'ഇത് സര്‍ക്കാരിന്റെ മൃദു സംഘപരിവാര്‍ നിലപാട്', പോലീസ് സ്റ്റേഷന് മുന്നിൽ സത്യാഗ്രഹമിരിക്കുമെന്ന് ബിന്ദു അമ്മിണി
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് നേരെ നടന്ന സംഘപരിവാര്‍ ആക്രമണത്തില്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധവുമായി ബിന്ദു അമ്മിണി. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകാത്തത് സര്‍ക്കാരിന്റെ മൃദു സംഘപരിവാര്‍ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് ബിന്ദു അമ്മിണി കുറ്റപ്പെടുത്തി.
ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് കുറിപ്പ്: '' എറണാകുളം പോലീസ് കമ്മീഷണർ ഓഫീസ് പരിസരത്ത് (ജില്ലാ പോലീസ് ആസ്ഥാനത്തിൻ്റെ കോമ്പൗണ്ട് ) വെച്ച് തീവ്രഹിന്ദു സംഘടനയായ 'ഹിന്ദുഹെൽപ്പ് ലൈൻ " നേതാക്കളും മറ്റ് സംഘപരിവാർ സംഘടനാ നേതാക്കന്മാരും ഗൂഢാലോചന നടത്തി 26.11.19 ന് സംഘം ചേർന്ന് എന്നെ ആക്രമിച്ച കേസിൽ പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും അന്വേഷണത്തിലും കേരള പോലീസ് മെല്ലെ പോക്ക് നയമാണ് സ്വീകരിച്ചത്. ആക്രമണം നടന്ന ദിവസം ഞാൻ നൽകിയ മൊഴികളിൽ പലതും രേഖപ്പെടുത്താൻ പോലീസ് തയ്യാറായിരുന്നില്ല. അതു കൊണ്ട് തന്നെ പ്രതി പട്ടികയിൽ നിന്ന് പലരും രക്ഷപ്പെടുകയും പട്ടികജാതി-പട്ടികവർഗ്ഗ ആക്രമണ നിരോധന നിയമത്തിൻ്റെ വകുപ്പുകൾ ചേർക്കാതെ FIR രജിസ്റ്റർ ചെയ്യുകയുമാണ് ചെയ്തത്.
പിന്നീട് ഞാൻ മജിസ്ട്രേട്ടിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് മറ്റ് പ്രതികളെ കൂട്ടി ചേർക്കുന്നതും SC/ST നിയമത്തിൻ്റെ വകുപ്പുകൾ കൂടി ചേർക്കുന്നതും. കേസിനാസ്പദമായ സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും കേസിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് അഡ്വ:യു .ജയകൃഷ്ണന് ഞാൻ വക്കാലത്ത് നൽകുന്നത്. ഇരയായ എനിക്ക് വേണ്ടി നിൽക്കേണ്ട സർക്കാർ വക്കീൽ കേസ് വിളിക്കുന്ന സമയങ്ങളിൽ ഹാജരാവുകയോ, ഹാജരാകുന്ന ദിവസങ്ങളിൽ എനിക്ക് വേണ്ടി സംസാരിക്കുകയോ ചെയ്തിട്ടില്ല. വളരെ ഗൗരവമേറിയ ഒരു കേസിൽ സർക്കാർ വക്കീൽ നിശബ്ദത പാലിക്കുന്നത് സർക്കാർ നിലപാടായി മാത്രമേ കാണാനാവൂ.
സംഭവം നടന്ന് ഒരു വർഷമായിട്ടും ഒരാളെ മാത്രം അറസ്റ്റ് ചെയ്യുകയും ഗൂഢാലോചനനടത്തി സംഭവസമയത്തു മുഖ്യപ്രതീക്കൊപ്പം നിന്ന് അക്രമത്തിൽ പങ്കാളികളായ മറ്റു പ്രതികളെ അറസ്റ്റു ചെയ്യാൻ തയ്യാറാവാതിരിക്കുകയുമാണ് കേരള പോലീസ് ഇതുവരെ അനുവർത്തിച്ച നയം.01.12.2020-ൽ മാത്രമാണ് പ്രതികൾ എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് പെറ്റീഷൻ ഫയൽ ചെയ്യുന്നത്.24.12.2020 ന് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തിട്ടുണ്ട്. മുൻകൂർ ജാമ്യം തള്ളിയിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറാകുന്നില്ല എന്നത് സർക്കാറിൻ്റെ മൃദു സംഘപരിവാർ നിലപാടാണ് വ്യകതമാക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചപ്പോഴും പ്രതികൾക്ക് ഹൈക്കോടതി യിൽ പോകാനുള്ള സമയം അനുവദിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് പോലീസിൽ നിന്ന് ലഭിച്ചിട്ടുള്ളത്.
അഡ്വ:യു .ജയകൃഷ്ണൻ എനിക്കു വേണ്ടി ഹാജരായി ശക്തമായി വാദം നടത്തുകയും സർക്കാർ വക്കീൽ വിട്ടു നിൽക്കുകയുമാണ് ചെയ്തത്. പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നടപടിയിൽ പ്രതിക്ഷേധിച്ചു ശബരിമല പ്രവേശനത്തിന്റെ രണ്ടാം വാർഷികമായ ജനുവരി രണ്ടിന്, മുൻപ് പ്രഖ്യാപിച്ചത് അനുസരിച്ചു കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുൻപിൽ സത്യാഗ്രഹം അനുഷ്ടിക്കുന്നതാണ്. നീതിയക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മുഴുവൻ പുരോഗമന ജനാധിപത്യ ശകതികളുടേയും പിന്തുണയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു''.