മുഖ്യശത്രു ബിജെപി തന്നെ; കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കില്ല- എസ്ആര്‍പി
കാസര്‍കോട്: ദേശീയ തലത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നത് സിപിഎമ്മിന്റെ മുഖ്യ അജണ്ടയാണെന്നും എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കില്ലെന്നും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ള പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും ജനകീയ ആവശ്യങ്ങള്‍ക്കായി സമരം നയിക്കുന്നതിന് ഇത് തടസ്സമാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ പാര്‍ട്ടികളെ ഏകോപിപ്പിക്കുകയെന്നത് ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമല്ല. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്കൊക്കെ വ്യത്യസ്ത നിലപാടുകളാണ് ഉള്ളത്.

ദേശീയ തലത്തില്‍ ബിജെപി.യുടെ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. എന്‍ഡിഎ.യിലെ സഖ്യകക്ഷികള്‍ കളം മാറിച്ചവിട്ടുകയാണ്. നേരത്തെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ശിവസേന ബിജെപി യുടെ നിലപാടുകള്‍ക്കെതിരെ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ടിഡിപി ഉള്‍പ്പെടെയുള്ള ഒന്നു രണ്ട് പാര്‍ട്ടികള്‍ മുന്നണി വിട്ട് കഴിഞ്ഞു. മറ്റു പാര്‍ട്ടികളും മുന്നണി വിടാനൊരുങ്ങുകയാണ്.
ബി.ജെ.പി സര്‍ക്കാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്ന് പിന്തിരിപ്പന്‍ നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. ഇതിനെതിരെ തൊഴിലാളി ഐക്യം ശക്തമായി ഉയര്‍ന്നു വരണം. വരാന്‍ പോകുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യേയും യുഡിഎഫിനെയും പരാജയപ്പെടുത്താനായി സഹകരിക്കുന്ന പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യും. കെ.എം മാണിയുടെ കാര്യത്തില്‍ ഇടതുമുന്നണിയിലെ പാര്‍ട്ടികളുമായി പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പി കരുണാകരന്‍ എം.പി, സിപ.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications