രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി ഉയർത്തിയ ബിജെപി നേതാവും കോൺഗ്രസ്സിൽ എത്തിക്കൂടായ്കയില്ല: കെടി ജലീൽ
രാഹുൽ ഗാന്ധിക്കെതിരെ കഴിഞ്ഞ ദിവസമാണ് ചാനൽ ചർച്ചയിൽ ബിജെപി നേതാവ് പ്രിന്റു മഹാദേവൻ വധഭീഷണി മുഴക്കിയത്. കേസെടുത്തെങ്കിലും പ്രിന്റു ജാമ്യം നേടി പുറത്തിറങ്ങി. ഈ വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ട് വന്നിരുന്നു. ഇതൊരു കടന്ന കയ്യായി പോയെന്ന് കെടി ജലീൽ എംഎൽഎ പ്രതികരിച്ചു. സന്ദീപ് വാര്യരെ പോലെ ഈ നേതാവും നാളെ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് എത്തിയേക്കാമെന്നും കെടി ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു.
കുറിപ്പ് വായിക്കാം: '' ''മുസ്ലിങ്ങളുടെ കഴുത്തിൽ ടയറിട്ട് തീ കൊളുത്തി കൊല്ലണം"! ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് നികൃഷ്ടനായ ഒരു സംഘി രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിർക്കണമെന്ന മട്ടിൽ നടത്തിയ അഭിപ്രായ പ്രകടനം അങ്ങേയറ്റം അപലപനീയമാണ്. നാലു ദിവസങ്ങൾക്കു മുമ്പാണ് സംഭവം നടന്നത്. ഇന്നലെ (സപ്തംബർ 29) അയാൾക്കെതിരെ പരാതി കിട്ടി. പോലീസ് ഉടനെ തന്നെ കേസെടുത്തു. ഇരുട്ടുന്നതിന് മുമ്പ് കോടതി ജാമ്യം കൊടുക്കുകയും ചെയ്തു.
കാശ്മീർ ഇഷ്യുവിൻ്റെ കാലത്താണെന്ന് തോന്നുന്നു തൻ്റെ എഫ്ബി പേജിൽ അന്നത്തെ ബി.ജെ.പിയുടെ വക്താവും ഇപ്പോൾ കോൺഗ്രസ്സുകാരനും, മുസ്ലിംലീഗിൻ്റെ ഇഷ്ടതോഴനുമായ മാന്യദേഹം എഴുതിയ വാക്കുകൾ യു.ഡി.എഫ് എം.എൽ.എ-മാർ ഒന്നോർക്കുന്നത് നന്നാകും: "അവരെ (മുസ്ലിങ്ങളെ) ടയർ കഴുത്തിലിട്ട് തീ കൊളുത്തി കൊല്ലണം. എന്നാലേ അവറ്റകൾ പാഠം പഠിക്കൂ". വിഷം ചീറ്റിപ്പറഞ്ഞ ആ വാചകങ്ങൾ കേട്ട് കേരളം ഞെട്ടിത്തരിച്ചു. ലീഗോ കോൺഗ്രസ്സോ ഒരക്ഷരം അതിനെതിരെ ഉരിയാടിയില്ല.

മറ്റൊരിക്കൽ ആർ.എസ്.എസിനെ ന്യായീകരിച്ചു കൊണ്ട് അതേ വ്യക്തി മൊഴിഞ്ഞത് ഇങ്ങിനെ: "അവർ ഗാന്ധിജിയെ ചെറുതായൊന്ന് വെടിവെച്ചു കൊന്നതല്ലാതെ മറ്റെന്തു തെറ്റാണ് ചെയ്തത്?". അന്നും ആരും ഒന്നും ഉരിയാടിയില്ല. രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി ഉയർത്തിയ ഇപ്പോഴത്തെ ബി.ജെ.പി നേതാവും നാളെ കോൺഗ്രസ്സിൽ എത്തിക്കൂടായ്കയില്ല! അന്ന് അയാൾക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് പറഞ്ഞ് കത്തു കൊടുക്കാതിരിക്കാൻ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും പ്രത്യേകം ശ്രദ്ധിക്കണമെന്നേ പറയാനുള്ളൂ.
മാറാട് കലാപകാലത്ത് കോഴിക്കോട്ടു വന്ന് മുസ്ലിങ്ങൾക്കെതിരെ കലാപാഹ്വാനം ചെയ്ത് പ്രസംഗിച്ചതിന് തൊഗാഡിയക്കെതിരെ എടുത്ത കേസ്, ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് പിൻവലിച്ചത് ഇതോടൊപ്പം ചേർത്ത് വായിക്കുക. നഹ്റു കുടുംബത്തിൽ നിന്ന് ഒരാളുടെയും ദേഹത്ത് ഒരു തരി മണ്ണ് പോലും ഇനി വീഴരുത്. രണ്ടു വിലപ്പെട്ട ജീവനുകൾ രാഷ്ട്രത്തിന് ദാനം ചെയ്ത കുടുംബമാണത്. ഇന്ത്യയെ സ്നേഹിക്കുന്ന ഒരാളെങ്കിലും രാജ്യത്ത് ജീവിച്ചിരിപ്പുണ്ടെങ്കിൽ പ്രാണൻ നൽകിയും രാഹുൽ ഗാന്ധിയെ വകവരുത്താനുള്ള ഏതൊരു നീക്കവും ചെറുക്കും.
എന്നാൽ ചാനൽ ചർച്ചയിൽ ഒരധമൻ പറഞ്ഞതും പൊക്കിപ്പിടിച്ച് കെ.പി.സി.സി പ്രസിഡണ്ട് സഭയിൽ അടിയന്തിര പ്രമേയം കൊണ്ടുവന്നത് കുറച്ചു കടന്ന കയ്യായിപ്പോയി! കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ തലക്ക് ഒരു സംഘി നേതാവ് ''ഇനാം" പ്രഖ്യാപിച്ചപ്പോൾ അതിനോട് പരിഹാസത്തോടെ പ്രതികരിച്ചവരാണ് കോൺഗ്രസ്സുകാരും ലീഗുകാരും. അതും ഈ അവസരത്തിൽ ഒന്നോർക്കുന്നത് നല്ലതാണ്''.












Click it and Unblock the Notifications