അഗ്നിശുദ്ധിയോടെ കോടിയേരിയുടെ തിരിച്ചുവരവ്? സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് വീണ്ടും എത്തിയേക്കും
തിരുവനന്തപുരം: ബിനീഷ് കോടിയേരിയ്ക്ക് ഒടുവിൽ ജാമ്യം ലഭിച്ചിരിക്കുകയാണ്. അറസ്റ്റിലായി ഒരു വർഷം പൂർത്തിയാകാൻ ഒരു ദിവസം ബാക്കി നിൽക്കുമ്പോൾ ആണ് ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ലഹരി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ്.
സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും ആയിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ എന്നത് തന്നെ ആണ് ബിനീഷ് കോടിയേരിയുടെ പ്രത്യേകത. മകന്റെ അറസ്റ്റിന് പിറകെ, ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നു. ഇപ്പോൾ, ബിനീഷിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ എത്തിയേക്കുമെന്ന് രണ്ട് മാസമായി വാർത്തകൾ പുറത്ത് വരുന്നുണ്ട്. പാർട്ടി സമ്മേളനങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇത് നടപ്പിലാകും എന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാന സമിതി ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും എന്നും വാർത്തകൾ വന്നിരുന്നു. എന്നാലിപ്പോൾ പാർട്ടി സമ്മേളനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാവുകയും ലോക്കൽ, ഏരിയ സമ്മേളനങ്ങൾ തുടങ്ങുകയും ചെയ്തു.

2020 നവംബർ 13 ന് ആയിരുന്നു കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്തത്. ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് ഒക്ടോബർ 29 നും. സിപിഎം സംസ്ഥാന സെക്രട്ടറിമാർ ഒന്നും ഇതുവരെ നേരിടാത്ത കടുത്ത പ്രതിസന്ധിയായിരുന്നു അപ്പോൾ ഉടലെടുത്തത്. ഇതിന് മുമ്പും ബിനീഷ് കോടിയേരിക്കെതിരേയും ബിനോയ് കോടിയേരിക്കെതിരേയും പല ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും അറസ്റ്റ് പോലുള്ള നടപടികളിലേക്ക് നീങ്ങിയിരുന്നില്ല. മാത്രമല്ല, മയക്കമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് എന്ന ആരോപണം ഏറെ ഗൗരവം അർഹിക്കുന്നതും ആയിരുന്നു.

അർബുദ ബാധിതനായിരുന്ന കോടിയേരി ബാലകൃഷ്ണൻ, നേരത്തേ തന്നെ ഇതുമായി ബന്ധപ്പെട്ട ചികിത്സയിൽ ആയിരുന്നു. ബിനീഷിന്റെ അറസ്റ്റോടെ, ആരോഗ്യ പ്രശ്‌നങ്ങൾ മുൻനിർത്തിയായിരുന്നു അദ്ദേഹം സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്തത്. എന്നാൽ, ബിനീഷിന്റെ അറസ്റ്റും ഇതിനൊരു കാരണമായിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എന്തായാലും, അദ്ദേഹവും സിപിഎമ്മും ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടിന് സ്വീകാര്യതയും ലഭിക്കുകയുണ്ടായി. താൻ മാറിനിൽക്കാനുള്ള തീരുമാനത്തിന് പിന്നിൽ ബിനീഷിന്റെ കേസും ഒരു ഘടകമായിരുന്നു എന്ന് കോടിയേരി തന്നെ പിന്നീട് പറയുകും ചെയ്തിട്ടുണ്ട്.

ചികിത്സയ്ക്ക് ശേഷം, ആരോഗ്യവാനായി കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തിയിട്ട് ഏറെ നാളുകളായി. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ തന്നെ അദ്ദേഹം രാഷ്ട്രീയ ഇടപെടലുകളിൽ സജീവമായിരുന്നു. മുന്നണി വിഷയങ്ങളിലും അദ്ദേഹം തന്നെയാണ് പലപ്പോഴും ചർച്ചകൾ മുന്നിൽ നിന്ന് നയിച്ചത്. ഇതിനിടെ ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ സ്ഥാനവും കോടിയേരി ബാലകൃഷ്ണനെ തേടിയെത്തി. അതുകൊണ്ട് തന്നെ, അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ സിപിഎം സംസ്ഥാന സമിതി തന്നെ ഈ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചനകൾ. ഒരു പക്ഷേ, നവംബർ ആദ്യവാരത്തിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്തായാലും കോടിയേരി ബാലകൃഷ്ണനോ, സിപിഎമ്മോ ഇക്കാര്യത്തിൽ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. 2022 ഫെബ്രുവരിൽ എറണാകുളത്ത് വച്ചാണ് സംസ്ഥാന സമ്മേളനം നടക്കുക. പുതിയ സെക്രട്ടറിയെ ആ സമ്മേളനത്തിൽ വച്ചായിരിക്കും തിരഞ്ഞെടുക്കുക. ഇപ്പോൾ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയാൽ കോടിയേരി തന്നെ സ്ഥാനത്ത് തുടരുമോ എന്നതും സിപിഎമ്മിനുള്ളിൽ ചർച്ചയാണ്.

