ഇഡിയെ എങ്ങനെ നിയമവിരുദ്ധമായി ഉപയോഗിക്കുന്നു എന്നതിന് ഉദാഹരണം; പ്രതികരിച്ച് കെസി വേണുഗോപാൽ
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനപ്രകാരമുള്ള കേസ് തള്ളിയ ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് കെസി വേണുോഗാപാൽ എംപി. കോടതി ഉത്തരവ് അമിത് ഷാ -പിണറായി കൂട്ടുകെട്ടിന് ഏറ്റ കനത്ത തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികാര രാഷ്ട്രീയത്തിനായി രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനും അപകീർത്തിപ്പെടുത്താനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ എങ്ങനെ നിയമവിരുദ്ധമായി ഉപയോഗിക്കുന്നു എന്നതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ് ഈ കേസെന്നും അദ്ദേഹം പറഞ്ഞു.
'യംഗ് ഇന്ത്യ' എന്ന കമ്പനി ഒരു നോൺ-പ്രോഫിറ്റ് കമ്പനിയാണ്. അതിനകത്ത് ഒരു രൂപയുടെ അഴിമതി പോലും നടന്നിട്ടില്ല, ഒരു രൂപയുടെ ഫണ്ട് മൂവ്മെന്റും അസറ്റ് മൂവ്മെന്റും നടന്നിട്ടില്ല. എന്നിട്ടും എന്തോ ഭീകരമായ അഴിമതി നടന്നുവെന്ന തരത്തിൽ സൃഷ്ടിച്ച പുകമറ എന്തിനാണ്? 2016-ൽ തന്നെ സി.ബി.ഐ അന്വേഷിച്ച് 'കേസില്ല' എന്ന് പറഞ്ഞ വിഷയമാണ് 2021-ൽ വീണ്ടും എടുത്തത്. ഇത് പ്രതികാര രാഷ്ട്രീയത്തിനായി രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനും അപകീർത്തിപ്പെടുത്താനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ എങ്ങനെ നിയമവിരുദ്ധമായി ഉപയോഗിക്കുന്നു എന്നതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്.

രാഹുൽ ഗാന്ധിയെ 55 മണിക്കൂർ ചോദ്യം ചെയ്തു; സോണിയാ ഗാന്ധിയെയും അപമാനിക്കുന്ന രീതിയിൽ വിളിച്ചു വരുത്തി. എന്നാൽ ഈ കേസ് കോടതി മുഖവിലയ്ക്കെടുക്കാതെ തള്ളിക്കളഞ്ഞു. ഇത് ഇ.ഡി.യുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ്; നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നടപടികൾക്കെതിരായ ശക്തമായ തിരിച്ചടിയാണ്. ഇ.ഡി. ഇന്ന് നിയമം നടപ്പാക്കുന്ന ഏജൻസിയല്ല, യജമാനന്മാർ പറയുന്നത് നടപ്പാക്കുന്ന ഒരു ഉപകരണമായി മാറി. മോദിയുടെ പ്രസംഗങ്ങൾക്ക് എന്തെങ്കിലും ധാർമികതയുണ്ടെങ്കിൽ, പ്രധാനമന്ത്രി ആദ്യം രാജ്യത്തോട് മാപ്പ് പറഞ്ഞ് രാജിവെക്കുകയാണ് വേണ്ടത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കള്ളക്കേസുകൾ ഉണ്ടാക്കി രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനാണ് ശ്രമം. എത്ര കള്ളക്കേസുകൾ കൊടുത്താലും ഞങ്ങൾ പേടിക്കില്ല; പോരാട്ടം തുടരും', അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വൈറലായ 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്ത നടപടിയേയും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. ഒരു പാട്ടുകൊണ്ടോ കവിത കൊണ്ടോ തിരഞ്ഞെടുപ്പ് ജയിക്കുകയോ തോൽക്കുകയോ ഇല്ല. അതിനെ വർഗീയതയിലൂടെ വായിക്കുന്ന സമീപനമാണ് തെറ്റായത്. ഭരണപരാജയം മറയ്ക്കാൻ എല്ലാം ഭരണത്തിന്റെ മേന്മയായി ചിത്രീകരിക്കുന്ന ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications