വയനാട് തുരങ്ക പാതയ്ക്ക് അനുമതി നൽകി പരിസ്ഥിതി ആഘാത സമിതി; ഈ വ്യവസ്ഥകൾ പാലിക്കണം
കോഴിക്കോട്: ഏറെ പ്രതീക്ഷയോടെ വടക്കൻ കേരളം ഉറ്റുനോക്കുന്ന വയനാട് തുരങ്ക പാതയ്ക്ക് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത പഠന സമിതി. 25 വ്യവസ്ഥകളോടെയാണ് തുരങ്ക പാതയുടെ നിർമ്മാണത്തിന് സമിതി അനുമതി നൽകിയത്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്തെ തുരങ്ക പാതയുടെ നിർമ്മാണം അതീവ ശ്രദ്ധയോടെ വേണമെന്നുൾപ്പെടെ സമിതി നിർദ്ദേശിച്ചിരുന്നു.
അന്തിമ അനുമതി നൽകാമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിക്ക് (സിയ) വിദഗ്‌ധ സമിതി കഴിഞ്ഞ ദിവസം ശുപാർശ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. ഇതോടെ സംസ്ഥാന സർക്കാരിന് നിർമ്മാണവുമായി മുന്നോട്ട് പോവാൻ സാധിക്കും. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് നീളുന്ന തുരങ്കപാത ഏറെ പ്രത്യേകതകളുള്ള പദ്ധതികളിലൊന്നാണ്.

നിർണായകമായ ഒട്ടേറെ വ്യവസ്ഥകൾ സമിതി മുന്നോട്ട് വച്ചിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശത്ത് നിർമ്മാണം അതീവ ശ്രദ്ധയോടെ വേണം നടത്താനെന്നും മല തുരക്കുമ്പോൾ സമീപ പ്രദേശത്ത് ഉണ്ടാകുന്ന ആഘാതം കൃത്യമായി പഠിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കനത്ത മഴ ഉണ്ടായാൽ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനങ്ങൾ രണ്ടു ജില്ലകളിലും വേണമെന്നും സമിതി മുന്നോട്ട് വച്ച വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.
വയനാട്-നിലമ്പൂർ ആനത്താരയിലെ അപ്പംകാപ്പ് ഭാഗത്ത് ആനത്താര നിലനിർത്താൻ വേണ്ടി 3.0579 ഹെക്‌ടർ ഭൂമി ഏറ്റെടുക്കണം. പദ്ധതിപ്രദേശത്ത് മാത്രമുള്ള 'ബാണാസുര ചിലപ്പൻ' എന്ന പക്ഷികളുടെ സംരക്ഷണത്തിനുള്ള പഠനം നടത്തണമെന്നും വ്യവസ്ഥയിലുണ്ട്. ജില്ലാതലത്തിൽ നാലംഗ വിദ്ഗധ സമിതി രൂപീകരിക്കണം തുടങ്ങിയ മാനദണ്ഡങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇവ പാലിക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പദ്ധതിക്ക് അനുമതിയായിരിക്കുന്നത്.
ഏറ്റവും മികച്ച സാങ്കേതിക വിദ്യകളുടെ ഉപയോഗം ഉറപ്പാക്കണമെന്നും നിർദ്ദേശത്തിലുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കിയത്. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, തുരങ്ക പാതയുടെ നിർമ്മാണത്തിന് 2 കമ്പനികളെയാണ് സർക്കാർ തിരഞ്ഞെടുത്തത്. ഇതുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുപ്പ് അടക്കമുള്ള നടപടികൾ 90 ശതമാനം പൂർത്തിയാക്കിയിട്ടുമുണ്ട്. വയനാട് തുരങ്ക പാതയ്ക്കായി 2134 കോടി രൂപ ഇത്തവണയും ബജറ്റിൽ നീക്കി വച്ചിരുന്നു. രണ്ട് തുരങ്കമായാണ് പാത നിർമ്മിക്കുകയെന്നാണ് ലഭ്യമായ വിവരം.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ പ്രദേശത്ത് നിന്ന് ആരംഭിച്ച് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുക. ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുക എന്ന പ്രത്യേകത കൂടിയുണ്ട്. നേരത്തെ തന്നെ പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്ത് വന്നിരുന്നു, ഉരുൾപൊട്ടൽ ഉണ്ടായതോടെ പ്രതിഷേധം ശക്തമായി. എന്നാൽ ഇക്കാര്യത്തിൽ മുന്നോട്ട് പോവാൻ തന്നെയാണ് സർക്കാർ തീരുമാനം.












Click it and Unblock the Notifications