''എഎൻ രാധാകൃഷ്ണൻ ചീള് കേസല്ല, വലിയ തിമിംഗലം, സംഘപരിവാറിന്റെ ഫണ്ട് റൈസർ'': സന്ദീപ് വാര്യർ
കോഴിക്കോട്: പകുതി വില തട്ടിപ്പിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്ണനെതിരെ കോൺഗ്രസ് വക്താവും മുൻ ബിജെപി നേതാവുമായ സന്ദീപ് വാര്യർ രംഗത്ത്. തട്ടിപ്പ് കേസിലെ പ്രതിയുമായ എഎൻ രാധാകൃഷ്ണനുളള ബന്ധം എന്താണെന്ന് സന്ദീപ് വാര്യർ ചോദിച്ചു. ആർഎസ്എസ് നേതൃത്വത്തിന്റെ പൊന്നോമന പുത്രനും സംഘപരിവാറിന്റെ ഫണ്ട് റൈസറുമാണ് എഎൻ രാധാകൃഷ്ണനെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സന്ദീപ് വാര്യർ പറയുന്നു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്: ''ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എൻ രാധാകൃഷ്ണൻ ചീള് കേസ് ഒന്നുമല്ല. വലിയ തിമിംഗലം തന്നെയാണ്. എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന മിക്ക ഡീലുകൾക്ക് പിറകിലും ഉള്ള ഒന്നാന്തരം കച്ചവടക്കാരൻ. ആർഎസ്എസ് നേതൃത്വത്തിന്റെ പൊന്നോമന പുത്രൻ. സംഘപരിവാറിന്റെ ഫണ്ട് റൈസർ. സംസ്ഥാനത്തുടനീളം പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞു ആയിരക്കണക്കിന് പാവപ്പെട്ട സ്ത്രീകളെ വഞ്ചിച്ച് ആയിരം കോടി രൂപയിൽ അധികം തട്ടിയ പ്രതിയുമായി എ എൻ രാധാകൃഷ്ണന്റെ ബന്ധം എന്താണ് ?

എ എൻ രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന സൈൻ എന്ന കടലാസ് സംഘടന എങ്ങനെയാണ് ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന സ്കൂട്ടർ 60000 രൂപയ്ക്ക് നൽകാൻ പോകുന്നത് ? ഈ കടലാസ് സംഘടനയ്ക്ക് ആരാണ് സിഎസ്ആർ ഫണ്ട് കൊടുത്തിട്ടുള്ളത് ? ഇത്തരം ഉടായിപ്പ് പരിപാടിക്ക് ഏത് കമ്പനിയാണ് സിഎസ്ആർ കൊടുക്കാൻ പോകുന്നത് ? ഏകദേശം 8000 സ്കൂട്ടറുകൾ ഈ രീതിയിൽ നൽകിയെന്നു പറയുന്നു . അങ്ങനെയാണെങ്കിൽ 50 കോടി രൂപയോളം ഈ ഇനത്തിൽ സ്കൂട്ടർ കമ്പനികൾക്ക് കൊടുക്കാൻ എവിടെ നിന്ന് അധിക ഫണ്ട് ലഭിച്ചു ?
തട്ടിപ്പ് കേസിൽ ഇപ്പോൾ അറസ്റ്റിൽ ആയിട്ടുള്ള അനന്തു കൃഷ്ണന് ഏ എൻ രാധാകൃഷ്ണന്റെ സംഘടന അവാർഡ് നൽകിയിട്ടില്ലേ ? അനന്തു കൃഷ്ണന്റെ സംഘടനയുടെ അക്കൗണ്ടിലേക്ക് ഏ എൻ രാധാകൃഷ്ണന്റെ സംഘടന പാവങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം കൈമാറിയിട്ടുണ്ടോ ?
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് മാത്രമല്ല സംസ്ഥാന കോർ കമ്മിറ്റി അംഗം എന്ന പദവിയിലും ഇരിക്കെ സൈൻ എന്ന പേരിൽ ഒരു സമാന്തര സംഘടന ഉണ്ടാക്കി മണി ചെയിൻ മോഡലിൽ ആളുകളെ ചേർത്ത് സ്കൂട്ടർ കച്ചവടം നടത്താൻ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഇദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ടോ ? ബിജെപി പാർട്ടി അറിഞ്ഞിട്ടാണോ ഈ തട്ടിപ്പ് നടന്നത് ?
പാവപ്പെട്ട ആയിരക്കണക്കിന് സ്ത്രീകളെ അനന്തു കൃഷ്ണനും സംഘവും പറഞ്ഞു പറ്റിച്ചത് നരേന്ദ്രമോദി സർക്കാരിൻറെ പദ്ധതി എന്ന പേരിലാണ്. മിക്കവാറും എല്ലാ പരിപാടികളിലും ഏഎൻ രാധാകൃഷ്ണൻ സജീവ സാന്നിധ്യമായിരുന്നു. രാധാകൃഷ്ണനെ സംരക്ഷിക്കാൻ കെ സുരേന്ദ്രനും ബിജെപി നേതാക്കളും നടത്തുന്ന നീക്കം ലജ്ജാകരമാണ്. ആയിരക്കണക്കിന് സ്ത്രീകളുടെ കെട്ടു താലി വരെ പണയം വെപ്പിച്ച് പണം തട്ടിയ ആളുകൾ ആരായാലും അവർ ശിക്ഷിക്കപ്പെടണം''.












Click it and Unblock the Notifications