എല്‍ഡിഎഫ് അധികാരത്തിലിരുന്നത് ഒമ്പത് മാസം മാത്രം: തിരുവല്ല നഗരസഭ തിരിച്ച് പിടിച്ച് യുഡിഎഫ്

പത്തനംതിട്ട: ഒമ്പത് മാസത്തിന് ശേഷം തിരുവല്ല നഗരസഭ ഭരണം തിരിച്ച് പിടിച്ച് യു ഡി എഫ്. ഇന്ന് രാവിലെ നടന്ന ചെയർപേഴ്സണ്‍ വോട്ടെടുപ്പില്‍ യു ഡി എഫിലെ അനു ജോർജ് 15-ന് എതിരെ 17 വോട്ടുകൾക്ക് വിജയിച്ചു. 39 കൗൺസിലിൽ 32 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 17 പേർ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. കേരള കോണ്‍ഗ്രസിലെ ലിന്റ ജേക്കബ് വഞ്ചിപ്പാലത്തായിരുന്ന ഇടത് സ്ഥാനാർത്ഥി.
ബി ജെ പിയിലെ ആറ് അംഗങ്ങളും എസ് ഡി പി ഐയുടെ ഏക അംഗവും വോട്ടിങ്ങിൽ നിന്നും വിട്ടുനിന്നു. നേരത്തെ എല്‍ ഡി എഫ് പിന്തുണയോടെ വിജയിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ അംഗമായിരുന്ന ശാന്തമ്മ വർഗീസ് രാജിവച്ച സാഹചര്യത്തിലാണ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടന്നത്. രാജിവെച്ച ശാന്തമ്മയും യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തു വോട്ടെടുപ്പിന് പിന്നാലെ ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കൗൺസിൽ ഹാളിൽ എത്തി അനു ജോർജിനെ അഭിനന്ദിച്ചു.
ശാന്തമ്മ ജോസഫ് കൂറുമാറിയെത്തിയതോടെ ചരിത്രത്തിലാദ്യമായി തിരുവല്ല നഗരസഭയില്‍ എല്‍ ഡി എഫിന് ഭരണം പിടിക്കാന്‍ സാധിച്ചിരുന്നു. യു ഡി എഫ് -16 എൽ ഡി എഫ് -14 എൻ ഡി എ -7 എസ് ഡി പി ഐ -1 സ്വതന്ത്രൻ -1 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. സ്വതന്ത്രനും ഇടതുപക്ഷത്ത് നിലയുറപ്പിച്ചതോടെ 15 പേരായിരുന്നു ഇടത് പാളയത്തിലുണ്ടായിരുന്നത്. ശാന്തമ്മ വർഗീസ് കൂടിയെത്തിയപ്പോള്‍ ഇടതുപക്ഷത്തിന് 16 പേരുടെ പിന്തുണ ലഭിച്ചു. തുടർന്ന് നടന്ന വോട്ടെടുപ്പില്‍ ഇടതിന് അധികാരം ലഭിക്കുകയായിരുന്നു. ഈ ഭരണമാണ് യുഡിഎഫ് ഇപ്പോള്‍ തിരിച്ച് പിടിച്ചത്.












Click it and Unblock the Notifications