'വര്‍ഗീയത വമിപ്പിക്കുന്നതില്‍ ഷംസീറിന്റെ മൂത്താപ്പയാണ് റിയാസ്'; ലക്ഷ്യം മുസ്ലീം വോട്ട് ബാങ്കെന്ന് സുരേന്ദ്രന്‍
കാസര്‍കോട്: മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്.
റിയാസിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ സി പി എം നടത്തിക്കൊണ്ടിരിക്കുന്നത് മുസ്ലീം വോട്ട് ബാങ്കിനു വേണ്ടിയുള്ള പ്രാകൃത സമീപനമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. വര്‍ഗീയത വമിപ്പിക്കുന്നതില്‍ ഷംസീറിന്റെ മൂത്താപ്പയാണ് റിയാസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ജനങ്ങളെ ഭിന്നിപ്പിച്ച് അതില്‍ നിന്ന് മുതലാക്കാനാണ് സി പി എം നീക്കം. ഭരണ പരാജയം മറച്ചുവെക്കാനും നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാനുമാണ് സി പി എം ശ്രമം. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഗണപതി നിന്ദ. ഗോവിന്ദന്‍ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്'.

'സംസ്ഥാന ഭരണത്തെയും സി പി എമ്മിനെയും നിയന്ത്രിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസാണ്. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനെയും തിരുത്താന്‍ തക്ക ശക്തനായി റിയാസ് മരുമകന്‍ മാറി ഗോവിന്ദന് ആ പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമില്ല. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലന്ന് ഗോവിന്ദന്‍ തിരുത്തിയപ്പോള്‍ റിയാസ് പറയുന്നു, ഷംസീര്‍ പറഞ്ഞതാണ് ശരിയെന്ന് . പറഞ്ഞതൊന്നും ആരും തിരുത്തിയിട്ടില്ലന്നും. ഇനി മുഖ്യമന്ത്രിയാണ് നിലപാട് വ്യക്തമാക്കേണ്ടത്'.
'പാര്‍ട്ടി സെക്രട്ടറിയെ മരുമകന്‍ മന്ത്രി തിരുത്തുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം. ഏഴിന് നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. ഗണപതി നിന്ദ നടത്തിയ ഷംസീറുമായി സഭയില്‍ സഹകരിക്കുമോ എന്ന് വി.ഡി. സതീശനും കെ.സുധാകരനും വ്യക്തമാക്കണം. കോണ്‍ഗ്രസ് നിയമസഭയില്‍ സ്വീകരിക്കുന്ന നിലപാട് എന്താണെന്നറിയാന്‍ എല്ലാര്‍ക്കും താല്പര്യമുണ്ട്'.
'ഷംസീര്‍ മാപ്പു പറയും വരെ ശക്തമായ പ്രക്ഷോഭവവുമായി ബിജെപി മുന്നോട്ടു പോകുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. വര്‍ഗ്ഗീയ ഭ്രാന്തിനെതിരെ സമാധാന പരമായ പ്രക്ഷോഭമാണ് ബി ജെ പി നടത്തുക. 8 ന് നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തും. 10 ന് ബി ജെ പി യുടെ നേതൃത്വത്തില്‍ നിയമസഭാ മന്ദിരത്തിലേക്ക് നാമജപ യാത്ര സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.
അതേസമയം, സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞത് വ്യക്തമാണെന്ന ് മന്ത്രി റിയാസ് പറഞ്ഞു. ഒരു മത വിശ്വാസത്തിനും എതിരായ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. ബോധപൂര്‍വം സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്പീക്കറുടെ പേര് ഗോഡ്സെ എന്നാണെങ്കില്‍ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്നും റിയാസ് പരിഹസിച്ചു.












Click it and Unblock the Notifications