കേരളത്തിൽ സിപിഎം ഏറ്റവും ശക്തമായി നിൽക്കുന്ന ഒരു ഘട്ടത്തിൽ ആയിരുന്നു കോടിയേരി ബാലകൃഷ്ണന് രാഷ്ട്രീയമായും വ്യക്തിപരമായും വലിയ ആഘാതം സൃഷ്ടിച്ചുകൊണ്ട് ബിനീഷ് കോടിയേരി അറസ്റ്റ് ചെയ്യപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇത്. മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും ഈ വിഷയം വലിയ തോതിൽ ആഘോഷിക്കുകയും ചെയ്തു. എന്നാൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതോടെ, ഈ വിവാദം ക്ലച്ച് പിടിച്ചില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണി വൻ വിജയം നേടുകയും ചെയ്തു. അതിന് ശേഷം, 2021 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്ടിച്ച് തുടർഭരണവും നേടി. ബിനീഷ് കോടിയേരി വിവാദമോ, സ്വർണക്കടത്ത് വിവാദമോ, ലൈഫ് മിഷൻ വിവാദമോ സർക്കാരിന്റേയോ സിപിഎമ്മിന്റേയോ പ്രതിച്ഛായയെ ഒരു തരത്തിലും ബാധിച്ചില്ലെന്ന് കൂടി തെളിയിക്കുന്നതായിരുന്നു ഈ വിജയം.

ബിനീഷ് കോടിയേരിയുടെ അറസ്റ്റും, ഇത്രയും കാലം ജാമ്യം ലഭിക്കാതിരുന്നതും എല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടേ എന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സമർപ്പിച്ച കുറ്റപത്രത്തിൽ ബിനീഷ് കോടിയേരിയുടെ പേരില്ല. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബിനീഷിന്റെ ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ സമാഹരിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കഴിഞ്ഞിട്ടില്ല.

മുഹമ്മദ് അനൂപിന് മയക്കുമരുന്ന് ബിസിനസ്സിനായി ബിനീഷ് പണം നൽകി എന്ന ഇഡി ആരോപണം പോലും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിലനിൽക്കില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഒരു കോടിയിൽ താഴെയുള്ള ഇടപാടുകൾ ഈ വകുപ്പിന് കീഴിൽ വരില്ലെന്നാണ് പറയുന്നത്. അനൂപിന് നൽകി എന്ന് പറയപ്പെടുന്ന തുക, ഒരു കോടിയിൽ താഴെയാണുതാനും. അങ്ങനെയൊക്കെ ആയിട്ടും ഹൈക്കോടതിയിൽ മാത്രം ഏഴ് മാസത്തോളം ജാമ്യ ഹർജി എന്തുകൊണ്ട് തീർപ്പാകാതെ കിടന്നു എന്ന ചോദ്യവും സജീവമായി ഉയരുന്നുണ്ട്.
Recommended Video

ജാമ്യം ലഭിച്ചു എന്നതുകൊണ്ട് ബിനീഷ് കുറ്റവിമുക്തനായി എന്ന് അർത്ഥമില്ല. എന്നാൽ, സിപിഎമ്മിനേയും കോടിയേരിയേയും സംബന്ധിച്ച് ഇതൊരു അഗ്നിശുദ്ധി പോലെ തന്നെ ആണെന്നാണ് വിലയിരുത്തൽ. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ പകപോക്കൽ എന്ന രീതിയിൽ തന്നെയാണ് ഈ കേസിനെ അവർ വിലയിരുത്തുന്നതും. അതുകൊണ്ട് തന്നെയാണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് ഉടൻ തിരിച്ചെത്തിയേക്കും എന്ന് കരുതുന്നതും. നിലവിൽ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ എൽഡിഎഫ് കൺവീനർ കൂടിയാണ്.












Click it and Unblock the Notifications