'ഞാന്‍ കിടക്കുന്നത് കട്ടിലില്‍; അവള്‍ നിലത്തും'; ഷമ്മിയെ അനുസ്മരിപ്പിക്കുന്ന ക്രൂരത; അതുല്യ അനുഭവിച്ചത്...
കൊല്ലം: നിശബ്ദമായി ചിരിച്ച്, മാന്യനായി അഭിനയിച്ച് ക്രൂരതയുടെ അങ്ങേയറ്റം പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന കഥാപാത്രം. ദുര്‍ബലരായ ഭാര്യയും സഹോദരിയുമായിരുന്നു അയാളുടെ ഇരകള്‍. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച കൊല്ലം സ്വദേശിനിയുടെ മരണവും ഓര്‍മ്മിപ്പിക്കുന്നത്, ക്രൂരത മറച്ചുവെച്ച് ചിരിച്ചുകൊണ്ട് നടക്കുന്ന ഷമ്മിമാരെയാണ്.
കൊടിയ പീഡനമാണ് മുപ്പതുകാരിയായ അതുല്യ ഭര്‍ത്താവ് സതീഷില്‍ നിന്ന് നേരിട്ടുകൊണ്ടിരുന്നത്. കടുത്ത മദ്യപാനിയായ സതീഷ് അതുല്യയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അതുല്യ അനുഭവിച്ചിരുന്ന ശാരീരിക, മാനസിക പീഡനത്തിന്റെ വ്യക്തമായ തെളിവുകള്‍ ആയിരുന്നു അത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പുറത്ത് അറിഞ്ഞത് ആകട്ടെ അതുല്യയുടെ മരണ ശേഷവും.

ജന്മദിനത്തിലാണ് അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു മുമ്പ് അതുല്യ അവസാനമായി സഹോദരിക്ക് വാട്‌സ് ആപ്പില്‍ അയച്ച ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. സതീഷ് ക്രൂരമായി മര്‍ദ്ദിച്ചെന്നും ആത്മഹത്യ ചെയ്യാനുള്ള ധൈര്യം തനിക്കില്ലെന്നും ആണ് അതുല്യ പറഞ്ഞത്. വയറില്‍ ഉള്‍പ്പെടെ ചവിട്ടിയെന്നും സഹിക്കാന്‍ പറ്റുന്നില്ലെന്നും ആയിരുന്നു അതുല്യയുടെ കരഞ്ഞു കൊണ്ടുള്ള സംഭാഷണം. അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ നിരവധി പാടുകള്‍ ഉള്ളതിന്റെ ചിത്രങ്ങളും പുറത്തുവന്നു.
ദുബായിലെ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ എന്‍ജിനീയറാണ് സതീഷ്. രണ്ടു ലക്ഷത്തോളം രൂപ ഷാര്‍ജയില്‍ ശമ്പളമുള്ള സതീഷ് അതുല്യയെ ജോലിക്ക് പോകാന്‍ പോലും സമ്മതിച്ചിരുന്നില്ല. അതുല്യയെ ആരെങ്കിലും നോക്കുന്നതോ സംസാരിക്കുന്നതോ പോലും സതീഷിന് ഇഷ്ടമില്ലായിരുന്നു.
അതുല്യ ഇന്നലെ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഇരിക്കുകയായിരുന്നു. അതിനിടെയാണ് ഫ്‌ളാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
അതേസമയം അതുല്യയുടെ മരണത്തില്‍ താന്‍ കുറ്റക്കാരന്‍ അല്ലെന്നാണ് സതീഷിന്റെ വാദം. അതുല്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സതീഷ് ആരോപിച്ചു. അതുല്യ മരിച്ച ശേഷം താനും ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സതീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. റൂമില്‍ താന്‍ കട്ടിലിലും അവള്‍ നിലത്തുമാണ് കിടന്നിരുന്നത്. തന്റെ അനുവാദമില്ലാതെ അതുല്യ നാട്ടില്‍ പോയി ഗര്‍ഭചിത്രം നടത്തി. അതിനു കാരണം പറഞ്ഞത് 'നിങ്ങള്‍ ഒരു ഷുഗര്‍ രോഗിയാണ്. മറ്റൊരു കുഞ്ഞിനെ കൂടി നോക്കാന്‍ എനിക്കാകില്ല' എന്നായിരുന്നു.
അതുല്യയെ മര്‍ദിക്കുമെന്ന് സമ്മതിച്ച സതീഷ് തങ്ങള്‍ പരസ്പരം കൂടുതല്‍ പൊസസീവ് ആയിരുന്നുവെന്നും വെളിപ്പെടുത്തുന്നുണ്ട്.
ഇരുവര്‍ക്കും 10 വയസുള്ള മകളുണ്ട്. അതുല്യയുടെ മാതാപിതാക്കള്‍ക്കൊപ്പം ആണ് മകള്‍ കഴിയുന്നത്. അസ്വാഭാവിക മരണത്തില്‍ ഷാര്‍ജ പോലീസ് അന്വേഷണം ആരംഭിച്ചു. സതീഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി ചവറ തെക്കുഭാഗം പോലീസും കേസെടുത്തു. അമ്മയുടെയും അച്ഛനെയും പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൊലപാതക കുറ്റം സ്ത്രീധന നിരോധന നിയമം ആത്മഹത്യാപ്രേരണ കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications