അവതാരകനും പാനലിസ്റ്റുകളും ഇടപെട്ടു.
ശ്രീനാഥ് ഭാസിയുടെ പേര് ഞങ്ങളാരും വലിച്ചിഴച്ചതല്ല അത് വാർത്തയാണ് എന്ന് എല്ലാവരും ചൂണ്ടിക്കാട്ടി. എന്നാൽ തന്റെ വാദത്തിൽ നിന്നും ശിവാനി പിന്നോട്ട് പോയില്ല, വിധി വരുന്നത് വരെ അയാൾ കുറ്റക്കാരനല്ലെന്ന് ശിവാനി ആവർത്തിച്ചു. എന്നാൽ കോടതിയുടെ വിധി വരും വരെ എല്ലാ കേസിലും കാത്ത് നിൽക്കേണ്ടി വരുമല്ലോയെന്ന് ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടി ചോദിച്ചു.
'പ്രാഥമിക അന്വേഷണ റിപ്പോർട്ട് എന്ന് പറയുന്നത് തന്നെ ഒരടിസ്ഥാനത്തിൽ വിധിയാണ്. പരാതി വരുമ്പോൾ അതിന്റെ അടിസ്ഥാനത്തിൽ അല്ലേ ചർച്ച നടക്കുക. ആ കേസിന്റെ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം വാദവും നടന്ന് അതിനുശേഷം കോടതി പറയുന്നതാണ് വിധി. വിധി വരട്ടെ എന്ന് പറഞ്ഞ് കാത്തുനിൽക്കുകയാണോ വേണ്ടത്', ഖാദർ ചോദിച്ചു. വിധി വരാൻ കാത്ത് നിന്നാൽ ഒരു കേസ് പോലും ഇവിടെ ചർച്ച ചെയ്യാൻ സാധിക്കില്ലല്ലോയെന്ന് സാമൂഹ്യ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരും പറഞ്ഞു.
'ശിവാനിക്ക് ഞാൻ ശ്രീനാഥ് ഭാസിയുടെ പേര് പറഞ്ഞതാണ് പ്രശ്നമെങ്കിൽ ഒരിക്കൽ കൂടി പറയുന്നു, ശ്രീനാഥ് ഭാസി അടക്കമുള്ളവരുടെ പേരുകൾ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളിൽ വന്നിട്ടുണ്ട്, ആ പേരുകൾ ഇവിടെ ചർച്ച ചെയ്യണമെന്ന് ആവർത്തിച്ച് ആവർത്തിച്ച് പറയും, ആരെയാണ് പേടിക്കേണ്ടത്', ഖാദർ ചോദിച്ചു. ശിവാനിയുടെ വാക്കുകൾ ന്യായീകരിക്കുന്നതിന് തുല്യമാണെന്നും ഖാദർ വിമർശിച്ചു.
ഇതിനിടെ ഷൈൻ ടോമിന്റെ പേരെന്തിനാണ് നമ്മൾ ഇപ്പോൾ ചർച്ച ചെയ്യുന്നതെന്ന് ശ്രീജിത്ത് പണിക്കർ ചോദിച്ചു. ഇതോടെ അയാളുടെ പേരിലാണ് പരാതി വന്നിരിക്കുന്നത് അതാണ് ചർച്ച നടക്കുന്നതെന്നായി ശിവാനി. അതുപോലെ തന്നെ ആലപ്പുഴ ഹൈബ്രിഡ് കേസിലെ പ്രതിയായ തസ്ലീമയുടെ മൊഴിയിൽ ശ്രീനാഥ് ഭാസിക്ക് ലഹരി കൊടുത്തുവെന്നാണ് പറയുന്നുണ്ടെന്നും അതൊരു കേസാണെന്നും ശ്രീജിത്ത് പണിക്കർ ഓർമ്മിപ്പിച്ചു. കേസ് വരുമെന്ന് ആയപ്പോൾ കോടതിയിൽ മുൻകൂർ ജാമ്യം ശ്രീനാഥ് ഭാസി കൊടുത്തെന്നും അത് മാധ്യമങ്ങളിൽ വാർത്തയായതോടെ നടൻ പിൻവലിച്ചുവെന്ന് അവതാരകനും ചൂണ്ടിക്കാട്ടി. ഇതൊക്കെ ചർച്ച ചെയ്യണം, അല്ലാതെ അറസ്റ്റ് ചെയ്തില്ലെന്ന് പറഞ്ഞ് തള്ളിക്കളയാൻ സാധിക്കില്ലെന്നും അവതാരകൻ പറഞ്ഞു.
ഉത്തരംമുട്ടിയ നടി പരാതിയുമായി ആളുകൾ മുന്നോട്ട് വരട്ടെന്നും ഈ കേസ് തന്നെ എത്ര വരെ പോകാമെന്ന് കാണാമെന്നും പറഞ്ഞു. അതേസമയം പരിഹാസത്തോടെയാണ് പാനലിസ്റ്റുകളായ ശ്രീജിത്ത് പണിക്കരും ഖാദർ കരിപ്പൊടിയും നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ഇതിനോട് പ്രതികരിച്ച്. ശ്രീനാഥ് ഭാസിയുടെ പേര് പറഞ്ഞതിന് ശിവാനി എന്തിനാണ് അസ്വസ്ഥയാകുന്നതെന്ന് ഖാദർ ചോദിച്ചു.
'ഒരു പ്രശ്നം വരുമ്പോൾ അവരുടെ പേരുകൾ പോലീസിന്റെ ഭാഗത്ത് നിന്ന് പുറത്തേക്ക് വരുമ്പോൾ ആ പേരുകൾ വെച്ച് കൊണ്ട് ചർച്ച ചെയ്യും. ആ വ്യക്തി നിരപരാദി ആണോ അല്ലയോ എന്ന് തെളിയിക്കേണ്ടത് പോലീസിന്റേയും അഭിഭാഷകരുടേയും ഉത്തരവാദിത്തമാണ്. അത് പറയുന്നത് വരെ അവർ കുറ്റവാളി അല്ല എന്നല്ല അതിനർത്ഥം. കുറ്റം ചെയ്തെന്ന സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരാണ്. അപ്പോൾ സ്വാഭാവികമായും ചർച്ച ചെയ്യപ്പെടും. പിന്നെ കോടതിയുടെ മുന്നിൽ എത്തിയ കേസിൽ നിന്നും കോടതി പ്രതിയെ വെറുതെ വിട്ടാൽ തെളിവിന്റെ അഭാവം മൂലം എന്നാണ് കോടതി പറയുക, അല്ലാതെ ഒരു ബലാത്സംഗക്കേസിലോ മയക്കുമരുന്ന് കേസിലോ മോഷണക്കേസിലോ പ്രതിയായ ഒരാൾ നിഷ്കളങ്കനായതിനാലാണ് വെറുതെ വിടുന്നതെന്ന് കോടതി പറയില്ല. തെളിവുകൾ ഇല്ലെന്നതിനാൽ ഒരാൾ കുറ്റക്കാരൻ അല്ലാതാകുന്നില്ല', ഭാഗ്യലക്ഷ്മി പറഞ്ഞു. ശിവാനി എന്തുകൊണ്ടാണ് ഇപ്പോൾ ഇത്തരത്തിൽ ന്യായീകരിച്ച് പ്രതികരിക്കുന്നെന്ന് മനസിലാകുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം പരാതി കൊടുക്കുന്നുണ്ടെങ്കിൽ ആറ് മാസം കഴിഞ്ഞല്ല പരാതി കൊടുക്കേണ്ടതെന്നായി ശിവാനി. അപ്പോൾ തന്നെ കേസ് കൊടുക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. അങ്ങനെയെങ്കിൽ ശിവാനിക്ക് വ്യക്തിപരമായൊരു പ്രശ്നം വന്നപ്പോൾ വർഷങ്ങൾ കഴിഞ്ഞല്ലേ പരാതിപ്പെട്ടതെന്ന് അവതാരകൻ ഓർമ്മിപ്പിച്ചു.
'ശ്രീനാഥ് ഭാസി കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് നമ്മുക്ക് അറിയില്ല. എന്നാൽ ഒരു പ്രൊഡ്യൂസർ വെളിപ്പെടുത്തിയത് വെളുപ്പിന് മൂന്ന് മണിക്ക് വിളിച്ച് ശ്രീനാഥ് ഭാസി കഞ്ചാവ് ചോദിച്ചുവെന്നാണ്. മറ്റൊന്ന് ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ 3 കിലോ കഞ്ചാവുമായി പിടിയിലായ സ്ത്രീയാണ് പറഞ്ഞത് ഈ രണ്ട് നടൻമാർക്കും കഞ്ചാവ് നൽകിയിട്ടുണ്ടെന്ന്. ഇതൊക്കെ വാർത്തയാകും. സ്വാഭാവികമായും ചർച്ചയാകുകയും ചെയ്യും', ശ്രീജിത്ത് പണിക്കർ പറഞ്ഞു. ഇതിനൊന്നും ശിവാനിക്ക് ഉത്തരമുണ്ടായിരുന്നില്ല. അതേസമയം വീഡിയോക്ക് താഴെ ശിവാനിയെ പരിഹസിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ശ്രീനാഥ് ഭാസിയെ പറഞ്ഞപ്പോൾ ശിവാനിക്ക് എന്താണ് ഇത്ര പ്രശ്നം എന്നാണ് ചിലരുടെ ചോദ്യം.
'നമ്മൾ പറയാറില്ലേ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന് അത്രയേ ഉള്ളൂ, ഇതൊക്കെ എങ്ങനെ പൊതുപ്രവർത്തക ആകും, വിവരമുള്ള ആരേയും കിട്ടിയില്ലേ ,ശിവാനി എന്ത് പൊതുപ്രവർത്തക, പൊതുവായ ഒരു പ്രശ്നം, അതിനെപ്പറ്റി നേരാം വണ്ണം സംസാരിക്കാൻ പോലും അറിയാത്ത എന്തു പൊതുപ്രവർത്തകയാണ്', ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications