'സുരേഷ് ഗോപിയെ പാർലമെന്റിലെത്തിക്കും', അമിത് ഷാ വരുന്നു: കേരളത്തില്‍ 2 മണ്ഡലങ്ങളുടെ ചുമതല
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ അമിത് ഷാ നേരിട്ട് മേല്‍നോട്ടം വഹിക്കും. പാർട്ടി ഏറ്റവും കൂടുതല്‍ വിജയ സാധ്യത കാണുന്ന തിരുവനന്തപുരത്തും തൃശ്ശൂരുമാണ് കേരളത്തിലെ അമിത് ഷായുടെ ചുമതല. ബി ജെ പി ഇതുവരെ ജയിക്കാത്തതും എന്നാല്‍ വിജയ സാധ്യതയുള്ളതുമായ 160 മണ്ഡലങ്ങള്‍ രാജ്യത്ത് ഉണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍.
മേല്‍പ്പറഞ്ഞ 160 മണ്ഡലങ്ങളില്‍ 40 എണ്ണമാണ് അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ളത്. അമിത് ഷായുടെ 40 ല്‍ തൃശ്ശൂരും തിരുവനന്തപുരവുമാണെങ്കില്‍ 160 മണ്ഡലങ്ങളില്‍ കേരളത്തില്‍ നിന്നും നാല് മണ്ഡലങ്ങള്‍ കൂടി ഇടം പിടിച്ചിട്ടുണ്ട്. പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ, പാലക്കാട് എന്നിവയാണ് ആ നാലെണ്ണം. 160 ല്‍ 50 എണ്ണത്തിലും ജയിക്കാനുള്ള പദ്ധതിക്ക് പാർട്ടി വർഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

ഈ മണ്ഡലങ്ങളില്‍ കേന്ദ്ര മന്ത്രിമാർക്കായിരുന്നു ഇതുവരേയുള്ള ചുമതല. തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനായിരുന്നു നൽകിയിരുന്നത്. ഇനി അമിത് ഷാ നിർദേശിക്കുന്ന ദേശീയ ഭാരവാഹികളുടെ സംഘമാകും തൃശൂരിലും തിരുവനന്തപുരത്തും പ്രവർത്തനം ഏകോപിപ്പിക്കുക.
മണ്ഡലത്തിലെ സാധ്യതകള്‍ പഠിക്കുന്നതിനായി ബി ജെ പി ദേശീയ നേതൃത്വം ഇതിനോടകം 2 സർവ്വെ നടത്തി വിവരം ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സ്ഥാനാർത്ഥി ആരാകും എന്നതില്‍ തീരുമാനം ആയിട്ടില്ലെങ്കിലും തൃശ്ശൂരില്‍ അത് സുരേഷ് ഗോപി ആയിരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞു. തൃശ്ശൂരില്‍ ക്രൈസ്തവ സഭകളെ ഉന്നമിട്ടുള്ള പ്രവർത്തനത്തിന് പ്രത്യേക സംഘത്തെ നിശ്ചയിച്ചിട്ടുണ്ട്. എന്ത് വിലകൊടുത്തും രണ്ട് മണ്ഡലത്തിലും വിജയിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം.
പാർട്ടി വോട്ടുകള്‍ക്ക് പുറത്തുള്ള വോട്ടുകളും സമാഹരിക്കാന്‍ കഴിയുന്ന വ്യക്തിയാണ് സുരേഷ് ഗോപി എന്നുള്ളതാണ് പാർട്ടി കാണുന്ന ഗുണം. മണ്ഡലം പിടിക്കാനായി 75000 മുതല്‍ ഒരു ലക്ഷം വരെ വോട്ടുകള്‍ അധികമായി നേടേണ്ടതുണ്ടെന്നും പാർട്ടി കണക്ക് കൂട്ടുന്നു. ക്രിസ്ത്യന്‍ സഭകളുമായി മികച്ച ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ് സുരേഷ് ഗോപി. അതുകൊണ്ട് ആ വിഭാഗത്തില്‍ നിന്നുള്ള വോട്ടും ബി ജെ പി പ്രതീക്ഷിക്കുന്നു.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ബി ജെ പി സ്ഥാനാർത്ഥിയായിരുന്നു സുരേഷ് ഗോപി. മണ്ഡലത്തില്‍ ബി ജെ പിയുടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വർധിപ്പിച്ച് ശ്രദ്ധേയമായ പോരാട്ടം കാഴ്ചവെക്കാനും അദ്ദേഹത്തിന് സാധിച്ചു. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകള്‍ നേടിയ ടിഎന്‍ പ്രതാപന്‍ വിജയിച്ചപ്പോള്‍ 321456 വോട്ടുമായി എല്‍ ഡി എഫിന് വേണ്ടി മത്സരിച്ച സി പി ഐയിലെ രാജാജി മാത്യൂ തോമസ് രണ്ടാമതും എത്തി.












Click it and Unblock the Notifications