അര്‍ജുനായുള്ള തിരച്ചില്‍: പുഴയ്ക്കടിയില്‍ നിന്ന് സിഗ്നല്‍ കിട്ടിയെന്ന് സൈന്യം, തിരച്ചില്‍ നാളെ
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ പുതിയ വഴിത്തിരിവ്. പുഴയ്ക്കടിയില്‍ നിന്ന് സിഗ്നല്‍ ലഭിച്ചുവെന്ന് സൈന്യം. സിഗ്നല്‍ കരയില്‍ നിന്ന് 40 മീറ്റര്‍ അകലെയാണ്. ലോറി ചെളിയില്‍ പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം അറിയിച്ചു. നാവികസേന സിഗ്നല്‍ കിട്ടിയ സ്ഥലത്ത് നാലെ വിശദമായ പരിശോധന നടത്തും.
സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇപ്പോള്‍ വലിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ഗംഗാവലി നദിക്കടിയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചിരിക്കുന്നത്. പുഴയില്‍ കനത്ത ഒഴുക്കുണ്ട്. രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുക ബുദ്ധിമുട്ടാണ്. വെള്ളത്തില്‍ ഉപയോഗിക്കാവുന്ന ഫെറക്‌സ ലൊക്കേറ്റര്‍ 120, ഡീപ് സെര്‍ച്ച് മൈന്‍ ഡിറ്റക്ടര്‍, എന്നിവ ഉപയോഗിച്ചാവും സിഗ്നല്‍ ലഭിച്ച ഭാഗത്ത് തിരച്ചില്‍ നടത്തുക.

നേരത്തെ അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയില്‍ ഇല്ലെന്ന് തിരച്ചിലിന്റെ അവസാനം സൈന്യം സ്ഥിരീകരിച്ചിരുന്നു. റോഡിലെ മണ്ണിനടിയില്‍ ലോറിയുണ്ടെന്നായിരുന്നു ഇത്രയും ദിവസത്തെ സംശയം. 98 ശതമാനം മണ്ണും ഇന്നലെ തന്നെ നീക്കിയിരുന്നു. ലോറിയുടെ സാന്നിധ്യമില്ലെന്ന് കര്‍ണാടകയും സ്ഥിരീകരിച്ചിരുന്നു.
സൈന്യം എത്തിയതോടെ പക്ഷേ പ്രതീക്ഷ വര്‍ധിച്ചു. പക്ഷേ എല്ലാ പ്രതീക്ഷയും തെറ്റിച്ച് കൊണ്ട് അര്‍ജുന്റെ ലോറി കരയില്‍ ഇല്ലെന്ന് സൈന്യവും സ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ റഡാറുകള്‍ ഉപയോഗിച്ചും പുഴയില്‍ പരിശോധന നടത്തുന്നുണ്ട്. നദയില്‍ മണ്‍കൂന അടക്കമുള്ളത് വലിയ വെല്ലുവിളിയാണ്. സ്‌കൂബ ഡൈവേഴ്‌സ് സംഘം ഗംഗാവലി പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
അര്‍ജുന്റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യത സൈന്യം തള്ളിക്കളയുന്നില്ല. നാവിക സേന കൂടുതല്‍ ഉപകരണങ്ങള്‍ അടക്കം എത്തിക്കും. നേരത്തെ സൈന്യത്തിന്റെ തിരച്ചിലില്‍ അര്‍ജുന്റെ കുടുംബം വലിയ അതൃപ്തി അറിയിച്ചിരുന്നു. വലിയ പ്രതീക്ഷയിലായിരുന്നു സൈന്യത്തെ കണ്ടതെന്നും, എന്നാല്‍ വേണ്ടത്ര ഉപകരണങ്ങളില്ലാതെയാണ് സൈന്യം എത്തിയതെന്നും അമ്മ ഷീല മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സൈന്യം മകനെ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവരെ അഭിമാനമായിട്ടാണ് കണ്ടത്. എന്നാല്‍ അത് തെറ്റി. അവര്‍ യാതൊന്നും ചെയ്തിട്ടില്ല. തിരച്ചിലിനായി മികച്ച ഉപകരണങ്ങളും കൊണ്ടുവന്നിട്ടില്ല. ഇന്ത്യന്‍ സൈന്യത്തിന്റെ ഈ അവസ്ഥയില്‍ വിഷമമുണ്ട്. വാഹനം അവിടെയില്ലെന്ന് തെളിയിക്കേണ്ടത് ചില്ലരുടെ പ്രസ്റ്റീജ് ഇഷ്യൂ ആണോ എന്ന് സംശയം ഉണ്ട്. വാഹനത്തിന്റെ ഉടമകളും ഡ്രൈവര്‍മാരും അവിടെയുണ്ട്.
അവരെ ഒന്നും തിരച്ചില്‍ നടക്കുന്നിടത്തേക്ക് കടത്തി വിടുന്നില്ല. മലയാളികള്‍ അല്ലാത്ത വേറെ മൂന്ന് പേരെ കൂടി അവിടെ കാണാതായിട്ടുണ്ട്. അവരുടെ ആള്‍ക്കാരെയെല്ലാം പോലീസ് ആട്ടിയോടിക്കുകയാണ് ചെയ്തത്. മകനെ ഇനി ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും അര്‍ജുന്റെ അമ്മ ഷീല പറഞ്ഞു.












Click it and Unblock the Notifications