'നിങ്ങളാണോ മുഖ്യമന്ത്രി' പിണറായിയോടുള്ള ചോദ്യത്തിന് മറുപടി ബ്രിട്ടാസ്, എതിര്‍ത്ത് യുഡിഎഫ് എംപിമാര്‍
തിരുവനന്തപുരം: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും എംപിമാരും തമ്മിലുള്ള കൂടിക്കാഴ്ച്ച ഓണ്‍ലൈനായി കഴിഞ്ഞ ദിവസം നടന്നിരുന്നു. പതിവില്‍ കവിഞ്ഞുള്ള എതിര്‍പ്പുകളാണ് പിണറായിക്ക് ഈ വിഷയത്തില്‍ എംപിമാരില്‍ നിന്ന് നേരിട്ടത്.
കേരളത്തിന്റെ ഭാവിക്ക് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണ് വേഗറെയില്‍ എന്നും അതിനുള്ള പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി എംപിമാരോട് അഭ്യര്‍ത്ഥിച്ചു. ചിലര്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിക്കണമെന്നും, അദ്ദേഹം പറഞ്ഞു. എന്നാല്‍ എംപിമാര്‍ ജോണ്‍ ബ്രിട്ടാസിനെ അടക്കം ചോദ്യം ചെയ്യുന്നതാണ് കണ്ടത്. അതിരൂക്ഷമായ വിമര്‍ശനങ്ങളും പിണറായി നേരിട്ടു.

യോഗത്തില്‍ കടുത്ത തര്‍ക്കത്തിനാണ് ജോണ്‍ ബ്രിട്ടാസിന്റെ ഇടപെടല്‍ വഴിയൊരുക്കിയത്. മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങള്‍ക്ക് സിപിഎമ്മിന്റെ രാജ്യസഭാ എംപി കൂടിയായ ബ്രിട്ടാസാണ് മറുപടി നല്‍കിയത്. താങ്കളാണോ മുഖ്യമന്ത്രിയെന്നായിരുന്നു യുഡിഎഫ് എംപിമാര്‍ ചോദിച്ചത്. ഇതിന് പിന്നാലെയാണ് തര്‍ക്കം മുറുകിയത്. എംപിമാര്‍ സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ആത്മാര്‍ത്ഥത കാണിക്കില്ലെന്നും വേഗ റെയിലിനോട് യുഡിഎഫിന് എതിര്‍പ്പുകളുണ്ടെന്നും എംപിമാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ വേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിനിടെയാണ് എതിര്‍പ്പുമായി യുഡിഎഫ് തന്നെ രംഗത്ത് വന്നിരിക്കുന്നത്.

സംസ്ഥാന വികസനത്തിന് എംപിമാര്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും, എംപിമാരെ അദ്ദേഹം വിശ്വാസത്തില്‍ എടുക്കുന്നില്ല. ദില്ലിയില്‍ എത്തുമ്പോള്‍ ഒപ്പം കൂട്ടാന്‍ പോലും തയ്യാറാകുന്നില്ലെന്ന് യുഡിഎഫ് എംപിമാര്‍ കുറ്റപ്പെടുത്തി. വേഗ റെയിലിനോട് ശക്തമായ എതിര്‍പ്പ് യുഡിഎഫ് എംപിമാര്‍ക്കുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പറയുന്നത് കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തില്‍ ഉന്നയിക്കണമെന്നാണ്. അത് സാധിച്ചെടുക്കണമെന്നും പറയുന്നു. പക്ഷേ അദ്ദേഹം ദില്ലിയില്‍ എത്തുന്ന കാര്യം പോലും എംപിമാരെ അറിയാറില്ലെന്നും ബെന്നി ബെഹനാന്‍ എംപി ചൂണ്ടിക്കാണിച്ചു.

കേന്ദ്ര മന്ത്രിമാരെ കണ്ട് നിവേദനം നല്‍കുമ്പോള്‍ എംപിമാര്‍ ഒപ്പം പോകാന്‍ തയ്യാറാണ്. എന്നാല്‍ മുഖ്യമന്ത്രി ഇവരെ കൊണ്ടുപോകാന്‍ തയ്യാറാകുന്നില്ല. എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി സഹകരിക്കാന്‍ തയ്യാറാണ്. കേന്ദ്ര മന്ത്രിമാരെ കാണാനും ഞങ്ങള്‍ വരാം. സഹകരണം വേണമെന്ന് അഭ്യര്‍ത്ഥിക്കുമ്പോള്‍ തിരികെ അതേ സമീപനം തങ്ങളോടും ആവശ്യമാണെന്ന് ബെന്നി ബെഹനാന്‍ വ്യക്തമാക്കി. കൊടിക്കുന്നില്‍ സുരേഷിനും പറയാന്‍ ഏറെയുണ്ടായിരുന്നു. വേഗ റെയില്‍ പദ്ധതി സംബന്ധിച്ച്് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്തി തയ്യാറാകണമെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ ആവശ്യം. പദ്ധതിയിലെ യുഡിഎഫ് എതിര്‍പ്പുകളെ കുറിച്ചും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.

ശാന്തനായി എല്ലാം കേട്ട മുഖ്യമന്ത്രി ഒടുവില്‍ മറുപടിയും നല്‍കി. സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോവും. എംപിമാര്‍ സഹകരിക്കണം എന്നായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കി. അതേസമയം സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം 2022ന് ശേഷവും അഞ്ച് വര്‍ഷത്തേക്ക് ലഭിക്കണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. പദ്ധതികള്‍ക്ക് വിദേശ സഹായത്തോടെയുള്ള കടമെടുപ്പ് എഫ്ആര്‍ബിഎം നിയമപ്രകാരം സംസ്ഥാനത്തിന് നിശ്ചയിച്ച വായ്പാ പരിധിക്ക് പുറത്ത് അനുവദിക്കണം. ധനകമ്മീഷന്‍ കേരളത്തിന് സെക്ടറല്‍ സ്‌പെസിഫിക് ഗ്രാന്റായി ശുപാര്‍ശ ചെയ്ത 2412 കോടിയുടെ സ്‌റ്റേ സ്‌പെസിഫിക് ഗ്രാന്റായ 1100 കോടിയും ലഭ്യമാക്കാന്‍ ഇടപെടണമെന്നും മുഖ്യമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു.

കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരമുള്ള വിഷയങ്ങള്‍ നിയമനിര്‍മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ദിഷ്ട തുറമുഖ, വൈദ്യുതി ബില്ലുകളുടെ കാര്യത്തില്‍ കേരളത്തിന് ആശങ്കയുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. എംപിമാര്‍ കേന്ദ്ര അനുമതി വേഗത്തിലാക്കാനായി ശ്രമിക്കണം. കാക്കനാട്ടേക്കുള്ള മെട്രോ റെയിലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം വേണം. കോഴിക്കോട് വിമാനത്താവള വികസനത്തിനുള്ള സ്ഥലമെടുപ്പ്, വലിയ വിമാനങ്ങള്‍ ഇറക്കുക എന്നീ കാര്യങ്ങളില്‍ ഒന്നിച്ച് നീങ്ങണമെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications