Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറുപ്രായത്തിലേ വിഐപിയായ വയനാട്; ഇത്തവണ പോരിന് ചെറുതല്ല മൊഞ്ച്, അബ്ദുള്ളക്കുട്ടിയെ കാത്ത് ബിജെപി

കല്‍പ്പറ്റ: രസകരമാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ രാഷ്ട്രീയ വിശേഷങ്ങള്‍. രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ സിപിഐ ചുവടുമാറ്റി ദേശീയ മുഖത്തെ കൊണ്ടുവന്ന് രംഗം കൊഴുപ്പിക്കുകയാണ്. സിപിഐയുടെ ആനി രാജ ഒരുമുഴം മുമ്പേ തുടങ്ങിയ പ്രചാരണത്തില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ക്ക് തെല്ലും ഭയമില്ല.

ലേറ്റായാലും ലേറ്റസ്റ്റാകുമെന്ന് ധൈര്യമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്. വിജയം ഉറപ്പിച്ച് മുന്നോട്ട് പോകുന്ന കോണ്‍ഗ്രസിന് ഭൂരിപക്ഷം കൂട്ടുകയാണ് ലക്ഷ്യം. എന്നാല്‍ ഇത്തവണ 2019 ആവര്‍ത്തിക്കാന്‍ സാധ്യത നന്നേ കുറവ്. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ചിത്രം മാറിയെന്ന് മണ്ഡലത്തിലെ രാഷ്ട്രീയമറിയുന്ന എല്ലാവരും സമ്മതിക്കുന്നു. അതിനിടെയാണ് ബിജെപി ആരെ കളത്തിലിറക്കുമെന്ന ചോദ്യം...

annieraja-rahulgandhi-apabdullakutty

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങള്‍ കൂടി ചേര്‍ത്താണ് 2009ല്‍ വയനാട് ലോക്‌സഭാ മണ്ഡലം രൂപീകരിച്ചത്. എംഐ ഷാനവാസിലൂടെ പടയോട്ടം തുടങ്ങിയ കോണ്‍ഗ്രസിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2014ലും ഷാനവാസ് തന്നെ. അദ്ദേഹത്തിന്റെ വിയോഗ ശേഷം അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധി എത്തിയതോടെ ജാതിമത സമവാക്യങ്ങള്‍ മാറുകയും മണ്ഡലം വിഐപിയാകുകയും ചെയ്തു.

പോള്‍ ചെയ്ത വോട്ടിന്റെ 64 ശതമാനവും നേടി രാഹുല്‍ ഗാന്ധി വയനാട് പിടിച്ചപ്പോള്‍ 2019ല്‍ അലയൊലികള്‍ അതിര്‍ത്തി ഭേദിച്ചു. 20ല്‍ 19ഉം നേടി കേരളത്തില്‍ യുഡിഎഫ് തരംഗം. എന്നാല്‍ ഇത്തവണ തരംഗത്തിന് സാധ്യത കുറവാണ്. ആനി രാജയെ കൊണ്ടുവന്നതിലൂടെ സിപിഐ കളി കാര്യമാക്കിയെന്ന് വ്യക്തം. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുന്നുവെന്ന ആശ്ചര്യകരമായ സംഗതിയും വയനാടുണ്ട്.

വരരുത് എന്ന് സിപിഐ നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രാഹുല്‍ വീണ്ടും മല്‍സരിക്കാനെത്തി. ഇത്രയും സുരക്ഷിത മണ്ഡലം അദ്ദേഹത്തിന് ഇന്ത്യയില്‍ മറ്റൊന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും അടക്കംപറയുന്നു. രാഹുലിന്റെ പ്രവര്‍ത്തന മണ്ഡലം ഡല്‍ഹിയാണ്. കണ്ണൂര്‍ സ്വദേശിയാണെങ്കിലും ആനി രാജയുടെ പ്രവര്‍ത്തന കേന്ദ്രവും ഡല്‍ഹി തന്നെ. ഇനി ബിജെപിയുടെ കാര്യമാണ് അറിയേണ്ടത്.

2009ല്‍ ബിജെപിക്ക് വേണ്ടി സി വാസുദേവന്‍ മാസ്റ്ററാണ് മല്‍സരിച്ചത്. 2014ല്‍ പിആര്‍ രശ്മില്‍നാഥും. 2019ല്‍ മണ്ഡലം ബിഡിജെഎസിന് വിട്ടുകൊടുത്തപ്പോള്‍ മല്‍സരിക്കാനെത്തിയത് തുഷാര്‍ വെള്ളാപ്പള്ളി. ഇത്തവണ മണ്ഡലം ബിജെപി തിരിച്ചുവാങ്ങിയതോടെ ദേശീയ നേതാവ് വരുമെന്ന് വയനാട്ടിലെ ബിജെപി നേതാക്കള്‍ സൂചിപ്പിക്കുന്നു. അവര്‍ പ്രതീക്ഷിക്കുന്നത് എപി അബ്ദുള്ളക്കുട്ടിയെ ആണ്.

രാഹുല്‍ മല്‍സരിക്കുന്നിടത്ത് ശക്തമായ പോരാട്ടം നടത്തണമെന്നാണ് ബിജെപി തീരുമാനം. മുസ്ലിം വോട്ടര്‍മാര്‍ക്ക് സ്വാധീനമുള്ള വയനാട് അബ്ദുള്ളക്കുട്ടിക്ക് സുപരിചിതമാണ്. ഇടതുപക്ഷത്തിനൊപ്പമായിരുന്നപ്പോള്‍ വടക്കേ വയനാട് കൂടി ചേര്‍ന്ന കണ്ണൂരില്‍ നിന്നുള്ള ജനപ്രതിനിധിയായിട്ടുണ്ട് അബ്ദുള്ളക്കുട്ടി. മലപ്പുറത്ത് മല്‍സരിച്ചുള്ള പരിചയവുമുണ്ട്. ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായ അബ്ദുള്ളക്കുട്ടി കൂടി എത്തിയാല്‍ മണ്ഡലം ശരിക്കും വിഐപി കുപ്പായമണിയും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+