ഷിരൂര്‍ ദൗത്യം: പരിശോധനയില്‍ ലോഹ ഭാഗം കണ്ടെത്തി, മണ്ണ് നീക്കിയത് 45 മിനുട്ടോളം
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക കണ്ടെത്തല്‍. അര്‍ജുന്റെ ലോറിയുണ്ടെന്ന് കരുതുന്ന ഭാഗത്ത് നിന്ന് ലോഹ ഭാഗം കണ്ടെത്തി. ഇന്ന് വൈകിയിട്ടാണ് ഡ്രെഡ്ജര്‍ ഷിരൂരിലെത്തിയത്. ഗോവയില്‍ നിന്നാണ് ഡ്രൈഡ്ജര്‍ എത്തിച്ചത്. അതുകൊണ്ട് ദീര്‍ഘനേരം തിരച്ചില്‍ സാധ്യമായിരുന്നില്ല.
വൈകീട്ട് 5.30 ഓടെയാണ് ഡ്രെഡ്ജര്‍ എത്തിച്ചത്. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്റെ നേതൃത്വത്തില്‍ പൂജയും തിരച്ചിലിന് മുന്നോടിയായി ഉണ്ടായിരുന്നു. മഞ്ചേശ്വര്‍ എംഎല്‍എ എകെഎം അഷ്‌റഫും സ്ഥലത്തെത്തിയിരുന്നു. നാവികസേനയുടെ സോളാര്‍ പരിശോധനയില്‍ നേരത്തെ ലോറി ഉണ്ടെന്ന് കരുതപ്പെടുന്ന ഭാഗം മാര്‍ക്ക് ചെയ്തിരുന്നു. ഈ ഭാഗത്താണ് ഇന്ന് പരിശോധന നടത്തിയത്.

45 മിനുട്ടോളം നേരം ഡ്രെഡ്ജര്‍ ഉപയോഗിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തു. ഈ പരിശോധനയിലാണ് ഒരു ലോഹ ഭാഗം കണ്ടെത്തിയത്. അര്‍ജുന്റെ ലോറിയില്‍ കുടിവെള്ളം സ്‌റ്റോര്‍ ചെയ്ത് വെക്കുന്ന ഭാഗത്തിന്റേതാണ് ഈ ലോഹഭാഗമെന്ന് ലോറി ഉടമയും, അര്‍ജുന്റെ സഹോദരി ഭര്‍ത്താവും സ്ഥിരീകരിച്ചു. ഇതേ ഭാഗത്ത് നിന്ന് കയറും കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചിട്ടുണ്ട്.
രാത്രിയില്‍ ഇവിടെ പരിശോധന സാധ്യമല്ല. നാളെ രാവിലെ എട്ട് മണിയോടെയാണ് ഇനി തിരച്ചില്‍ പുനരാരംഭിക്കുക. നേരത്തെ തന്നെ കാലാവസ്ഥ പരിഗണിച്ചായിരിക്കും തിരച്ചില്‍ ആരംഭിക്കുകയെന്ന് അറിയിച്ചിരുന്നു. നിലവില്‍ മൂന്ന് ദിവസത്തേക്കാണ് ഡ്രെഡ്ജര്‍ കമ്പനിക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ അതിന് ശേഷവും സേവനം തുടരും.
അതേസമയം ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള ഡ്രഡ്ജറിന് വെള്ളത്തിന്റെ അടിത്തട്ടില്‍ മൂന്നടി വരെ മണ്ണെടുക്കാന്‍ സാധിക്കും. ഒരു ഹിറ്റാച്ചി, ക്രെയിന്‍, പുഴയില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ രണ്ട് ഭാരമേറിയ തൂണുകള്‍ എന്നിവയാണ് ഡ്രെഡ്ജറിന്റെ പ്രധാന ഭാഗങ്ങള്‍. ലോറിയുടെ മുകളിലായി കിടക്കുന്ന മണ്ണും പാറക്കല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് പ്രക്രിയ.
മണ്ണിനൊപ്പം കൂടിക്കിടക്കുന്ന മരങ്ങള്‍ അടക്കമുള്ളവയുടെ നീക്കം ചെയ്യേണ്ടതുണ്ട്. ഓഗസ്റ്റ് 16നാണ് അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. മോശം കാലാവസ്ഥയും, പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയായിരുന്നു.
നേരത്തെ അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടെത്തി കണ്ടിരുന്നു. തിരച്ചില്‍ പുനരാരംഭിക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.












Click it and Unblock the Notifications