ജി-23 നേതാക്കള്‍ എന്‍സിപിയിലേക്കോ? പാവറുമായി കൂടിക്കാഴ്ച നടത്തിയെന്ന് എകെ ശശീന്ദ്രന്‍
ദില്ലി: പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയ ജി-23 (23 നേതാക്കളുടെ സംഘം) പലപ്പോഴായി കോണ്‍ഗ്രസിന് മുന്നില്‍ സൃഷ്ടിച്ച പ്രതിസന്ധി ചില്ലറയായിരുന്നില്ല. കോണ്‍ഗ്രസ് ലേബലില്‍ അല്ലാതെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് ചേര്‍ക്കുന്ന നടപടിയൊക്കെ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ജി-23 ലെ നേതാക്കള്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തുന്നതും പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്ന തരത്തിലുള്ള ചില വെളിപ്പെടുത്തലുകാണ് കേരളത്തില്‍ നിന്നുള്ള പ്രമുഖ എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍ നടത്തുന്നത്.

ദേശീയ തലത്തിലെ ഈ നീക്കങ്ങള്‍ കേരള രാഷ്ട്രീയത്തിലും ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കും. പവാറിന്റെ നേതൃത്വത്തില്‍ ബിജെപിക്കെതിരായി പുതിയ സഖ്യം ഉയര്‍ന്ന് വരുന്നതിന് ഇടതുമുന്നണി നേതാക്കള്‍ക്കും താല്‍പര്യമുണ്ട്. ഇക്കാര്യങ്ങള്‍ ദേശീയ തലത്തില്‍ എന്‍സിപിയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ഈ ഒരു സാഹചര്യം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും നേതാക്കളും പ്രവര്‍ത്തകരും കൊഴിഞ്ഞു പോവുന്നു. കേരളത്തിലും ഇത് ശക്തമാണ്. ഇനിയും അവസാനിക്കാത്ത ആഭ്യന്തര പ്രശ്നങ്ങളില്‍ അസംതൃപ്തരായ ഒട്ടനവധി നേതാക്കള്‍ ഇപ്പോഴും കോണ്‍ഗ്രസിലുണ്ട്. പലരും ഇതിനോടകം തന്നെ അവരില്‍ പലരും എന്‍സിപിയില്‍ ചേര്‍ന്നു കഴിഞ്ഞു. തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമായി അവര്‍ എന്‍സിപിയെ കാണുന്നു.
പ്രിയപ്പെട്ടവരോടൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍: പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശ്രുതി ലക്ഷ്മി

നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയുമായി ബന്ധപ്പെടുന്നത്. കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാനം ഉടന്‍ തന്നെ ഉണ്ടാവും. കോണ്‍ഗ്രസിലെ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രക്ഷുബ്ധമാകും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടേയുള്ളവര്‍ നിലവിലെ നേതൃത്വത്തിന്റെ ഇടപെടലുകളില്‍ വലിയ അസംതൃപ്തനാണ്.

കേരളത്തിലെ കോൺഗ്രസിന്റെ വിധി നിർണയിക്കുന്നതിനാൽ വരാനിരിക്കുന്ന കെപിസിസി പുനഃസംഘടന വളരെ നിർണായകമാണ്."ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സംഘർഷം ഒരുവിധം കോൺഗ്രസ് നേതൃത്വം പരിഹരിച്ചു. വരാനിരിക്കുന്ന കെപിസിസി തിരഞ്ഞെടുപ്പ് വളരെ നിർണായകമാണ്, അത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ വിധി നിർണയിക്കും. ജംബോ കമ്മിറ്റികളെ ഒഴിവാക്കാനുള്ള തീരുമാനവുമായി കോൺഗ്രസ് മുന്നോട്ടുപോയാൽ, പാര്‍ട്ടിയിലെ പ്രവർത്തകരിൽ പലരും നിരാശരാകുകയും അവരുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് അവർ തീർച്ചയായും പുനർവിചിന്തനം ചെയ്യുകയും ചെയ്യും, "-ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

പിസി ചാക്കോയെപ്പോലുള്ള ഒരു ദേശീയ വ്യക്തിയുടെ വരവ് എൻസിപിയെ കൂടുതൽ സ്വീകാര്യമാക്കി. കോൺഗ്രസ് വിട്ട് എന്‍സിപിയിലേക്ക് വരാനൊരുങ്ങുന്ന നേതാക്കളെ അവർക്ക് അർഹമായ സ്ഥാനങ്ങള്‍ നൽകി ഉൾക്കൊള്ളുന്നതിനുള്ള നടപടികളാണ് ഞങ്ങൾ ഇപ്പോൾ ആവിഷ്കരിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളാൻ എൻസിപിക്ക് വിശാലമായ ഇടമുണ്ട്. അതോടൊപ്പം തന്നെ വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ വേദനിപ്പിക്കുന്നത് എൻസിപിയുടെ നയമല്ലെന്നും അദ്ദേഹം പ്രത്യേകം എടുത്ത് പറയുന്നു.

കോൺഗ്രസ് പാർട്ടിക്ക് ദേശീയ പ്രതിച്ഛായയുണ്ട്. തങ്ങളൊരു പ്രാദേശിക പാർട്ടിയല്ലെന്ന് അവര്‍ ഓര്‍ക്കണം. എല്ലാ രാഷ്ട്രീയ നിരീക്ഷകരും രാഷ്ട്രീയക്കാരും കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങൾ ഒരു ദേശീയ അടിസ്ഥാനത്തിലാണ് കാണുന്നത്. എന്നാല്‍ പാർട്ടിയെ നയിക്കാൻ ഒരു പ്രസിഡന്റിനെ കണ്ടെത്താൻ പോലും അതിന് കഴിഞ്ഞില്ല. ഒരു ദേശീയ പാർട്ടിക്ക് എല്ലാവർക്കും അംഗീകരിക്കാവുന്ന ഒരു നേതൃത്വം ഉണ്ടായിരിക്കണ്ടേത് അത്യാവശ്യമാണെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications