ആകാശ എയര്‍ സര്‍വീസ് തുടങ്ങുന്നു; കൊച്ചിയില്‍ നിന്ന് കുറഞ്ഞ നിരക്ക്... അറിയാം വിശദാംശങ്ങള്‍
കൊച്ചി: പ്രമുഖ വ്യവസായി രാകേഷ് ജുന്‍ജുന്‍വാലയുടെ ആകാശ എയര്‍ വിമാന കമ്പനി സര്‍വീസ് ആരംഭിക്കുന്നു. ആഗസ്റ്റ് ഏഴിനാണ് സര്‍വീസ് തുടങ്ങുന്നത്. ആദ്യം 28 വിമാനങ്ങളാണ് കമ്പനിയുടേതായി കളത്തിലിറങ്ങുന്നത്. കൂടുതല്‍ വിമാനങ്ങള്‍ വൈകാതെ സര്‍വീസ് ആരംഭിക്കും. ആഗസ്റ്റ് ഏഴിന് മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് സര്‍വീസ്. ആഗസ്റ്റ് 13 മുതല്‍ കൊച്ചി-ബെംഗളൂരു റൂട്ടിലും സര്‍വീസ് ആരംഭിക്കും. കുറഞ്ഞ നിരക്കില്‍ എല്ലാവര്‍ക്കും ആകാശ യാത്ര എന്നതാണ് ആകാശ എയറിന്റെ പ്രഖ്യാപനം.

കേരളത്തില്‍ നിലവില്‍ കൊച്ചിയില്‍ നിന്ന് മാത്രമാണ് സര്‍വീസ്. വൈകാതെ മറ്റു നഗരങ്ങളില്‍ നിന്നു കൂടി സര്‍വീസ് ആരംഭിക്കും. ബോയിങ് 737 മാക്‌സ് വിമാനമാണ് ആകാശ എയറിന്റേതായി സര്‍വീസ് നടത്തുക. 28 വിമാനങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുവെന്ന് കമ്പനി അറിയിച്ചു. ബോയിങ് കമ്പനിയില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ നേരത്തെ ഒപ്പുവച്ചിരുന്നു. കൂടുതല്‍ വിമാനങ്ങള്‍ ഈ മാസം അവസാനത്തില്‍ കമ്പനിക്ക് ലഭിക്കും. ഇതോടെ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും.
ഓരോ മാസങ്ങളിലായി സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം എന്ന് ആകാശ എയര്‍ സഹസ്ഥാപകന്‍ പ്രവീണ്‍ അയ്യര്‍ പറഞ്ഞു. വിമാന സര്‍വീസ് ആരംഭിക്കുന്നതിന് വ്യോമയാന മന്ത്രാലയം ജൂലൈ 7ന് അനുമതി നല്‍കിയിരുന്നു. 72 വിമാനങ്ങളാണ് ആകാശ എയര്‍ സര്‍വീസ് നടത്തുക. ഇത്രയും വിമാനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ നവംബറില്‍ കമ്പനി ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.
കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാക്കുകയാണ് കമ്പനിയുടെ വാഗ്ദാനം. കൂടാതെ ഭക്ഷണ നിരക്കും കുറവായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ആകാശ എയര്‍ എത്തുന്നതോടെ വിമാന കമ്പനികള്‍ക്കിടയില്‍ മല്‍സരം കടുക്കും. ഇത് കുറഞ്ഞ നിരക്കില്‍ യാത്രയ്ക്ക് അവസരമൊരുക്കുമെന്നാണ് കരുതന്നത്. മറ്റു ആഭ്യന്തര വിമാന സര്‍വീസുകളേക്കാള്‍ 600 രൂപ വരെ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ നിരക്കില്‍ സര്‍വീസ് എന്ന വാഗ്ദാനവുമായി എത്തിയ പല കമ്പനികളും പിന്നീട് കടുത്ത വെല്ലുവിളികള്‍ നേരിട്ടിരുന്നു.












Click it and Unblock the Notifications