കോഴിക്കോട് ഇസ്രായേൽ അനുകൂല റാലി നടത്താൻ ബിജെപി; ക്രൈസ്തവ നേതാക്കളെ പങ്കെടുപ്പിക്കും
കോഴിക്കോട്: ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് ഇസ്രയേല്‍ അനുകൂല പരിപാടി നടത്താൻ ബിജെപി.. ഭീകരവിരുദ്ധസമ്മേളനം എന്ന പേരിൽ ഡിസംബര്‍ രണ്ടിന് കോഴിക്കോട് മുതലക്കുളത്ത് വെച്ചാണ് പരിപാടി നടത്തുക. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
അതിര്‍ത്തി കടന്നുള്ള ഹമാസ് ആക്രമണം ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇസ്രയേലിന്റേത് സ്വയം പ്രതിരോധമാണെന്നും പരിപാടിയെ കുറിച്ച് വിശദീകരിച്ച് കൊണ്ട് ബി ജെ പി കോഴിക്കോട് ജില്ലാ അധ്യക്ഷൻ വികെ സജീവൻ പറഞ്ഞു. ഹമാസിനെ വെള്ളപൂശാനും ഭീകരത വളര്‍ത്താനും സംഘടിത ശ്രമം നടക്കുന്നുണ്ടെന്നും സജീവൻ ആരോപിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ള മറ്റു രാജ്യങ്ങളിലെ പൗരൻമാരെ അടക്കം ബന്ദികളാക്കുകയും വധിക്കുകയും ചെയ്യുന്ന നടപടികൾ ചിന്തിക്കാൻ പോലും സാധിക്കില്ലെന്നും ഇസ്രായേലിന്റേത് ചെറുത്ത് നിൽപ്പാണെന്നും സജീവൻ പറഞ്ഞു.

നേരത്തെ മുസ്‌ലിം ലീഗിം സി പി എമ്മും കോഴിക്കോട് പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. നവംബർ 23-ന് കോണ്‍ഗ്രസിന്റെ പരിപാടിയും കോഴിക്കോട് കടപ്പുറത്ത് നടക്കുന്നുണ്ട്. അതിനിടെ പലസ്തീൻ വിഷയത്തിൽ കോൺഗ്രസിനേയും ബിജെപിയേയും രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തി. ഇസ്രയേലിനെതിരെ കോൺഗ്രസ് അഴകൊഴമ്പൻ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
'ദേശീയ പ്രസ്ഥാനക്കാലത്ത് ഗാന്ധിജിയും ജവഹർലാൽ നെഹ്‌റുവും ഉൾപ്പടെ കൊൺഗ്രസ് നേതാക്കൾ പലസ്‌തീൻ ജനതക്കൊപ്പമായിരുന്നു. ഇപ്പോൾ കോൺഗ്രസ് മനസുതുറക്കുന്നില്ല. സ്വാതന്ത്ര്യ ലഭിച്ചശേഷവും പലസ്‌തീൻ ജനതക്ക് ഇന്ത്യ കലർപ്പില്ലാത്ത പിന്തുണ നൽകിയിരുന്നു. യാസർ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പിഎൽഒക്ക് ഒപ്പം നിലകൊണ്ടു. ഈ നിലപാട് തിരുത്തി ബിജെപി സർക്കാർ ഇസ്രായേലിനെ പിന്തുണയ്‌ക്കുകയാണ്.
നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെയാണ് ഇന്ത്യ ഇസ്രായേലുമായി നയതന്ത്രബന്ധംതുടങ്ങിയത്. ഇരു രാജ്യങ്ങളിലും എംബസികൾ തുറന്നു. പാസ്‌പോർട്ട് നിയന്ത്രണങ്ങൾ നീക്കി. ഇപ്പോൾ പലസ്‌തീൻ ഐക്യദാർഢ്യറാലി നടത്തിയതിന്റെ പേരിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിന് അച്ചടക്കസമിതി വിലക്കുകൾ ഏർപ്പെടുത്തിയിരിക്കയാണ്. പലസ്‌തീൻ ഐക്യദാർഢ്യറാലികളിൽ എല്ലാ മനുഷ്യസ്‌നേഹികളും ഒന്നിച്ചണിനിരക്കണമെന്നാണ് സിപിഐ എം നിലപാട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സീറ്റ് നോക്കിയല്ല. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ ജനങ്ങളെയാകെ അണിനിരത്തുകയെന്നാതാണ് ലക്ഷ്യം. ലീഗായാലും ആര്യാടൻ ഷൗക്കത്തായാലും കടന്നുവരാം. വർഗീയ വാദികൾ, അഴകൊഴമ്പൻ നിലപാടുള്ളവർ എന്നിവരെ ഒഴിവാക്കി കൃത്യമായ വ്യക്തതതയുള്ളവരെല്ലാം ഒന്നിപ്പിക്കും. അതിൽ കക്ഷിരാഷ്‌ട്രീയ പരിഗണനയില്ല.
രാജ്യത്ത് ബിജെപി സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച പൗരത്വ ഭേദഗതിബിൽ, ഏകസിവിൽ കോഡ് എന്നീ വിഷയങ്ങളിൽ ഫാസിസ്‌റ്റുകൾക്കെതിരെ ഒന്നിച്ച പേരാട്ടത്തിന് സിപിഐ എം നേതൃത്വം നൽകി. രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കാനായിരുന്നു ബിജെപി ലക്ഷ്യം. ഇതിനെതിരെ മതനിരപേക്ഷ ചിന്താഗതിക്കാർ ഒന്നിച്ചു. സമാനമായി മാനവികത ഉയർത്തിപ്പിടിക്കുന്ന പോരാട്ടത്തിൽ ജനങ്ങളെയാകെ ഒന്നിപ്പിക്കും.
ജൂതരാഷ്‌ട്രം എന്ന് പറഞ്ഞ് ഫാസിസ്‌റ്റ് തന്ത്രമാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഗുജറാത്തിലും മണിപ്പൂരിലും ഇത്തരം പ്രചാരണം കണ്ടു. ഇത് തിരിച്ചറിയാനാവണം. പലസ്‌തീനെ പൂർണമായും ഉന്മൂലനം ചെയ്യാനും വംശഹത്യ നടത്താനുമാണ് ഇസ്രായേൽ നീക്കം. ഇതിന് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ഇന്ത്യയുടെയും പിന്തുണയുണ്ട്. അടിയന്തിരമായി യുദ്ധം അവസാനിപ്പിക്കണം. അതിനായി ലോകത്തുള്ള ജനങ്ങളാകെ ഒന്നിക്കണം',അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications