തുടരും സിനിമയില്‍ അവര്‍ ആ മര്യാദ കാണിച്ചില്ല; ശോഭനയ്ക്ക് എങ്കിലും ഒരു വാക്ക് എന്നോട് പറയാമായിരുന്നു
ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റ് ആവുകയും ചെയ്തു. ശോഭന-മോഹന്‍ലാല്‍ കോമ്പോയെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ആ സിനിമയില്‍ നിന്ന് തനിക്ക് ഉണ്ടായ സങ്കടകരമായ അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.
തുടരും സിനിമയില്‍ ശോഭനയ്ക്കു വേണ്ടി ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മിയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഉപയോഗിച്ചത് ശോഭനയുടെ ശബ്ദവും. ക്ലൈമാക്‌സില്‍ ഭാഗ്യലക്ഷ്മിയുടെ ശബ്ദവും ഉപയോഗിച്ചിട്ടുണ്ട്. തന്നെ ഒഴിവാക്കിയ കാര്യം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് വിശദീകരിക്കുകയാണ് ഭാഗ്യലക്ഷ്മി.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍: അടുത്തകാലത്ത് എനിക്കുണ്ടായ ഏറ്റവും വലിയ വിഷമം തുടരും സിനിമയുമായി ബന്ധപ്പെട്ടാണ്. ശോഭനയുടെ ഒട്ടുമിക്ക സിനിമയിലും ഡബ്ബ് ചെയ്തിട്ടുള്ളത് ഞാനാണ്. ശോഭനയ്ക്ക് ഏറ്റവും നന്നായി യോജിക്കുന്നതും എന്റെ ശബ്ദമാണെന്ന് എല്ലാവരും പറയാറുണ്ട്. തുടരും സിനിമ ഞാന്‍ ഡബ്ബ് ചെയ്തതാണ്. ഞാന്‍ ആദ്യമായിട്ടാണ് ഇക്കാര്യം പുറത്തു പറയുന്നത്. എനിക്ക് തുറന്ന് പറയണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായ ഒരു വിഷയമാണിത്.
തുടരും സിനിമയില്‍ ഡബ്ബിങ്ങിന് എന്നെ വിളിച്ചു. ലാല്‍ സാറിന്റെ ഡബ്ബിങ് ഒക്കെ കഴിഞ്ഞു. ചേച്ചിയുടെ ഭാഗം മാത്രമേ ഉള്ളൂ എന്ന് തരുണ്‍ പറഞ്ഞു. തമിഴ് ക്യാരക്ടറാണ്. ശോഭന നന്നായി തമിഴ് പറയുമല്ലോ, അവരെക്കൊണ്ട് തന്നെ ഡബ്ബ് ചെയ്യിപ്പിച്ചു കൂടെ എന്ന് ഞാന്‍ ചോദിച്ചു. ശോഭനയ്ക്ക് ഭയങ്കര ആഗ്രഹമുണ്ട് സ്വന്തമായി ഡബ്ബ് ചെയ്യണം എന്ന്. എന്നാല്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടായി ഭാഗ്യ ചേച്ചി ഡബ്ബ് ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചു എന്നാണ് സംവിധായകനും പ്രൊഡ്യൂസറും പറഞ്ഞത്.
ഡബ്ബിങ്ങിന്റെ കോണ്‍ഫിഡന്‍സ് എനിക്ക് അടുത്ത കാലത്തായി കുറഞ്ഞു വരുന്നുണ്ട്. എന്റെ ശബ്ദം ഓവര്‍ എക്‌സ്‌പോസ്ഡ് ആയിട്ടുണ്ട്. അത് ബാധിക്കുന്നത് കഥാപാത്രങ്ങളെയാണ്. ശോഭന ഡബ്ബ് ചെയ്താല്‍ പോരേ എന്ന് വീണ്ടും ചോദിച്ചപ്പോഴും ചേച്ചി തന്നെ ചെയ്യണമെന്ന് സംവിധായകനായ തരുണ്‍ മൂര്‍ത്തി പറഞ്ഞു. മുഴുവന്‍ സിനിമയും ഞാന്‍ ഡബ്ബ് ചെയ്തു. ക്ലൈമാക്‌സ് അലറി നിലവിളിച്ച് ഭയങ്കര എഫര്‍ട്ട് എടുത്താണ് ചെയ്തത്.
ഒരു ബാര്‍ഗെയ്‌നിങ്ങും ഇല്ലാതെ നല്ല പേയ്‌മെന്റ് അവര്‍ എനിക്കു തന്നു. ഇതെല്ലാം കഴിഞ്ഞു. പടം റിലീസ് ആകുന്നില്ല. ഒടുവില്‍ ഞാന്‍ അങ്ങോട്ട് വിളിച്ചു ചോദിച്ചു. അപ്പോഴാണ് അവര്‍ പറഞ്ഞത്, ചേച്ചിയോട് എങ്ങനെ പറയണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ചേച്ചിയുടെ വോയിസ് മാറ്റി. ശോഭന തന്നെ ഡബ്ബ് ചെയ്തു. ഇത് എന്നോട് വിളിച്ചു പറയാനുള്ള മര്യാദ ഇല്ലേ എന്ന് ഞാന്‍ ചോദിച്ചു. ശോഭന പറഞ്ഞത് ഞാന്‍ ഡബ്ബ് ചെയ്തില്ലെങ്കില്‍ പ്രമോഷന് വരില്ല എന്നാണ്. അങ്ങനെ ശോഭനയെ കൊണ്ട് ഡബ്ബ് ചെയ്യിച്ചു.
അഭിനയിച്ച വ്യക്തിക്ക് അവരുടെ ശബ്ദം കൊടുക്കാനുള്ള എല്ലാ അവകാശവും ഉണ്ട്. ആര് ആര്‍ക്ക് വോയ്‌സ് കൊടുക്കണം എന്നുള്ളത് ഡയറക്ടറുടെ തീരുമാനമാണ്. ആര്‍ട്ടിസ്റ്റിന് കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ അത് ചെയ്യാനുള്ള അവകാശമുണ്ട്. അതിലൊന്നും എനിക്ക് എതിര്‍പ്പില്ല. പക്ഷേ ഇത്രയും സിനിമകള്‍ ഡബ്ബ് ചെയ്ത ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് ശോഭനയ്ക്ക് എന്നെ വിളിച്ച് ഒരു വാക്ക് പറയാമായിരുന്നു.
ശോഭനയ്ക്ക് പറയാം, എന്റെ ഒരു ആഗ്രഹമാണ് ഒരു പടം ഡബ്ബ് ചെയ്യണമെന്നുള്ളത്. അത് അവര് പറഞ്ഞില്ല. പ്രൊഡ്യൂസര്‍ പറഞ്ഞില്ല, ഡയറക്ടര്‍ പറഞ്ഞില്ല. ഡയറക്ടര്‍ പ്രമോഷനില്‍ പറഞ്ഞത് ഞങ്ങള്‍ ശോഭനയാണെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ ശോഭനയുടെ സ്വന്തം വോയിസ് ഉപയോഗിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു എന്നാണ്. ഇങ്ങനെ നുണ പറയുന്നത് കേട്ടപ്പോള്‍ സങ്കടം തോന്നി. അതിനെതിരെ വീഡിയോ ചെയ്യാനൊന്നും താല്‍പര്യമുണ്ടായില്ല.
പടം ഞാന്‍ ആദ്യ ദിവസം തന്നെ കാണാന്‍ പോയി. ക്ലൈമാക്‌സില്‍ എന്റെ വോയിസ് ഉപയോഗിച്ചിട്ടുണ്ട്. അത്രയ്ക്ക് അലറി നിലവിളിച്ചു കരയാന്‍ ശോഭനയ്ക്കു കഴിയില്ല. കാരണം ശോഭനയ്ക്ക് അങ്ങനെ ചെയ്ത് എക്‌സ്പീരിയന്‍സ് ഇല്ല. ഡയലോഗ് ഒക്കെ അവര് പറഞ്ഞിട്ടുണ്ടെങ്കിലും അലറലും നിലവിളിയും ഒക്കെ എന്റേതാണ്. എത്തിക്‌സ് എന്നോട് കാണിച്ചില്ല എന്ന സങ്കടമുണ്ട് - ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍.












Click it and Unblock the Notifications