'പത്മജയെ മറുകണ്ടം ചാടിച്ച ബിജെപി ലക്ഷ്യം മറ്റൊന്ന്, മനസിലാക്കിയില്ലെങ്കിൽ അക്കാര്യം സംഭവിക്കും'; അഖിൽ മാരാർ
തിരുവനന്തപുരം: മികച്ചൊരു രാഷ്ട്രീയകൃഷിയാണ് ബിജെപി കേരളത്തിൽ ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. പത്മജയെ മറുകണ്ടം ചാടിച്ചതിന് പിന്നിലെ രാഷ്ട്രീയ ബുദ്ധി തിരിച്ചറിഞ്ഞില്ലെങ്കിൽ കോൺഗ്രസ് ഇനിയും നാശത്തിലേക്ക് പോകുമെന്നും അഖിൽ മാരാർ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രതികരണം.
'പത്മജ വേണുഗോപാലിനെ കൊണ്ടുപോയാൽ നമ്മുക്കൊന്നും ഇല്ലെന്ന് പറയുന്ന കോൺഗ്രസുകാർ ഇനിയെങ്കിലും ബിജെപിയുടെ ബുദ്ധി തിരിച്ചറിയണം. ടോം വടക്കൻ മുൻപ് ബിജെപിയിലേക്ക് പോയപ്പോൾ നിങ്ങൾ പറഞ്ഞത് അയാൾ പോയാൽ ഞങ്ങൾക്ക് ഒന്നും സംഭവിക്കില്ല, അദ്ദേഹത്തിനൊപ്പം ആരും ബിജെപിയിലേക്ക് പോകില്ലെന്നാണ്. ടോം വടക്കനെന്നയാൾ സോണിയ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു. പാർട്ടിയിൽ ആരൊക്കെ എന്തൊക്കെ കൈകാര്യം ചെയ്തുവെന്നതടക്കമുള്ള കോൺഗ്രസിലെ എല്ലാ അഴിമതിക്കഥകളും അറിയുന്നയാളായിരുന്നു അദ്ദേഹം.

ടോം വടക്കനെ കൊണ്ടുപോകുന്നത് നെഹ്റു കുടുംബത്തിന് ഫണ്ട് വരുന്നത് എവിടെ നിന്നെന്ന് തിരിച്ചറിയാനും എവിടെ വെട്ടണം എന്ന് അറിയാനും അതിന് അനുസരിച്ച് തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയാനും വേണ്ടിയായിരുന്നു. അല്ലാതെ വടക്കൻ പോകുമ്പോൾ അണികൾ പോകുമെന്ന് കരുതേണ്ടെന്ന് പറയുന്ന നിങ്ങളൊക്കെ വിഡ്ഢികളാണെന്നേ പറയൂ.
ജനങ്ങളെ മനസിലാക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും കോൺഗ്രസ് വളർന്നാൽ ബിജെപിക്ക് വളരാനാകില്ലെന്നും അവർക്ക് നന്നായി അറിയാം. അതുകൊണ്ട് കോൺഗ്രസിനെ എങ്ങനെയെങ്കിലും തകർക്കുകയെന്നത് മാത്രമാണ് ബി ജെ പിയുടെ ലക്ഷ്യം. പൂർണമായും കോൺഗ്രസിനെ ഇല്ലാതാക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. അതിന് അവർ ആരുടെ കൂടെയും കൂടും. ഇപ്പോൾ അവർ കേരളത്തിൽ സി പി എമ്മിനൊപ്പമാണ് കൂടിയിരിക്കുന്നത്.അവരെ വീണ്ടും അധികാരത്തിലെത്തിക്കുക, ലോക്സഭ തിരഞ്ഞെടുപ്പിൽ സി പി എമ്മിന് പരമാവധി സീറ്റുകൾ നേടിക്കൊടുക്കുക എന്നതൊക്കെയാണ് ബി ജെ പിയുടെ ലക്ഷ്യം.
കെ കരുണാകരന്റെ മകൾ പോലും ബിജെപിയിലേക്ക് പോയി എന്ന് പറയുമ്പോൾ മതേതര ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയൊരു ആശങ്കയുണ്ടാകും. ഭാവിയിൽ ഞങ്ങൾ വിജയിപ്പിക്കുന്ന കോൺഗ്രസുകാരൊക്കെ പേയേക്കും എന്ന ആശങ്കയുണ്ടാകും. ഈ സംശയം ഉണ്ടാകുമ്പോൾ ഇടതുപക്ഷം ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തും.
ബി ജെ പിയുടെ നേതാക്കൾ പറയുന്നത് കോൺഗ്രസ് നേതാക്കൾ നമ്മളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നാണ്. സി പി എം നേതാക്കളുടെ പേരുകളൊന്നും ഇവർ പറയുന്നില്ല. അതായത് കോൺഗ്രസ് നേതാക്കൾ നാളെ ഞങ്ങൾക്കൊപ്പം വരുമെന്ന സന്ദേശം നൽകാനാണ്. കോൺഗ്രസിനെ വിശ്വസിക്കരുത്, അവർക്ക് വോട്ട് കൊടുക്കരുത്, കോൺഗ്രസുകാരെല്ലാം ഞങ്ങളുടെ കൂടെ തന്നെ വരാൻ നിൽക്കുകയാണെന്നുള്ള ഒരു പ്രസ്താവന ഒളിഞ്ഞപും തെളിഞ്ഞും നൽകുകയാണ്. കോൺഗ്രസിനെ രാജ്യത്ത് നിന്ന് പൂർണമായും ഒഴിവാക്കുകയാണ് ഇതിലൂടെ അവർ ലക്ഷ്യം വെയ്ക്കുന്നത്', അഖിൽ മാരാർ പറഞ്ഞു.












Click it and Unblock the Notifications