റിജിത്ത് വധം: ആർഎസ്എസ്-ബിജെപി പ്രവർത്തകരായ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ
കണ്ണൂർ: കണ്ണപുരം ചുണ്ടയിലെ ഡി വൈ എഫ് ഐ - സി പി എം പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. ആർ എസ് എസ് - ബി ജെ പി പ്രവർത്തകരായ ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി-3 കഴിഞ്ഞ ദിവസം വധിച്ചിരുന്നു. 2005 ഒക്ടോബര്‍ മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം.ആകെ 10 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ മൂന്നാംപ്രതി അജേഷ് വാഹനാപകടത്തിൽ മരിച്ചു.
ആർ എസ് എസ് - ബി ജെ പി പ്രവർത്തകരും കണ്ണപുരം ചുണ്ട സ്വദേശികളുമായ വയക്കോടൻവീട്ടിൽ സുധാകരൻ(57), കൊത്തില താഴെവീട്ടിൽ ജയേഷ്(41), ചാങ്കുളത്തുപറമ്പിൽ രഞ്ജിത്ത്(44), പുതിയപുരയിൽ അജീന്ദ്രൻ(51), ഇല്ലിക്കവളപ്പിൽ അനിൽകുമാർ(52), പുതിയപുരയിൽ രാജേഷ്(46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത്(47), സഹോദരൻ ശ്രീജിത്ത്(43), തെക്കേവീട്ടിൽ ഭാസ്‌കരൻ(67) എന്നിവർക്കാണ് ജീവപര്യന്തം വിധിച്ചിരിക്കുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം(302), വധശ്രമം(307), അന്യായമായി സംഘംചേരൽ(143), സംഘം ചേർന്ന് ലഹളയുണ്ടാക്കൽ(147), തടഞ്ഞുവയ്‌ക്കൽ(341), ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ(324) വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റം ചെയ്‌തതായി കോടതി കണ്ടെത്തി.
സുഹൃത്തുക്കളായ നികേഷ്, വിമല്‍, വികാസ്, സജീവന്‍ എന്നിവർക്കൊപ്പം രാത്രി വീട്ടിലേക്ക് നടന്നുപോയ റിജിത്തിനെ ആർഎസ്‌എസ്- ബിജെപി പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
തച്ചൻകണ്ടിയാൽ ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു ആക്രമണം. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേർക്കും അക്രമത്തില്‍ പരിക്കേറ്റു. വാക്കത്തി, കഠാര, വടിവാൾ, വലിയ കഠാര, സ്റ്റീൽപൈപ്പ്, ഉറയോടുകൂടിയ വടിവാൾ എന്നിവയാണ് കൊലയ്‌ക്ക് ഉപയോഗിച്ചത്. പ്രദേശത്ത് യാതൊരു വിധത്തിലുള്ള രാഷ്ട്രീയ സംഘർങ്ങളില്ലാത്ത സാഹചര്യത്തിലായിരുന്നു റിജിത്തിന്റെ കൊലപാതകം.
റിജിത്ത് വധക്കേസിൽ വിധി വന്നതിന് പിന്നാലെ ഇപി ജയരാജന്‍ അടക്കമുള്ള സി പി എം നേതാക്കള്‍ കുടുംബത്തെ സന്ദർശിച്ചിരുന്നു. കണ്ണപുരത്തെ വീട്ടിലെത്തിയാണ് ഇപി ജയരാജൻ റിജിത്തിൻ്റെ കുടുംബാംഗങ്ങളെ കണ്ടത്.റിജിത്തിൻ്റെ കൊലപാതകത്തിലൂടെ ഒരു കുടുംബത്തെയാണ് ആർ എസ് എസ് അനാഥമാക്കിയത്.മകൻ്റെ വേർപ്പാടിൽ മനംനൊന്ത് ഉരുകിയുരുകിയാണ് റിജിത്തിൻ്റെ അച്ഛൻ രണ്ട് വർഷം മുൻപ് മരിച്ചത്. റിജിത്തിനും അമ്മയും സഹോദരിയും ഉണ്ട് എന്ന കാര്യം ഓർക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു. അതേസമയം പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് റിജിത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications