ആറ് മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നിഷേധിച്ചു; കേരളത്തിന് കനത്ത തിരിച്ചടി
ദില്ലി: കേരളത്തിലെ ആറ് മെഡിക്കല്‍ കോളജുകള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചു. അടിസ്ഥാന സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കൗണ്‍സിലിന്റെ തീരുമാനം.

ഇതോടെ കേരളത്തിന് 1000 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടമാകും. കോഴ വിവാദത്തില്‍പ്പെട്ട വര്‍ക്കല എസ്ആര്‍ കോളജ് അടക്കമുള്ളവയ്ക്കാണ് അനുമതി തടഞ്ഞത്. ഇടുക്കിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, കല്‍പ്പറ്റയിലെ ഡിഎം വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തൊടുപുഴ അല്‍ അഷര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കേരള മെഡിക്കല്‍ കോളജ് എന്നീ സ്ഥാപനങ്ങള്‍ക്ക് അടുത്ത രണ്ട് അധ്യയന വര്‍ഷത്തേക്ക് പ്രവേശന വിലക്കുണ്ട്.
കൂടാതെ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ്, അടൂരിലെ മൗണ്ട് സിയോണ്‍ എന്നീ മെഡിക്കല്‍ കോളജുകള്‍ക്ക് അധികം അനുവദിച്ച സീറ്റുകളില്‍ ഈ വര്‍ഷം പ്രവേശനത്തിന് അനുമതിയില്ല.
സുപ്രീം കോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് ലോധ അധ്യക്ഷനായ മേല്‍നോട്ട സമിതിയുടെ നിബന്ധനകള്‍ പാലിക്കാതിരുന്നതാണ് ഈ കോളജുകള്‍ക്ക് തിരിച്ചടിയായത്. കണ്ണൂരിലെയും അടൂരിലേയും കോളജുകള്‍ക്ക് 100 സീറ്റുകളില്‍ പ്രവേശനം സാധിക്കില്ല. മറ്റു കോളജുകളിലെ 150 വീതം സീറ്റുകളിലും ഈ വര്‍ഷം പ്രവേശനം സാധ്യമല്ല.
വര്‍ക്കല, ചെര്‍പ്പുളശ്ശേരി മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നേടിക്കൊടുക്കുന്നതിന് കേരള ബിജെപി നേതാക്കള്‍ ആറ് കോടിയോളം രൂപ കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications