കൊച്ചുമക്കളെ സ്‌നേഹിക്കാത്ത മുരടന്മാരാണോ കമ്മ്യൂണിസ്റ്റുകാര്‍? ശ്രീനിവാസന്റെ ചോദ്യത്തിന് വിഎസിന്റെ മറുപടി
ഒരു നൂറ്റാണ്ടിന്റെ സമരചരിത്രം ബാക്കിയാക്കി വിഎസ് അച്യുതാനന്ദന്‍ മടങ്ങുമ്പോള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ മനസില്‍ ഓര്‍മകളുടെ വേലിയേറ്റമാണ്. മനുഷ്യരോടുള്ള സ്‌നേഹവും സഹാനുഭൂതിയും പ്രകടനത്തിനപ്പുറം പ്രവൃത്തിയിലൂടെ കാണിച്ച നേതാവ്. അദ്ദേഹത്തോടുള്ള ചേര്‍ന്നു നിന്നിട്ടുള്ളവരെല്ലാം പറയുന്നത് ആ പരുക്കന്‍ ശരീരപ്രകൃതിക്കുള്ളിലെ കരുതലിന്റെ കഥകളാണ്.
ഇപ്പോഴിതാ മുഖ്യമന്ത്രിയായിരുന്ന കാലത്തെ വിഎസിന്റെ പഴയൊരു അഭിമുഖത്തിലെ അദ്ദേഹത്തിന്റെ വാക്കുകള്‍ വീണ്ടും വൈറലാകുകയാണ്. 2007-ലെ ഓണക്കാലത്ത് കൈരളി ടിവിക്കു വേണ്ടി നടന്‍ ശ്രീനിവാസനാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ എത്തി വിഎസ് അച്യുതാനന്ദനെ അഭിമുഖം നടത്തുന്നത്. വിഎസ് അച്യുതാനന്ദന്റെ രണ്ടു കൊച്ചുമക്കളെയും അദ്ദേഹത്തിന്റെ ഒപ്പം കാണാം. മകന്റെ മക്കളെ ചേര്‍ത്തുപിടിക്കുന്ന ഒരു മുത്തച്ഛനെയാണ് ഈ അഭിമുഖത്തില്‍ കാണാനാകുക.

'സഖാവ് ഇകെ നായനാര്‍ മക്കളെയും കൊച്ചുമക്കളെയും ഒന്നും അധികം ലാളിക്കാറില്ല കൊണ്ടുനടക്കാറില്ല എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. താങ്കളുടെ കൊച്ചുമക്കള്‍ ഇവിടെ ഉള്ളപ്പോള്‍ അവരുടെ കാര്യങ്ങളൊക്കെ എങ്ങനെയാണ് ശ്രദ്ധിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ മക്കളെയൊന്നും അധികം സ്‌നേഹിക്കാന്‍ പാടില്ല എന്നുണ്ടോ?' ഇതായിരുന്നു ശ്രീനിവാസന്റെ ചോദ്യം.
ചോദ്യത്തെ ചിരിയോടെ നേരിട്ട വിഎസ് അച്യുതാനന്ദന്റെ മറുപടി ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണശേഷം വലിയ തോതില്‍ വൈറലാകുന്നുണ്ട്. വിഎസിന്റെ വാക്കുകള്‍: ഞാന്‍ ഇടയ്ക്കിടയ്ക്ക് എല്ലാം കൊച്ചുമക്കളുടെ വിവരങ്ങള്‍ അന്വേഷിക്കുകയും പഠനത്തിന്റെ നിലവാരമൊക്കെ ചോദിച്ചറിയുകയും ചെയ്യും.
തുല്യതയും സമത്വവും എന്ന് പറഞ്ഞാല്‍ പൊക്കം കൂടുതലുള്ളവരുടെ തല വെട്ടുക - ഇതൊക്കെയാണ് കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നു പറഞ്ഞു കൊണ്ടാണ് ഒരുകാലത്ത് മത പുരോഹിതന്മാരും അറുപിന്തിരിപ്പന്മാരായ ആളുകളും കമ്മ്യൂണിസ്റ്റുകാരെ ആക്ഷേപിച്ചിട്ടുള്ളത്.
ഞങ്ങളുടെ ആദ്യകാലത്തെ നേതാക്കന്മാരുടെ കൂട്ടത്തില്‍ ചിലര്‍ അവിവാഹിതരായി ജീവിതാവസാനം വരെ കഴിഞ്ഞവരുണ്ട്. സഖാവ് ആര്‍ സുഗതന്‍, സി കണ്ണന്‍ ഇതുപോലുള്ളവര്‍. അപ്പോള്‍ വിവാഹ ജീവിതമേ വെറുക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് അങ്ങനെയുള്ളവരെ ചൂണ്ടിക്കാട്ടി പറയാറുണ്ട്. എന്നാല്‍ അതിന് വിരുദ്ധമായി പതിനായിരക്കണക്കിന് കമ്മ്യൂണിസ്റ്റുകാര്‍ കുടുംബ ജീവിതവും കുട്ടികളും ഒക്കെയായി ജീവിതം നയിക്കുന്നുണ്ട്. എങ്കിലും ഇങ്ങനെയുള്ള ചിലരെ ഉയര്‍ത്തിക്കാട്ടി ആക്ഷേപങ്ങള്‍ ഉന്നയിക്കും.
കുട്ടികളോടുള്ള സ്‌നേഹമോ കുടുംബത്തോടുള്ള സ്‌നേഹമോ ഒന്നും ഇല്ലാത്ത വെറും മുരടന്മാരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്ന് ചിത്രീകരിച്ച് സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ കൂട്ടത്തില്‍ ഉള്ളതാണ് ഇത്തരം ആക്ഷേപങ്ങള്‍.
പഴയ വീഡിയോ വീണ്ടും അപ്ലോഡ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു ലക്ഷത്തിലധികം പേരാണ് യൂട്യൂബില്‍ കണ്ടത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് പോസിറ്റീവായി പ്രതികരിക്കുന്നത്. ഇത്രയും ചിരിച്ച് സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി കണ്ടതുകൊണ്ട് വളരെ സന്തോഷം എന്നാണ് രമേശ് എന്നയാള്‍ പ്രതികരിക്കുന്നത്.
ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകളും ഈ വീഡിയോയില്‍ വിഎസ് പങ്കു വയ്ക്കുന്നുണ്ട്. ചെറുപ്പകാലത്ത് ഓണത്തിന്റെ പാട്ടുകളിലും കളികളിലും ആഘോഷങ്ങളിലെല്ലാം താനും കൂടിയിരുന്നുവെന്നും ഓണത്തിന്റെ ഏതെങ്കിലും ഒരു ദിവസം വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ചേര്‍ന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കാറുണ്ടെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications