ബോചെയെ കുടുക്കിയത് നാവിലെ വികട സരസ്വതി; 'പഴംപൊരി മുതൽ കുന്തീദേവി വരെ', വിവാദമായത് ഇവയൊക്കെ
സോഷ്യൽ മീഡിയയിലും പുറത്തും വലിയ ആരാധകവൃന്ദം തന്നെ സ്വന്തമായുള്ള വ്യവസായിയാണ് ബോബി ചെമ്മണ്ണൂർ. സ്വന്തം സ്ഥാപനത്തെ പരസ്യത്തിൽ നിന്നും മുക്തമാക്കി സ്വയം ഒരു ബ്രാൻഡായി മാറുക എന്ന തന്ത്രമാണ് ഇക്കാലമത്രയും ബോബി ചെമ്മണ്ണൂർ പയറ്റിയത്. അതിൽ വലിയൊരു പരിധിവരെ അദ്ദേഹം വിജയിക്കുകയും ചെയ്‌തിരുന്നു. അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിലെ പങ്കാളിത്തം തന്നെ അതിന് ഉദാഹരണമാണ്.
എന്നാൽ ഈ ഫെയിമിനെ ഉപയോഗിക്കേണ്ട രീതിയിൽ വന്ന ചില പാളിച്ചകളാണ് ബോചെയ്ക്ക് വിനയായത് എന്നാണ് കൂടുതൽ പേരും വിലയിരുത്തുന്നത്. അതിലെ പ്രധാന കാര്യം ഇത്രയും ജനപിന്തുണയുള്ള വ്യക്തിയായിരുന്നിട്ട് കൂടി പൊതുവേദികളിൽ പോലും ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയും മോശമായി സംസാരിക്കുകയും ചെയ്യുന്നു എന്നതാണ്.

തുറന്നുപറഞ്ഞാൽ ബോബി ചെമ്മണ്ണൂരിനെ കുഴിയിൽ വീഴ്ത്തിയത് കൂടെയുള്ളവരോ സോഷ്യൽ മീഡിയയോ ഹണി റോസോ പോലുമല്ല, അദ്ദേഹത്തിന്റെ നാവ് തന്നെയാണ്. വികട സരസ്വതി വാഴുന്ന നാവെന്ന് നാം പണ്ട് മുതൽ പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ദിനങ്ങളിൽ ഇത് കൂടുതലായും പറഞ്ഞുകേട്ടത് ബോചെയെ കുറിച്ചാണ്.
ഒട്ടേറെ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ. പലപ്പോഴും അദ്ദേഹം പങ്കെടുക്കുന്ന പൊതു പരിപാടികളിൽ പറയുന്ന ഓരോ വാക്കുകളും സോഷ്യൽ മീഡിയ പോലും സസൂക്ഷ്‌മം നിരീക്ഷിക്കുന്ന നിലയിലേക്ക് എത്തിയിരുന്നു. അതിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന ചില പരാമർശങ്ങൾ ഇവയൊക്കെയാണ്.
ഒരു വീഡിയോയിൽ കടക്കാരനോട് ദ്വയാർത്ഥം വച്ച് പഴംപൊരിയെ കുറിച്ച് സംസാരിക്കുന്നതും അത് മനസിലാക്കാതെ കടക്കാരൻ സാധാരണ രീതിയിൽ മറുപടി നൽകുന്നതുമൊക്കെ മുൻപേ വലിയ വിമർശനത്തിന് ഇടയാക്കിയതായിരുന്നു. എന്നാൽ അന്ന് ബോചെ ഫാൻസ് ചൂണ്ടിക്കാട്ടിയ കാര്യം ചിന്താഗതിയുടെ കുഴപ്പം ആണെന്നായിരുന്നു.
എന്നാൽ ഇതുപോലെ തന്നെ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോവുന്ന സമയത്തും അല്ലാതെ വ്‌ളോഗുകളിലും ഒക്കെ ബോചെ സമാനമായ രീതിയിൽ പ്രയോഗങ്ങൾ നടത്തി വന്നിട്ടുണ്ട്. എന്നാൽ ഏറ്റവും ഒടുവിൽ പണി തന്നത് ഹണിയാണ് എന്ന് മാത്രം. ജ്വല്ലറി ഉദ്‌ഘാടന വേദിയിൽ പരസ്യമായി കുന്തീദേവിയോട് ഹണിയെ ഉപമിച്ചപ്പോൾ മുതൽ വിവാദം ആളിക്കത്തിയിരുന്നു.
എന്നാൽ ഇത് പിന്നീട് കെട്ടടങ്ങിയെങ്കിലും ബോചെ ഹണിയെ കുറിച്ചുള്ള പരാമർശങ്ങൾ വീണ്ടും പലയിടത്തും ആവർത്തിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ കേസിലേക്ക് നയിച്ചത്. തുടർച്ചയായി അധിക്ഷേപ പരാമർശങ്ങളുടെ പേരിലാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയിരിക്കുന്നത്. മേൽപറഞ്ഞ ജ്വല്ലറി ഉദ്‌ഘാടന പരിപാടിയുടെ വീഡിയോയും തെളിവായി ഹാജരാക്കിയിട്ടുണ്ട്.












Click it and Unblock the Notifications