ഹൈബ്രിഡ് കഞ്ചാവ് കേസ്; ഹൈക്കോടതിയിലെ മുൻകൂർ ജാമ്യഹർജി പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി, കാരണം?
കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. ഹർജി പരിഗണിച്ച ഹൈക്കോടതി ഈ മാസം 22 ന് പരിഗണിക്കാൻ മാറ്റിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് നടൻ ഹർജി പിൻവലിച്ചത്. കേസ് അന്വേഷിക്കുന്ന എക്സൈസ് സംഘം നിലവിൽ താരത്തെ പ്രതി ചേർത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിൻവലിച്ചതെന്നാണ് വിവരം.
നടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി എക്‌സൈസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ നടപടി. നേരത്തെ എക്സൈസ് നടപടികൾ കടുപ്പിക്കവേയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

ഏപ്രില്‍ ഒന്നിനാണ് മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താനയും തമിഴ്‌നാട്ടുകാരന്‍ ഫിറോസും എക്സൈസിന്റെ പിടിയിലായത്. തസ്ലിമയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സിനിമ നടന്‍മാരുമായുള്ള ബന്ധം വ്യക്തമായതും എക്‌സൈസ് പരിശോധന തുടങ്ങിയതും. ശ്രീനാഥ് ഭാസിയുമായി നടത്തിയ ചാറ്റും ഇവർക്ക് തെളിവായി ലഭിച്ചിരുന്നു.
ഇതിന് പിന്നാലെ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ചൂണ്ടിക്കാട്ടി ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്സൈസ് നോട്ടീസ് നൽകിയിരുന്നു. ഇതോടെയാണ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്നെന്നാണ് ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതി തസ്ലീമ സുല്‍ത്താനയില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും അറസ്‌റ്റ് ചെയ്‌താല്‍ സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും താരം പറഞ്ഞിരുന്നു.
സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയായിരുന്നു നടന്നത്. യുവതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്യുകയായിരുന്നു. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളാണ് ഇവരുടെ കൈയിൽ നിന്നും പിടികൂടിയത്.
അതിനിടെ അറസ്‌റ്റിലായ തസ്ലിമയെ മുൻ പരിചയമുണ്ടെന്ന് നടൻ ശ്രീനാഥ് ഭാസി നേരത്തെ സ്ഥിരീകരിച്ചിരുന്നു. തസ്ലിമ സുല്‍ത്താന തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ താന്‍ ആരില്‍ നിന്നും കഞ്ചാവ് വാങ്ങുകയോ വില്‍ക്കുകയോ ചെയ്‌തിട്ടില്ലെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ക്രിസ്‌റ്റീന എന്ന പേരിലാണ് തന്നെ വിളിച്ചത്. എന്നാല്‍ തനിക്ക് ഇവരുമായി യാതൊരു ബന്ധവും ഇല്ലെന്നും ശ്രീനാഥ് ഭാസി വ്യക്തമാക്കി.
നേരത്തെ കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്‌തിരുന്നു. കൊച്ചി മരട് പോലീസാണ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്‌തത്. ലഹരിക്കേസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തേടിയത്. നടി പ്രയാഗ മാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിയും കൊച്ചിയിലെ സെവന്‍ സ്‌റ്റാര്‍ ഹോട്ടലില്‍ ഓം പ്രകാശുണ്ടായിരുന്ന മുറിയിലെത്തിയെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.












Click it and Unblock the Notifications