അരിക്കൊമ്പന്‍ ഇനി പെരിയാറിലെ 'രാജ': ശാന്തനായി ഉള്‍വനത്തിലേക്ക് മറഞ്ഞു
കുമളി: ചിന്നക്കനാലിനെ അടിമുടി വിറപ്പിച്ച കാട്ടാന അരിക്കൊമ്പന്‍ ശാന്തനായി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉള്‍വനത്തിലേക്ക് മറഞ്ഞു. തേക്കടി മേഖലയിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്പന്‍ ഇണങ്ങിത്തുടങ്ങിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിയോടെയാണ് അരിക്കൊമ്പന്‍ ദൗത്യം വനം വകുപ്പ് പൂര്‍ത്തീകരിച്ചത്. പ്രതികൂല കാലാവസ്ഥയാണ് ദൗത്യം വൈകാന്‍ പ്രധാനമായും കാരണമായത്.

രാത്രി ശക്തമായ മഴ പെയ്തതോടെ വാഹനത്തിന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്രയ്ക്ക് തടസമായി. നേരത്തെ തീരുമാനിച്ച സ്ഥലത്തേക്ക് വാഹനം എത്തിക്കാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ ഇപ്പോള്‍ ഇറക്കിവിട്ട സ്ഥലത്തേക്ക് ഇറക്കിവിടുകയായിരുന്നു. നേരത്തെ തീരുമാനിച്ച സ്ഥലത്തിന് രണ്ട് കിലോ മീറ്റര്‍ മുമ്പായിരുന്നു ഇത്.
മയക്കം വിട്ട ആന ആദ്യം ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്തിരുന്നു. എന്നാല്‍ സംഘം പിന്നീട് ഉള്‍ക്കാട്ടിലേക്ക് തുരത്തുകയായിരുന്നു. അതേസമയം, ആനയുടെ നീക്കങ്ങള്‍ ജി പ എസ് കോളറില്‍ നിന്ന് ലഭിക്കുന്ന സിഗ്നല്‍ വഴി വനപാലകര്‍ നിരീക്ഷിക്കുന്നുണ്ട്. ഏറ്റവും ആദ്യം ലഭിച്ച വിവരം പ്രകാരം ആന ആദ്യം ഒന്നര കിലോ മീറ്റര്‍ പിന്നിട്ടെന്നാണ് വിവരം.
സീനിയര്‍ ഓട ഭാഗത്താണ് ആന ഇപ്പോഴുള്ളത്. ഉള്‍വനമായതിനാല്‍ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നത്. അതേസമയം, അരിക്കൊമ്പനുമായി എത്തുമ്പോള്‍ കുമളിയിലെ ജനങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ പൂജകള്‍ നടത്തിയും ആരതി ഉഴിഞ്ഞുമാണ് ജനക്കൊമ്പനെ പെരിയാറിലേക്ക് സ്വീകരിച്ചത്.
ശനിയാഴ്ച രാത്രി 10.05ന് ആണ് ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനുമായുള്ള വാഹനം കുമളിയിലേക്ക് എത്തിയത്. പ്രദേശത്ത് ഞായറാഴ്ച രാവിലെ ഏഴ് മണിവരെ നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത് വകവയ്്കാതെ അരിക്കൊമ്പനെ കാണാന്‍ ആളുകള്‍ എത്തിയിരുന്നു. അതേസമയം, അരിക്കൊമ്പന്‍ ദൗത്യ സംഘത്തെ അഭിനന്ദിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍ രംഗത്തെത്തി.
ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ ജനപ്രതിനിധികള്‍, നാട്ടുകാര്‍, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications