'കയ്യൂക്ക് കൊണ്ട് പള്ളി തകർത്ത് ക്ഷേത്രം,കേന്ദ്രസർക്കാർ നടത്തുന്ന വിഗ്രഹപ്രതിഷ്ഠ, ഇത് അപകടം'; പികെ ഫിറോസ്
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ ഉയർന്ന ആ ക്ഷേത്രത്തെ മുൻനിർത്തി സംഘ്പരിവാറും കേന്ദ്രസർക്കാരും രാജ്യത്തിന്‍റെ അടിത്തറ തകർക്കുന്ന നടപടികളാണ് ചെയ്ത്കൂട്ടുന്നതെന്ന് ഫിറോസ് പറഞ്ഞു.
നെഹ്റുവില്‍ നിന്ന് മോദിയിലേക്കെത്തുമ്പോള്‍ ഇന്ത്യയുടെ ഭരണഘടനാ ജനാധിപത്യ സങ്കല്‍പങ്ങളില്‍ വന്ന മാറ്റം ആശങ്കയോടെയല്ലാതെ കാണാനാകില്ല.
നൂറ്റാണ്ടുകളായി നിലനിന്നിരുന്ന മസ്ജിദ് കയ്യൂക്ക് കൊണ്ട് തകർത്ത് അവിടെ ഒരു ക്ഷേത്രം നിർമിച്ച് കേന്ദ്രസർക്കാർ ഔദ്യോഗിക ചടങ്ങ് പോലെ അതിലെ വിഗ്രഹപ്രതിഷ്ഠാകർമം നടത്തുന്നത് പുതിയ ഇന്ത്യയെ കുറിച്ചുള്ള അപകടകരമായ ചിത്രമാണ് രാജ്യത്തിന് നല്കുന്നതെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റ് പൂർണരൂപം വായിക്കാം-'ഇന്ത്യയിൽ ഏതെങ്കിലുമൊരു മത വിഭാഗം അവരുടെ ആരാധനാലയം പണിയുന്നതിനെ ആരെങ്കിലും എതിർക്കേണ്ട കാര്യമില്ല. പക്ഷേ അയോധ്യയിലെ രാമക്ഷേത്രത്തെ മുൻ നിർത്തിയുള്ള സംഘ്പരിവാറിന്‍റെ രാഷ്ട്രീയ പദ്ധതികളെ മതേതര വിശ്വാസികള്‍ മനസ് തുറന്ന് എതിർക്കേണ്ടതുണ്ട്. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ ഉയർന്ന ആ ക്ഷേത്രത്തെ മുൻനിർത്തി സംഘ്പരിവാറും കേന്ദ്രസർക്കാരും രാജ്യത്തിന്‍റെ അടിത്തറ തകർക്കുന്ന നടപടികളാണ് ചെയ്ത്കൂട്ടുന്നത്.
ഇത് വലിയ ആശങ്കയുയർത്തുന്നതാണ്. നഗ്നമായ അധികാര ദുർവിനിയോഗവും ഭരണഘടനാ വിരുദ്ധ നടപടികളുമാണ് കേന്ദ്രസർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
രാഷ്ട്രത്തിന് ഔദ്യോഗിക മതമില്ലെന്നതും രാഷ്ട്രം ഏതെങ്കി്ലും ഒരു മതത്തോടും പ്രത്യേക പരിഗണനയോ അവഗണനയോ കാണിക്കരുതെന്നതും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. രാഷ്ട്രവും ഭരണകൂടവും ഏതെങ്കിലും പ്രത്യേക മതചിഹ്നങ്ങള്‍ പേറുന്നതും അതിന്‍റെ നടത്തിപ്പുകാരാകുന്നതും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ എല്ലാ കാലത്തും എതിർക്കപ്പെട്ടിരുന്നു.
രാജ്യത്തിന്‍റെ ഔദ്യോഗിക മുദ്രവഹിക്കുന്നവർ മതചടങ്ങുകളുടെ കാർമികരാകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് പറഞ്ഞാണ് സോമനാഥക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിന് പണ്ഡിറ്റ് ജവഹർലാല്‍ നെഹ്റു പങ്കെടുക്കാതിരുന്നതും അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിനെ നിരുത്സാഹപ്പെടുത്തിയതും. നെഹ്റുവില്‍ നിന്ന് മോദിയിലേക്കെത്തുമ്പോള്‍ ഇന്ത്യയുടെ ഭരണഘടനാ ജനാധിപത്യ സങ്കല്‍പങ്ങളില്‍ വന്ന മാറ്റം ആശങ്കയോടെയല്ലാതെ കാണാനാകില്ല.
നൂറ്റാണ്ടുകളായി നിലനിന്നിരുന്ന മസ്ജിദ് കയ്യൂക്ക് കൊണ്ട് തകർത്ത് അവിടെ ഒരു ക്ഷേത്രം നിർമിച്ച് കേന്ദ്രസർക്കാർ ഔദ്യോഗിക ചടങ്ങ് പോലെ അതിലെ വിഗ്രഹപ്രതിഷ്ഠാകർമം നടത്തുന്നത് പുതിയ ഇന്ത്യയെ കുറിച്ചുള്ള അപകടകരമായ ചിത്രമാണ് രാജ്യത്തിന് നല്കുന്നത്. ഇന്ത്യ എന്ന ആശയത്തെ തന്നെ തള്ളിക്കളയുന്നുവെന്ന കേന്ദ്രം ഭരിക്കുന്നവരുടെ പരസ്യപ്രഖ്യാപനത്തിനാണ് അയോധ്യ സാക്ഷ്യം വഹിക്കുന്നത്.
ഇന്ത്യൻ ഭരണ ഘടനയെ വെല്ലുവിളിക്കുന്ന, ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കുന്ന ഈ നീക്കത്തിനെതിരെ മുഴുവൻ ഇന്ത്യക്കാരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഞങ്ങൾക്കും അവരോട് എതിർപ്പാണ് പക്ഷേ മിണ്ടാതിരിക്കുന്നു എന്നേയുള്ളൂ എന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളൂ. ആ മൗനം പോലും അക്കൂട്ടരെ സഹായിക്കലാണ്. ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെയില്ല'.












Click it and Unblock the Notifications