
എകെജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയടക്കം രണ്ട് പേര്‍ കൂടി പ്രതികള്‍
തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റര്‍ ആക്രമിച്ച കേസില്‍ രണ്ട് പേരെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, ആറ്റിപ്രയിലെ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. നവ്യ എന്നിവരെയാണ് കേസില്‍ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിരിക്കുന്നത്.
സുഹൈല്‍ ഷാജഹാനും നവ്യയ്ക്കും എതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും ഒളിവിലാണ് എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. നേരത്തെ എ കെ ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ ആളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജിതിന്‍ ആണ് സ്‌ഫോടക വസ്തു എറിഞ്ഞതിന് അറസ്റ്റിലായത്.

Image Credit: Facebook@Navya T, Suhail Shajahan
ജിതിനെ സഹായിച്ചത് നവ്യയാണ് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ജിതിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഒരു സ്ത്രീയാണ് ഇയാളെ സഹായിച്ചത് എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. ജിതിനെ കൂടാതെ രണ്ട് പേര്‍ക്ക് കൂടി കുറ്റകൃത്യത്തില്‍ പങ്കുള്ളതായും കൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

നവ്യയാണ് സംഭവ ദിവസം ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ എത്തിച്ച് നല്‍കിയത് എന്നാണ് ക്രൈം ബ്രാഞ്ച് വിശദീകരിക്കുന്നത്. കുന്നുകഴി ഭാഗത്തേക്ക് ജിതിന്‍ കാറില്‍ എത്തിയപ്പോള്‍, നവ്യ സ്‌കൂട്ടര്‍ എത്തിച്ച് നല്‍കുകയായിരുന്നു എന്നാണ് പറയുന്നത്. പിന്നീട് കാറില്‍ നവ്യയെ ഇരുത്തിയ ശേഷം ജിതിന്‍ സ്‌കൂട്ടറുമായി പോയി ആക്രണം നടത്തി തിരികെ എത്തി എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
'500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ'; തുറന്ന് പറഞ്ഞ് കെകെ ശൈലജ

എ കെ ജി സെന്റര്‍ ആക്രമണത്തിന് ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടെതാണ് എന്നാണ് പറയുന്നത്. ആക്രമണത്തിന് ശേഷം ഗൗരീശപട്ടത്തെത്തിയ ജിതിന്‍ സ്‌കൂട്ടര്‍ നവ്യയ്ക്കു കൈമാറുരകയായിരുന്നു. പിന്നീട് കഴക്കൂട്ടത്തേക്ക് സ്‌കൂട്ടര്‍ ഓടിച്ചു പോയത് നവ്യയാണ് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ജിതിന്‍ തന്റെ കാറില്‍ കഴക്കൂട്ടത്തേക്ക് പോയി. സ്‌കൂട്ടര്‍ കഴക്കൂട്ടത്ത് നിന്ന് പിന്നീട് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആക്രമണം നടത്താന്‍ ജിതിന് നിര്‍ദേശം നല്‍കിയത് സുഹൈല്‍ ഷാജഹാനാണ് എന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. സുഹൈല്‍ ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനൊപ്പമുള്ള നിരവധി ചിത്രങ്ങളും ഉണ്ട്.

നവ്യയ്ക്കും സുഹൈല്‍ ഷാജഹാനും വേണ്ടി കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇരുവരയേും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അതേസമയം സുഹൈല്‍ ഷാജഹാന്‍ വിദേശത്തേക്ക് കടന്നതായാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 30 ന് രാത്രി 11.25 നാണ് എകെജി സെന്ററിന് നേര്‍ക്ക് സ്‌ഫോടക വസ്തു എറിഞ്ഞത്.