'മീഡിയ എത്തിക്‌സിന് നിരക്കാത്ത പ്രവർത്തനം', ഏഷ്യാനെറ്റ് ന്യൂസിനെതിരെ മഹിളാ അസോസിയേഷൻ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പതിനാല് വയസ്സ് മാത്രം വരുന്ന പെൺകുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് നിർമിച്ച വ്യാജ വീഡിയോ ക്രിമിനൽ കുറ്റമാണെന്ന് ആരോപിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. മീഡിയ എത്തിക്‌സിന് നിരക്കാത്ത പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ഏഷ്യാനെറ്റ് എന്ന മാധ്യമ സ്ഥാപനം എന്നും മഹിളാ അസോസിയഷൻ പ്രസ്താവനയിൽ ആരോപിച്ചു. 'അതിന്റെ ഏറ്റവും ഒടുവിലത്തെതും നികൃഷ്ടവുമായ സംഭവമാണ് "നാർക്കോട്ടിക് ഈസ് ഡെർട്ടി ബിസിനസ്" റോവിങ്ങ് റിപ്പോർട്ടർ എന്ന പരമ്പരയിലെ പതിനാല് വയസുളള ഒരു വിദ്യാർത്ഥിനിയുടെ വ്യാജ അഭിമുഖം'.
'അഭിമുഖത്തിൽ തന്നെ ചിലർ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചിട്ടുണ്ടെന്നും കണ്ണൂരിലെ പത്തോളം വിദ്യാർത്ഥിനികൾ ഇത്തരത്തിൽ പീഢനത്തിനിരയായിട്ടുണ്ടെന്നും വിദ്യാർത്ഥി വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ പ്രസ്തുത അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്നും അതിലുപയോഗിച്ചിരിക്കുന്ന ശബ്ദം ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു റിപ്പോർട്ടർ മാസങ്ങൾക്ക് മുമ്പ് നടത്തിയ അഭിമുഖത്തിലേത് ആണെന്നും ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.
ഇത്തരത്തിൽ അതീവ ഗൗരവമുള്ള സംഭവങ്ങളെ ഉപയോഗിച്ച് കേവലം സ്വാർത്ഥ ലാഭത്തിനു വേണ്ടി വ്യാജ വീഡിയോകൾ നിർമിക്കാൻ തയ്യാറാകുന്ന തലത്തിലേക്ക് ഏഷ്യാനെറ്റ് അധഃപതിച്ചിരിക്കുകയാണ്. ഈ സംഭവത്തിന്റെ ഗൗരവം മനസിലാക്കി ഏഷ്യാനെറ്റിനെതിരെയും ഇതിൽ ഉൾപ്പെട്ടിട്ടുള്ള മാധ്യമ പ്രവർത്തകർക്കെതിരെയും കൃത്യമായി അന്വേഷണം നടത്തുകയും കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും വേണം എന്ന് മഹിളാ അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പുരോഗമന കലാസാഹിത്യസംഘവും ചാനലിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. പ്രസ്താവന ഇങ്ങനെ: ' പ്രായപൂർത്തിയാകാത്ത ഒരു പെൺകുഞ്ഞിനെ ദുരുപയോഗം ചെയ്ത് വ്യാജവാർത്തയുണ്ടാക്കിയ ഏഷ്യാനെറ്റ് ന്യൂസിൻ്റെ അധമ പ്രവർത്തനത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇതിനെ മാധ്യമപ്രവർത്തനമായി കാണാൻ കഴിയില്ല. ചാനലിനും ലേഖകനുമെതിരെ കർശനമായ പോലീസ് നടപടിയുണ്ടാകണം.
രാജ്യം ഭരിക്കുന്ന സംഘപരിവാർ ഭീകരഭരണകൂടത്തിൻ്റെ വേട്ടനായയായി മാറിയ വാർത്താചാനലാണ് ഏഷ്യാനെറ്റ്. നരേന്ദ്രമോദിയെ എതിർക്കുന്ന ജനങ്ങളേയും പ്രസ്ഥാനങ്ങളേയും കടിച്ചുകീറുന്ന ദൗത്യമാണ് അവർ ഈയിടെയായി നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണവർഗ്ഗത്തിൻ്റെ അടിമയായി മാറിയാൽ ഒരു മാധ്യമം എത്രകണ്ട് ജീർണ്ണമാവും എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമായി ഏഷ്യാനെറ്റ് മാറിയിരിക്കുന്നു. എന്തു നുണയും നെറികേടും പ്രചരിപ്പിക്കാൻ മടിയില്ലാത്ത ഈ ചാനൽ കേരളത്തിനും മലയാളഭാഷക്കും അതിൻ്റെ ജനാധിപത്യ സംസ്കാരത്തിനും അപമാനമാണെന്ന് സംഘം കരുതുന്നു. നീചനീക്കങ്ങളിലൂടെ മാധ്യമ പ്രവർത്തനത്തെ അപമാനിക്കുന്ന ചാനലിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ സാംസ്കാരിക പ്രവർത്തകരും മറ്റു ജനാധിപത്യവിശ്വാസികളും തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുന്നു'.












Click it and Unblock the Notifications