എറിഞ്ഞവനും ബോംബ് കൊണ്ട് തല ചിതറിയവനും സഖാവ്, ക്യാപ്‌സ്യൂള്‍ തയ്യാറാക്കിയോ; തുറന്നടിച്ച് കോണ്‍ഗ്രസ്
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ വരന്റെ വിവാഹവീടിനു തൊട്ടടുത്ത് യുവാവിനെ ബോംബെറിഞ്ഞു കൊന്ന സംഭവത്തില്‍ സി പി എമ്മിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റു പാര്‍ട്ടിക്കാരെ കൊല്ലാന്‍ പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് ഉണ്ടാക്കുന്നതിലൊന്നെടുത്ത് സ്വന്തം സഹപ്രവര്‍ത്തകന്റെ തലയില്‍ എറിഞ്ഞില്ലായിരുന്നെങ്കില്‍ ഈ ബോംബും ചെന്ന് വീഴുന്നത് മറ്റേതെങ്കിലും പാര്‍ട്ടിക്കാരന്റെ മേലാകുമായിരുന്നെന്ന് കോണ്‍ഗ്രസ് എം എല്‍ എ ഷാഫി പറമ്പില്‍ പറഞ്ഞു.

ആഭ്യന്തര വകുപ്പിന് എന്താണാവോ നാട്ടില്‍ പണി ? അതോ ഇനി കൊന്നതും കൊല്ലപ്പെട്ടതും പാര്‍ട്ടിക്കാര്‍ ആയതോണ്ട് പാര്‍ട്ടി പോലീസും പാര്‍ട്ടി കോടതിയുമാണോ തീരുമാനിക്കേണ്ടതെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു. ക്രമസമാധാന നിലയില്‍ നോക്ക്കുത്തിയാകുന്ന കേരളത്തിലെ നമ്പര്‍ 1 ദുരന്തമായ ആഭ്യന്തര വകുപ്പിനെതിരെ ബുധനാഴ്ച്ച കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് സമരം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഷാഫി പറമ്പിലിന്റെ വിമര്‍ശനം . കുറിപ്പിന്റെ പൂര്‍ണരൂപം

ചെങ്കൊടിയുടെ മുന്നില്‍ പച്ച വൃത്തത്തില്‍ ഉള്ളത് കൊല്ലപ്പെട്ടയാള്‍, നടുവില്‍ മുഷ്ടി ചുരുട്ടി നില്‍ക്കുന്നത് ബോംബെറിഞ്ഞയാള്‍.
ബോംബ് നിര്‍മ്മിച്ചത് പാര്‍ട്ടി ഗ്രാമത്തില്‍. ബോംബ് പെട്ടിക്കടയില്‍ നിന്ന് വാങ്ങുന്നതല്ല. പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റു പാര്‍ട്ടിക്കാരെ കൊല്ലാന്‍ പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് ഉണ്ടാക്കുന്നതിലൊന്നെടുത്ത് സ്വന്തം സഹപ്രവര്‍ത്തകന്റെ തലയില്‍ എറിഞ്ഞില്ലായിരുന്നെങ്കില്‍ ഈ ബോംബും ചെന്ന് വീഴുന്നത് മറ്റേതെങ്കിലും പാര്‍ട്ടിക്കാരന്റെ മേലാകുമായിരുന്നു.

ഷുഹൈബ് വധക്കേസിലെ പ്രതികള്‍ ഉള്‍പ്പടെയുള്ള ക്രിമിനല്‍ സംഘങ്ങളുടെ ഉറ്റ തോഴനാണ് കൊലയാളി എന്ന് കേള്‍ക്കുന്നു.
കല്യാണവീട്ടിലെ തര്‍ക്കത്തിന് തലയില്‍ ബോംബെറിഞ്ഞ് സ്വന്തം പാര്‍ട്ടിയിലെ ചെറുപ്പക്കാരനെ കൊന്നത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍, മുഖ്യമന്ത്രിയുടെ നാട്ടില്‍. സി ഐ ടി യു ഗുണ്ടകള്‍ ഒരു വ്യവസായ സ്ഥാപനം ഭീഷണിപ്പെടുത്തി അടച്ച് പൂട്ടിക്കുന്നത് മുഖ്യമന്ത്രിയുടെ കണ്ണൂരില്‍.

ആഭ്യന്തര വകുപ്പിന് എന്താണാവോ നാട്ടില്‍ പണി ? അതോ ഇനി കൊന്നതും കൊല്ലപ്പെട്ടതും പാര്‍ട്ടിക്കാര്‍ ആയതോണ്ട് പാര്‍ട്ടി പോലീസും പാര്‍ട്ടി കോടതിയുമാണോ തീരുമാനിക്കേണ്ടത് ? ജില്ലയിലെയും കേരളത്തില്‍ മൊത്തത്തിലും തകരുന്ന ക്രമസമാധാന നിലയില്‍ നോക്ക്കുത്തിയാകുന്ന കേരളത്തിലെ നമ്പര്‍ 1 ദുരന്തമായ ആഭ്യന്തര വകുപ്പിനെതിരെ ബുധനാഴ്ച്ച കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് സമരം- ഷാഫി കുറിച്ചു.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ ബോംബ് നിര്‍മ്മാണ ഫാക്റ്ററികളാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി പറഞ്ഞു. ബോംബ് എറിഞ്ഞവനും സഖാവ് ബോംബ് കൊണ്ട് തല ചിതറിയവനും സഖാവ്. കണ്ണൂരിലെ ബോംബ് ഓലപടക്കമാകുമോ? കല്ല്യാണണത്തിന് വരനെയും വധുവിനെയും പടക്കം പൊട്ടിച്ച് സ്വീകരിക്കുമ്പോള്‍ അബദ്ധത്തില്‍ ഓലപടക്കം പൊട്ടിയാണ് സഖാവ് മരിച്ചെതെന്ന ക്യാപ്‌സ്യൂള്‍ ജയരാജന്‍ തയ്യാറാക്കിയോ എന്ന് റിജില്‍ മാക്കുറ്റി ചോദിച്ചു.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ ബോംബ് നിര്‍മ്മാണ ഫാക്റ്ററികളാണ്. ഇതിനെല്ലാം പിന്‍ബലം സഖാക്കള്‍ക്ക് കിട്ടുന്നത് പോലീസിന്റെ രാഷ്ട്രീയ അടിമത്തം. കച്ചവടം സ്ഥാപനങ്ങള്‍ സി ഐ ടി യു ഗുണ്ടകള്‍ പൂട്ടിക്കുന്നു . പാര്‍ട്ടി സെല്‍ഭരണം നാട്ടില്‍ നടക്കുന്നത്. നാട് അരാജകത്വത്തിലേക്ക് നീങ്ങുന്നു. പോലീസ് പാര്‍ട്ടിക്കാര്‍ക്ക് മുന്നില്‍ വെറും നോക്കുകുത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ കല്യാണവീട്ടില്‍ നടന്ന ബോംബേറില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം കണ്ണൂരില്‍ ബോംബുനിര്‍മാണം കുടില്‍വ്യവസായം പോലെ സിപിഎം കൊണ്ടുനടക്കുന്നതിന്റെ പ്രത്യക്ഷ തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ, പ്രത്യേകിച്ചും കോണ്‍ഗ്രസുകാരെ കൊല്ലാന്‍ ബോംബ് ഉള്‍പ്പെടെയുള്ള എല്ലാവിധ മാരകായുധങ്ങളും അതു പ്രയോഗിക്കാന്‍ കൊലയാളി സംഘവും വാടകഗുണ്ടകളും സിപിഎമ്മിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications