രണ്ടും കൽപിച്ച് ബിജെപി; കേരളത്തിലെ സമൂഹമാധ്യമ പ്രചാരണം ശക്തമാക്കും, പുതിയ നീക്കം ഇങ്ങനെ...
തിരുവനന്തപുരം: കേരളത്തിൽ പാർട്ടിയുടെ സാമൂഹിക മാധ്യമ പ്രചാരണത്തിൽ അഴിച്ചുപണി നടത്താൻ ഒരുങ്ങി ബിജെപി ദേശീയ നേതൃത്വം. കൂടുതൽ മെച്ചപ്പെട്ട പ്രൊഫഷണൽ സംഘത്തെ ഇതിന്റെ ചുമതലയേൽപിക്കാനാണ് ആലോചന. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിൽ കേരളം ഏറെ പിന്നിലാണെന്ന് നേരത്തെ തന്നെ പല കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.
ഇതിന് പുറമെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അഗർവാൾ ഇക്കാര്യം ചൂണ്ടിക്കാട്ടി പരസ്യമായി വിമർശിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് അടിമുടി മാറാൻ ബിജെപി ഒരുങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ബിജെപിയുടെ ഈ മുഖം മിനുക്കൽ പരിപാടി എന്നതും ശ്രദ്ധേയമാണ്.

കേരളത്തിൽ വർഷംതോറും നൂറുകണക്കിന് യോഗങ്ങളിൽ പങ്കെടുക്കുന്ന താൻ തമിഴ്‌നാട്ടിൽ ഒറ്റത്തവണ പോയപ്പോൾ തമിഴ്‌നാട് ബിജെപിയുടെ പ്രവർത്തനങ്ങളിലും സമൂഹമാധ്യമ പ്രചാരണത്തിലും വ്യത്യസ്‌തതയുടെ ഒരു ലോകം കണ്ടെന്നായിരുന്നു രാധാമോഹൻദാസ് അഗർവാളിന്റെ ട്വീറ്റിൽ പറഞ്ഞിരുന്നത്. കേരളത്തിന്റെ സഹ പ്രഭാരിയും ദേശീയ ജനറൽ സെക്രട്ടറിയുമാണ് അദ്ദേഹം.
എന്നാൽ വിവാദമായതോടെ അദ്ദേഹം ട്വീറ്റ് പിൻവലിച്ചു. എന്നാൽ ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടുന്നത്. കേരളത്തിൽ സമൂഹ മാധ്യമ പ്രചാരണത്തിൽ പാർട്ടി പിന്നോട്ട് പോയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇത് കണക്കിലെടുത്താണ് കൂടുതൽ മെച്ചപ്പെട്ട സംഘത്തെ കൊണ്ട് വരാൻ ആലോചിക്കുന്നത്.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ ശക്തമായ സാന്നിധ്യമാവാൻ ബിജെപി നീക്കങ്ങൾ ആരംഭിച്ചിരുന്നു. ക്രിസ്ത്യൻ വീടുകളിലേക്ക് ക്രിസ്‌തുമസ് ആശംസ അറിയിക്കാനായി ബിജെപി പ്രവർത്തകരെ അയക്കാനാണ് തീരുമാനം. കേരളത്തിലെ പ്രധാന ന്യൂനപക്ഷ വിഭാഗങ്ങളിൽ ഒന്നായ ക്രിസ്ത്യൻ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
'സ്നേഹയാത്ര' എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. ഡിസംബർ 20 മുതൽ പത്ത് ദിവസത്തോളം നീണ്ടുനിൽക്കുന്ന പരിപാടിയാണ് ബിജെപി പദ്ധതിയിടുന്നത്. ഇതിലൂടെ കഴിഞ്ഞ കാലങ്ങളിൽ കൈമോശം വന്ന ന്യൂനപക്ഷ പിന്തുണ വീണ്ടെടുക്കാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മണിപ്പൂർ കലാപം ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് ശേഷം ക്രിസ്ത്യൻ വിഭാഗം ബിജെപിയിൽ നിന്ന് അകന്നുവെന്ന പ്രചാരണങ്ങൾക്ക് ഇടയിലാണ് ബിജെപിയുടെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
മുൻപ് കേരളത്തിലെ സഭാ നേതാക്കളെയും, മത മേലധ്യക്ഷന്മാരെയും നേരിട്ട് കണ്ട് പിന്തുണ തേടുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ ബിജെപി സംഘടിപ്പിച്ചിരുന്നു. ഇടക്കാലത്ത് ഇത് മന്ദഗതിയിലായതോടെ കൂടുതൽ ശക്തമായ നയപരിപാടികളുമായി ബിജെപി രംഗത്ത് വരികയാണ്.












Click it and Unblock the Notifications