വിരമിച്ച ശേഷവും ലോക്‌നാഥ് ബെഹ്‌റ അധികം വാങ്ങുന്നത് ഒന്നര ലക്ഷത്തോളം രൂപയെന്ന് റിപ്പോര്‍ട്ട്
കൊച്ചി: മുന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ വിരമിച്ച ശേഷവും ഒന്നരലക്ഷത്തില്‍ അധികം രൂപ ശമ്പളമായി വാങ്ങുന്നതായി റിപ്പോര്‍ട്ട്. മാതൃഭൂമി ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡി ജി പി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ലോക്‌നാഥ് ബെഹ്‌റയുടെ കൊച്ചി മെട്രോ എം ഡിയായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരുന്നു. 2021 ല്‍ മൂന്ന് വര്‍ഷത്തേക്കാണ് ലോക്‌നാഥ് ബെഹ്‌റയെ കെ എം ആര്‍ എല്‍ എം ഡിയായി നിയമിച്ചത്.
പെന്‍ഷനായി 1,12,500 രൂപ മാത്രം ലഭിക്കേണ്ടിയിരുന്നിടത്താണ് പുനര്‍നിയമനത്തിലൂടെ 2,25,000 വും ഡി എയും ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെ എം ആര്‍ എല്‍ 488 ജീവനക്കാരുടേയും ശമ്പളം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും എം ഡി ലോക്‌നാഥ് ബെഹ്‌റയുടെ ശമ്പളം ഇതില്‍ കൊടുത്തിട്ടില്ല എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലോക്‌നാഥ് ബെഹ്‌റയുടെ പുനര്‍നിയമനം നേരത്തേയും വിവാദമായിരുന്നു. പ്രതിപക്ഷം അടക്കം ബെഹ്‌റയെ കെ എം ആര്‍ എല്‍ എം ഡി സ്ഥാനത്തേക്ക് നിയമിക്കുന്നതിനെ എതിര്‍ത്തിരുന്നു. ബെഹ്‌റ ഡി ജി പിയായിരുന്നപ്പോഴും പ്രതിപക്ഷം അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. നേരത്തെ കെ എം ആര്‍ എല്‍ എം ഡിയായ ലോക്‌നാഥ് ബെഹ്‌റ അഞ്ച് ലക്ഷത്തോളം രൂപ ശമ്പളവും പെന്‍ഷനുമായി കൈപ്പറ്റുന്നുണ്ടെന്ന് പ്രചരണമുണ്ടായിരുന്നു.
ഇത് പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. വിരമിച്ച ഉദ്യോഗസ്ഥരുടെ പരിചയ സമ്പത്ത് ഉപയോഗപ്പെടുത്താനായി ഉചിതമായ മേഖലകളിലേക്ക് പുനര്‍ നിയമനം നടത്താന്‍ ചട്ടമുണ്ട്. വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കുമ്പോള്‍ അവര്‍ക്ക് വേതനം നല്‍കുന്നത് പ്രത്യേക മാനദണ്ഡപ്രകാരമാണ്. വിരമിക്കുന്ന സമയത്ത് ലഭിച്ച ശമ്പളത്തില്‍ നിന്ന് പെന്‍ഷന്‍ തുക കുറയ്ക്കുമ്പോള്‍ കിട്ടുന്നതായിരിക്കും അവരുടെ പുനര്‍നിയമനത്തിലെ വേതനം.
ഡി ജി പി സ്ഥാനത്ത് നിന്ന് ബെഹ്റ വിരമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശമ്പളം 2,25000 രൂപയായിരുന്നു. 1,12500 അടിസ്ഥാന പെന്‍ഷന്‍. ഇത് പ്രകാരം ശമ്പളത്തില്‍ നിന്ന് പെന്‍ഷന്‍ തുക കിഴിച്ചുള്ള 1,12500 രൂപയാണ് കെ എം ആര്‍ എല്‍ ബെഹ്റയ്ക്ക് നല്‍കുന്ന അടിസ്ഥാന ശമ്പളം. ഇതിനൊപ്പം അലവന്‍സുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ ഡി ജി പി ആയിരുന്നപ്പോള്‍ അദ്ദേഹം വാങ്ങിയ സമാന തുകയിലേക്കെത്തും.












Click it and Unblock the Notifications