മഹാരാഷ്ട്രയില്‍ ഫോർമുലയായി: മുഖ്യമന്ത്രി പദം ബിജെപിക്ക്; ശിവസേനക്കും എന്‍സിപിക്കും ഉപമുഖ്യമന്ത്രിമാർ
മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി പദം ബി ജെ പിയിലേക്ക്. ശിവസേന, എന്‍ സി പി എന്നീ പാർട്ടികളില്‍ നിന്ന് ഓരോ ഉപമുഖ്യമന്ത്രിമാരുമുണ്ടാകും. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രിമാരായി ഏക്നാഥ് ഷിന്‍ഡെ, അജിത് പവാർ എന്നിവരും സത്യപ്രതിജ്ഞ ചെയ്തേക്കും. മഹായുതി സഖ്യം തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിന് മൂന്ന് കക്ഷികളും അവകാശവാദം ഉന്നയിച്ചതോടെ സംസ്ഥാനത്ത് സർക്കാർ രൂപീകരണം വൈകുകയാണ്. ബി ജെ പി തങ്ങളുടെ പാർട്ടിക്ക് മുഖ്യമന്ത്രി സ്ഥാനം 'വാഗ്ദാനം' ചെയ്‌തിരുന്നുവെന്നാണ് ശിവസേനയുടെ വാദം.
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ഉന്നത നേതാക്കള്‍ ഇടപെട്ടുവെന്ന തരത്തിലുള്ള റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എടുക്കാമെന്ന് ഏക്നാഥ് ഷിന്‍ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു. "ഞാനൊരു തടസ്സമാകില്ലെന്ന് പ്രധാനമന്ത്രി മോദിയോട് പറഞ്ഞു. അദ്ദേഹം എന്ത് തീരുമാനിച്ചാലും ഞങ്ങൾ അംഗീകരിക്കും" ഷിൻഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുന്നണിയിലും പാർട്ടിയിലും ആരും അസ്വസ്ഥനല്ല, ഒരു സ്ഥാനത്തിനും അത്യാഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് പാർട്ടികളുടേയും പ്രധാനപ്പെട്ട നേതാക്കളായ ദേവേന്ദ്ര ഫഡ്‌നാവിസ്, ഏകനാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ വ്യാഴാഴ്ച ഡല്‍ഹിയിലെത്തി അഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിമാരേയും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
2019 ലും സമാനമായ പ്രതിസന്ധിയിലേക്ക് എന്‍ ഡി എ സഖ്യം പോയിരുന്നു. അന്ന് അവിഭക്ത ശിവസേനയും ബി ജെ പിയും സഖ്യം ചേർന്ന് മത്സരിക്കുകയും ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊലിയുള്ള തർക്കത്തിനൊടുവില്‍ ശിവസേന സഖ്യം വിടുകയും കോണ്‍ഗ്രസും എന്‍ സി പിയുമായി ചേർന്ന് അധികാരത്തിലെത്തുകയുമായിരുന്നു. പിന്നീട് ശിവസേനയെ പിളിർത്തി, അവരുടെ നേതാവ് ഏക്നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി ബി ജെ പി അധികാരം തിരികെ പിടിക്കുകയായിരുന്നു. പിന്നിട് അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍ സി പിയേയും പിളർത്തി.
2019 ലേതില്‍ നിന്നും വ്യത്യസ്തമായി ശിവസേനയുടെ പിന്തുണയില്ലെങ്കിലും എന്‍ സി പി പിന്തുണയില്‍ ബി ജെ പിക്ക് മഹാരാഷ്ട്രയില്‍ ഇന്ന് സർക്കാർ രൂപീകരിക്കാന്‍ സാധിക്കും. 288 അംഗ നിയമസഭയില്‍ 132 സീറ്റുകളിലാണ് ബി ജെ പി വിജയിച്ചത്. ശിവസേനക്ക് 57 ഉം, എന്‍സിപിക്ക് 41 സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 145 പേരുടെ പിന്തുണ മതി.












Click it and Unblock the Notifications