'തലാലിന്റെ കുടുംബത്തോട് മാപ്പ്', സാമുവൽ ജെറോം നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമല്ലെന്ന് കുറിപ്പ്
നിമിഷ പ്രിയ കേസില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം സാമുവല്‍ ജെറോമിനെതിരെ രംഗത്ത് വന്നതോടെ ഇയാള്‍ തങ്ങളുടെ ഭാഗമല്ലെന്ന് വ്യക്തമാക്കി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. തലാല്‍ അബ്ദു മെഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദിയാണ് ഫേസ്ബുക്കിലൂടെ സാമുവല്‍ ജെറോമിനെതിരെ ആരോപണം ഉന്നയിച്ചത്.
സാമുവല്‍ ജെറോം അഭിഭാഷകനല്ലെന്നും മധ്യസ്ഥത എന്ന പേരില്‍ പണം പിരിക്കുകയാണെന്നും ഇയാളുമായി ഇതുവരെ ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നുമാണ് മെഹ്ദി ഫേസ്ബുക്കില്‍ കുറിച്ചത്. മാത്രമല്ല നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ നിറഞ്ഞ ചിരിയോടെ തങ്ങളെ അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്നും മെഹ്ദി ആരോപിച്ചു.
നിമിഷ പ്രിയയ്ക്ക് വേണ്ടിയുളള മധ്യസ്ഥശ്രമങ്ങല്‍ക്ക് മുഴുവന്‍ നേതൃത്വം നല്‍കുന്നത് താനാണ് എന്ന തരത്തിലാണ് സാമുവല്‍ ജെറോം നേരത്തെ പ്രതികരിച്ചിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലടക്കം തള്ളിയും ഇയാള്‍ രംഗത്ത് വന്നിരുന്നു. അതിിനടെയാണ് തലാലിന്റെ കുടുംബം ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെയാണ് സാമുവല്‍ ജെറോം നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി അഭിഭാഷകനും ആക്ഷന്‍ കൗണ്‍സിലിന്റെ നിയമോപദേശകനുമായ സുഭാഷ് ചന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്.

കെആർ സുഭാഷ് ചന്ദ്രന്റെ കുറിപ്പ് വായിക്കാം: '' യെമനിൽ കൊല്ലപ്പെട്ട തലാൽ മെഹ്‌ദിയുടെ സഹോദരൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച തമിഴ്നാട് സ്വദേശി സാമൂവൽ ജെറോം 2024 ഡിസംബർ തൊട്ട് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ഭാഗമല്ല. രണ്ടാംഘട്ടത്തിൽ ആവശ്യപ്പെട്ട 20000 ഡോളർ ഡിസംബർ 27 ന് ആക്ഷൻ കൗൺസിൽ എംബസി മുഖേന ട്രാൻസ്ഫർ ചെയ്തു നൽകിയ ഉടനെ, ഡിസംബർ 28 ന് അദ്ദേഹം സ്വമേധയാ കൗൺസിലിന്റെ ഗ്രൂപ്പ് വിട്ട് പുറത്തുപോയി ; നടന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ തിരക്കിയതാണ് പ്രകോപനം.
2025 ജൂലൈ 15 ന് നിമിഷയുടെ വധശിക്ഷ താൽക്കാലികമായി മരവിപ്പിച്ച കോടതി ഉത്തരവ് വ്യാജമാണെന്നും ചർച്ചകളിൽ ബഹു.കാന്തപുരത്തിനോ യെമനിലെ സുഫി പണ്ഡിതർക്കോ യാതൊരു പങ്കുമില്ലെന്ന് ജെറോമീനൊപ്പം ചാനലുകളിൽ പ്രതികരിക്കുകയും മാധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നവരെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് ആക്ഷൻ കൌൺസിൽ വൈസ് ചെയർമാൻ ആയിരുന്നു ദീപ ജോസഫ്, കമ്മിറ്റി അംഗം ബാബു ജോൺ തുടങ്ങിയവരെ ആക്ഷൻ കൗൺസിലിൽ നിന്നും മാറ്റിനിർത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
വിവാദങ്ങൾ നിമിഷയുടെ മോചന ശ്രമങ്ങൾക്ക് തടസ്സമാകരുതെന്ന് കരുതിയാണ് ഇക്കാര്യങ്ങൾ ഔദ്യോഗികമായി പങ്കുവെക്കാതിരുന്നത് ; ഇപ്പോൾ ഇവർക്കെതിരെ ആരോപണങ്ങൾ തലാലിന്റെ കുടുംബത്തിൽ നിന്നു തന്നെ ഉയരുന്നത്തോടെ ഇക്കാര്യത്തിലുള്ള നിലപാട് ആക്ഷൻ കൗൺസിൽ വ്യക്തമാക്കുകയാണ്. കള്ളനാണയങ്ങളെ തിരിച്ചറിയുന്നതോടൊപ്പം, നിമിഷയുടെ മോചനത്തിന് ദോഷകരമാകുന്ന തരത്തിലുള്ള യാതൊരു പ്രതികരണങ്ങളും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഉൾപ്പടെ നമ്മളോരോരുത്തരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽആക്ഷൻ കൗൺസിൽ വിനീതമായി അഭ്യർത്ഥിക്കുന്നു. തുടർച്ചയായുണ്ടാകുന്ന ഓരോ വിവാദങ്ങളിലും തലാൽ മെഹ്‌ദിയുടെ കുടുംബത്തിനുണ്ടാകുന്ന മനോവിഷമങ്ങളിൽ ഞങ്ങൾ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു ; നിരുപാധികം മാപ്പ് പറയുന്നു'.












Click it and Unblock the Notifications