ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ കൊന്നൊടുക്കും, ലക്ഷണങ്ങള്‍ ഇവ
ആലപ്പുഴ: ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കുട്ടനാട്ടില്‍ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് പിന്നാലെ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് സാംപിളുകള്‍ പരിശോധനക്കായി അയച്ചു. മൂന്ന് സാംപിളുകളാണ് അയച്ചിരുന്നത്. ഇവ മൂന്നും പരിശോധനയില്‍ പോസിറ്റീവായതോടെ ആണ് ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്.
രോഗ ബാധിത മേഖലയിലെ താറാവുകളെ കൂട്ടത്തോടെ കൊന്ന് നശിപ്പിക്കും എന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരത്തോടെ തന്നെ താറാവുകളെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു. എന്നാല്‍ നിലവില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ല എന്നും ജില്ലാ ഭരണകൂടം അറിയിച്ചു. താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതോടെ ജില്ലാ ഭരണകൂടം ഇറച്ചി വില്‍പ്പന വിലക്കിയിരുന്നു.

ക്രമമായ ഇടവേളകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നതും താറാവുകളെ കൊന്നൊടുക്കുന്നതും കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ്. പക്ഷിപ്പനി ബാധിച്ച കോഴി - താറാവ് എന്നിവയെ കൊന്നൊടുക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്നും ധന സഹായം കൃത്യമായി ലഭിക്കാറില്ല എന്നാണ് കര്‍ഷകരുടെ ആരോപണം. താനക്കണ്ടത്തില്‍ ദേവരാജന്‍, ചിറയില്‍ രഘുനാഥന്‍ എന്നിവരുടെ താറാവുകള്‍ക്കാണ് രോഗം ബാധിച്ചത്.
രഘുനാഥന് 2 മാസം പ്രായമുള്ള 2000 താറാവുകളും ദേവരാജന് 3 മാസം പ്രായമുള്ള 15,000 താറാവുകളുമാണുള്ളത്. എച്ച് 5 എന്‍ 1 വൈറസ് ബാധയാണ് പക്ഷിപ്പനി എന്ന് അറിയപ്പെടുന്നത്. ഇതിന് മുന്‍പും ആലപ്പുഴയിലെ താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷികളേയാണ് കൂടുതലായി ഇത് ബാധിക്കുന്നത് എങ്കിലും അപൂര്‍വമായി മനുഷ്യരിലേക്കും എത്തിയേക്കാം.
രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് വൈറസ് പടരുക. ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീര വേദന, തലവേദന, ക്ഷീണം, ശ്വാസതടസം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. വയറിളക്കം, ഓക്കാനം, അപസ്മാരം എന്നിവയും ഉണ്ടാകാം. രണ്ടോ എട്ടോ ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ ആരംഭിക്കാം.
പൊതുവെ സാധാരണ പനി പോലെയാണ് തോന്നുക. ചുമ, പനി, തൊണ്ടവേദന, പേശിവേദന, തലവേദന, ശ്വാസംമുട്ടല്‍ എന്നിവയില്‍ ആരംഭിച്ച് കുടല്‍ പ്രശ്‌നങ്ങള്‍, ശ്വസന പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ കേന്ദ്ര നാഡീ വ്യൂഹം മാറ്റങ്ങള്‍ എന്നിങ്ങനെ ലക്ഷണങ്ങള്‍ വഷളായേക്കാം എന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 60 ശതമാനമാണ് മരണ നിരക്ക്.












Click it and Unblock the Notifications