കേസിന്റെ പേരില്‍ ഭീഷണി വേണ്ടെന്ന് ഉമ്മന്‍ചാണ്ടിയോട് പിണറായി
കോട്ടയം: കേസ് കൊടുത്ത് ഭീഷണിപ്പെടുത്താമെന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും വിചാരിക്കുന്നുണ്ടെങ്കില്‍ അതാരും വകവയ്ക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കേരളത്തിലെ പൊതുരംഗം മലീമസമാക്കുകയാണ് യുഡിഎഫ്. സ്വന്തം കുറ്റങ്ങള്‍ മറയ്ക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുന്ന പ്രതിപക്ഷനേതാവിനെ കേസില്‍ പെടുത്തി വിരട്ടാനാണ് ശ്രമം-ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫിനുമെതിരെ ആഞ്ഞടിച്ച് കൊണ്ട് പിണറായി വിജയന്‍ പറഞ്ഞു.

നാലു സീറ്റും വോട്ടും കിട്ടാന്‍ എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കാന്‍ തയ്യാറായവരാണ് കോണ്‍ഗ്രസുകരെന്ന് പിണറായി ആഞ്ഞടിച്ചു. വിപി സിങ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍എസ്എസുമായി ചേര്‍ന്നത് കോണ്‍ഗ്രസാണെന്ന കാര്യം ഉമ്മന്‍ചാണ്ടി മറക്കരുത്. അഴിമതിയില്‍ ആരാണ് മുഖ്യന്‍ എന്ന മത്സരമാണ് ഉമ്മന്‍ചാണ്ടിയും മാണിയും തമ്മില്‍ നടക്കുന്നത്. ഇരുകാലുകളുമില്ലാത്തവരാണ് ചവിട്ടുമെന്ന് പറഞ്ഞ് വീരവാദം മുഴക്കുന്നതെന്നും വീരവാദക്കാരുടെ പിന്തുണ ഇടതുമുന്നണിക്ക് ആവശ്യമില്ലെന്നും പിണറായി വ്യക്തമാക്കി.
യുഡിഎഫിനെ കടന്നാക്രമിക്കുന്നതിനൊപ്പം മത്സരരംഗത്ത് സജീവമായി നില്‍ക്കേണ്ടതിന്റെ പ്രാധാന്യവും അണികളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം മറന്നില്ല. തിരഞ്ഞെടുപ്പ് രംഗത്ത് അലംഭാവം ഉണ്ടാകരുത്. എതിര്‍സ്ഥാനാര്‍ഥികളെ നിസാരരായി കാണരുത്, അമിത ആത്മവിശ്വാസം വിപരീതഫലം ഉണ്ടാക്കും, അലസത പാടില്ല, ചിട്ടയായ പ്രവര്‍ത്തനം വേണം തുടങ്ങിയ തിരഞ്ഞെടുപ്പ് നിര്‍ദ്ദേശങ്ങള്‍ അണികള്‍ക്കായി പങ്കുവയ്ക്കാനും അദ്ദേഹം മറന്നില്ല. പാല, ഈരാറ്റുപേട്ട, കുറവിലങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് അദ്ദേഹം പൊതുയോഗത്തില്‍ പങ്കെടുത്തത്.
പൊതുവെ യുഡിഎഫിന് മേല്‍ക്കൈയുള്ള കോട്ടയം ജില്ലയില്‍ ഇടതുമുന്നണിക്ക് മുന്നേറ്റമുണ്ടാക്കാനുള്ള ആവേശം അണികളിലേക്ക് പകര്‍ന്നാണ് അദ്ദേഹം ഓരോ പ്രസംഗവും അവസാനിപ്പിച്ചത്.












Click it and Unblock the Notifications