ഗംഗാവലി പുഴയില്‍ നിന്ന് പുതിയ സിഗ്നല്‍ കിട്ടി, അര്‍ജുന്റെ ട്രക്കിന്റേതാവാമെന്ന് ഇന്ദ്രബാലന്‍
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതയ അര്‍ജുന് വേണ്ടിയില്‍ തിരച്ചിലില്‍ വീണ്ടും വഴിത്തിരിവ്. പുഴയില്‍ നിന്ന് ട്രക്കിന്റെ പുതിയ സിഗ്നല്‍ കിട്ടി. ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയിലാണ് ഒരു സിഗ്നല്‍ കൂടി കണ്ടെത്തിയത്. സിഗ്നല്‍ ട്രക്കിന്റേതാവാന്‍ സാധ്യതയെന്ന് റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ പറഞ്ഞു.
നദിയിലെ മണ്‍കൂനയ്ക്ക് അരികില്‍ നിന്നാണ് പുതിയ സിഗ്നല്‍ ലഭിച്ചിരിക്കുന്നത്. അതേസമയം പുതിയ സിഗ്നല്‍ ലഭിച്ചുവെങ്കിലും ആദ്യ സിഗ്നല്‍ ലഭിച്ച ഭാഗത്ത് ഇറങ്ങുന്നതിന് തന്നെ പ്രഥമ പരിഗണന നല്‍കുമെന്ന് സൈന്യം അറിയിച്ചു. ഐബോഡ് ടീം ട്രക്കിന്റെ കൃത്യമായ ചിത്രം നല്‍കിയെന്ന് സതീഷ് സെയില്‍ എംഎല്‍എ അറിയിച്ചു.

സോണാര്‍, റഡാര്‍, ഐബോഡ് പരിശോധനകളിലാണ് പുതിയ സിഗ്നല്‍ ലഭിച്ചത്. തിരച്ചില്‍ വ്യാപ്തി കൂട്ടിയാല്‍ കൂടുതല്‍ സിഗ്നല്‍ കിട്ടുമെന്നാണ് സൈന്യത്തിന്റെ വിശദീകരണം. നേരത്തെ നദിയില്‍ നിന്നും മൂന്ന് സിഗ്നലുകള്‍ ലഭി്ചിരുന്നു. ട്രക്കിന്റേയും ഒലിച്ച് പോയ ടവറിന്റെയും സിഗ്നലുകളാകാമെന്നാണ് നേരത്തെയുണ്ടായിരുന്ന വിലയിരുത്തല്‍.
അതേസമയം ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സിഗ്നല്‍ 60 മീറ്റര്‍ മാറി അഞ്ച് മീറ്റര്‍ താഴ്ച്ചയിലാണ് ട്രക്കിന്റേതെന്ന് കരുതുന്ന സിഗ്നല്‍ ലഭിച്ചത്. ട്രക്കും ക്യാബിനും വേര്‍പ്പെട്ടിട്ടില്ല. ക്യാബിന്‍ വിട്ടുപോകാനുള്ള സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ തന്നെ റിട്ട. മേജര്‍ ഇന്ദ്രബാലന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മുങ്ങല്‍ വിദഗ്ധര്‍ക്ക് നദിയിലേക്ക് ഇതുവരെ ഇറങ്ങാന്‍ സാധിച്ചിട്ടില്ല. അടിയൊഴുക്ക് ശക്തമായതാണ് വെല്ലുവിളിയായിരിക്കുന്നത്. ഡൈവര്‍മാരുടെ ജീവന് തന്നെ ഇറങ്ങിയാല്‍ ഭീഷണിയാവുമെന്നാണ് വിലയിരുത്തല്‍. ഇന്ന് രാവിലെ മുതല്‍ തന്നെ കനത്ത കാറ്റും മഴയുമാണ് ഷിരൂരില്‍. അടിയൊഴുക്ക് കുറഞ്ഞാല്‍ മാത്രമേ പുഴയില്‍ ഇറങ്ങാനാവൂ എന്ന് ഡിഫന്‍സ് പിആര്‍ഒ അതുല്‍ പിള്ള അറിയിച്ചിരുന്നു.
3-4 നോട്‌സ് ആണെങ്കില്‍ പോലും സ്‌പോട്ടിലെത്തി റോപ്പ് ഉപയോഗിച്ച് ഡൈവ് ചെയ്യാന്‍ ശ്രമിക്കും. എന്നാല്‍ അതിന് പോലും പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും അതുല്‍ പിള്ള പറഞ്ഞു. ഉത്തര കന്നഡ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്.
അതേസമയം വെള്ളത്തിനടിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ട്. ഡ്രോണ്‍ പരിശോധന തുടരുന്നുണ്ട്. ഇത് തിരച്ചിലില്‍ നിര്‍ണായകമാണ്.
പുഴയിലേക്ക് കൂടുതല്‍ യന്ത്രങ്ങളെത്തിക്കുമെന്ന് നേരത്തെ ദൗത്യ സംഘം അറിയിച്ചിരുന്നു. ഇതിനായി റാംപ് നിര്‍മാണവും ആരംഭിച്ചിരുന്നു. ബും യന്ത്രം ഉപയോഗിച്ച് പുഴയുടെ തീരത്തെ മണ്ണും നീക്കം ചെയ്തിരുന്നു. റാംപ് നിര്‍മിച്ച് വാഹനങ്ങളില്‍ യന്ത്രങ്ങള്‍ എത്തിക്കാനാണ് ദൗത്യ സംഘം ശ്രമിച്ചിരുന്നത്.












Click it and Unblock the Notifications