'കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞു, അതിനെക്കുറിച്ച് ചോദിക്കണ്ട'; ബിജെപിയെ എഎപി വീഴ്ത്തും; കെജ്രിവാള്‍
അഹമ്മദാബാദ്: ഈ വർഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ശക്തമാക്കി എ എ പി. ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുമ്പോള്‍ ഏതുവിധേനയും കോണ്‍ഗ്രസിനെ പിന്തള്ളി സംസ്ഥാനത്തെ രണ്ടാമത്തെ രാഷ്ട്രീയ കക്ഷിയായി മാറാനുള്ള ശ്രമമാണ് എ എ പി നടത്തുന്നത്.
ബി ജെ പിയെ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്നും തങ്ങളാണ് യദാർത്ഥ ബദലെന്നുമുള്ള അവകാശ വാദത്തോടെയാണ് എ എ പിയുടെ പ്രചരണം. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തുള്ള ദില്ലി മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും ലക്ഷ്യം വെക്കുന്നത് കോണ്‍ഗ്രസിനെ തന്നെ. കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞുവെന്നാണ് അദ്ദേഹം ഇന്ന് വ്യക്തമാക്കിയത്.

കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞു. അതിനാല്‍ തന്നെ കോണ്‍ഗ്രസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ നിര്‍ത്തണമെന്നും ഗുജറാത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കെജ്രിവാള്‍ പറഞ്ഞു. ശമ്പളത്തിന് പോലും പണമില്ലാത്ത സമയത്ത് പഞ്ചാബ് സര്‍ക്കാര്‍ ഗുജറാത്തില്‍ എഎപിയുടെ പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നുവെന്ന കോണ്‍ഗ്രസ് ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ദില്ലി മുഖ്യമന്ത്രിയുടെ മറുപടി.
മത്സ്യകന്യക മാറി നില്‍ക്കണം: ചുവപ്പില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി എസ്തർ അനില്‍

അഹമ്മദാബാദിൽ ശുചീകരണ തൊഴിലാളികളുമായി ഒരു ടൗൺ ഹാൾ മീറ്റിംഗിനെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്‌രിവാൾ സംസ്ഥാനത്ത് അഴിമതി രഹിതവും സുതാര്യവുമായ ഭരണം വാഗ്ദാനം ചെയ്യുന്ന അഞ്ച് വാഗ്ധാനങ്ങള്‍ പ്രഖ്യാപിക്കുകയുംചെയ്തു. ഭരണകക്ഷി വന്‍ അഴിമതിയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹം ബി ജെ പിക്കെതിരേയും വിമർശനം ഉന്നയിച്ചു. എ എ പി അധികാരത്തിൽ വന്നാൽ എല്ലാ അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് കെജ്രിവാള്‍ വാഗ്ദാനം ചെയ്തു.

ഗുജാറില്‍ ബി ജെ പിക്ക് ഒരു പ്രമുഖ വെല്ലുവിളിയായി ഉയർന്നുവരാന്‍ എ എ പിക്ക് സാധിച്ചിട്ടുണ്ടെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. കോൺഗ്രസിനെതിരെ ആഞ്ഞടിച്ച കെജ്‌രിവാൾ, പാർട്ടി ഇതിനകം തന്നെ രാഷ്ട്രീയമായി തകർന്നിരിക്കുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജനങ്ങള്‍ യാതൊരു അവസരവും നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. "കോൺഗ്രസ് അവസാനിച്ചു, പൊതുജനങ്ങൾക്ക് ഇത് അറിയാം, അവരുടെ മനസ്സിൽ സംശയമില്ല. ഞങ്ങൾ എല്ലാ സീറ്റുകളിലും മത്സരിക്കും, ബിജെപി തോൽക്കും," കെജ്രിവാൾ പറഞ്ഞു.

അതേസമയം എ എ പി എന്നതിന്റെ പൂർണ്ണ രൂപം ഇപ്പോൾ "അരവിന്ദ് അഡ്വർടൈസ്‌മെന്റ് പാർട്ടി, അരവിന്ദ് ആക്ടർ പാർട്ടി, അരവിന്ദ് ഐഷ് പാർട്ടി" എന്നിവയാണ് എന്ന് വിമർശിച്ചുകൊണ്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. "കഴിഞ്ഞ 60 ദിവസമായി, പഞ്ചാബ് സർക്കാരിന് കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്യാൻ കഴിയുന്നില്ല. എന്നാൽ ഗുജറാത്തിൽ പരസ്യങ്ങൾക്കായി ഭഗവന്ത് മാൻ സർക്കാർ പാഴാക്കിയത് 36 കോടി രൂപയാണ്. ഇതാണ് അരവിന്ദ് ആക്ടേഴ്‌സ് പാർട്ടിയുടെ രാഷ്ട്രീയ മാതൃക. പഞ്ചാബിലെ ജനങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം ഗുജറാത്തിൽ പരസ്യങ്ങൾക്കായി പാഴാക്കുന്നു," കോൺഗ്രസ് നേതാവ് അജോയ് കുമാർ പറഞ്ഞു.

ഡൽഹിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ എ എ പിയുടെ പ്രകടനം ഉയർത്തിക്കാട്ടി, ഗുജറാത്തിലെ യുവാക്കൾക്ക് കെജ്രിവാൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഡൽഹിയിൽ ജോലി നൽകുന്നതിൽ അവർ പരാജയപ്പെട്ടു. ഡൽഹിക്കാർക്ക് 10 ലക്ഷം തൊഴിലവസരങ്ങൾ നൽകിയെന്നാണ് ഗുജാറത്തില്‍ വന്ന് അവർ അവകാശപ്പെടുന്നതെന്നും അജോയ് കുമാർ ആരോപിച്ചു. തിങ്കളാഴ്ച രാത്രി അഹമ്മദാബാദിൽ നടന്ന കെജ്രിവാളിന്റെ ഓട്ടോറിക്ഷാ യാത്ര ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"അദ്ദേഹം എയർപോർട്ടിൽ എത്താൻ 2 കോടിയുടെ കാർ എടുക്കുന്നു, തുടർന്ന് അഹമ്മദാബാദിലേക്ക് 45 ലക്ഷം രൂപ ചാറ്റഡ് ഫ്ലൈറ്റ് എടുക്കുന്നു, തുടർന്ന് ഓട്ടോയിൽ യാത്ര ചെയ്യുന്ന നാടകം. അരവിന്ദ് കെജ്‌രിവാൾ മറ്റൊരു മോദിയാണ്. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും''- അജോയ് കുമാർ പറഞ്ഞു












Click it and Unblock the Notifications