‘എത്ര നാള്‍ സഹിക്കണം’? ബ്രഹ്മപുരം തീപിടിത്തത്തിൽ കോടതി; നിരീക്ഷണ സമിതിയെ നിയോഗിച്ചു
ബ്രഹ്മപുരത്തെ തീ കാരണമുള്ള പുക എത്രനാൾ ജനങ്ങൾ സഹിക്കണമെന്ന് ഹർജിയിൽ വാദം കേൾക്കുന്ന സമയത്ത് ഹൈക്കോടതി ചോദിച്ചു.

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തെ തുടർന്നുള്ള സാഹചര്യം നിരീക്ഷിക്കാൻ സമിതിയെ നിയോഗിച്ച് ഹൈക്കോടതി. സമിതിയിൽ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, കേരള ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എന്നിവർ അംഗങ്ങളാണ്. സമിതി ബ്രഹ്മപുരത്ത് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണം. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നടപടി.
ബ്രഹ്മപുരത്തെ തീ കാരണമുള്ള പുക എത്രനാൾ ജനങ്ങൾ സഹിക്കണമെന്ന് ഹർജിയിൽ വാദം കേൾക്കുന്ന സമയത്ത് ഹൈക്കോടതി ചോദിച്ചു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയോടാണ് കോടതി ഇക്കാര്യം ചോദിച്ചത്. ആറു മേഖലകളിലെ തീയണച്ചെന്നും രണ്ടിടത്ത് പുക ഉയരുന്നുണ്ടെന്നും കോർപ്പറേഷൻ കോടതിയെ അറിയിച്ചു. ജഡ്ജിമാർക്കും ജീവനക്കാർക്കും പുക മൂലം തലവേദന അനുഭവപ്പെട്ടെന്ന് കോടതി പറഞ്ഞു. ബ്രഹ്മപുരത്തെ തീ പൂർണമായും അണച്ചെന്ന് കൊച്ചി കോർപറേഷൻ കോടതിയെ അറിയിച്ചപ്പോൾ, ബ്രഹ്മപുരത്തെ അവസ്ഥ ഓൺലൈനിൽ കാണണമെന്ന് കോടതി ആവശ്യപ്പെട്ടു.
അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകർ കൊച്ചിയിലെ വീടുകളിലെത്തി സർവേ നടത്തും. തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
തീപിടിത്തത്തെ തുടർന്നും പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടും രോഗലക്ഷണങ്ങൾ ഉള്ളവരുണ്ടെങ്കിൽ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മറ്റ് രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവർ എത്രയും വേഗം ഡോക്ടറെ കാണേണ്ടതാണ്. എല്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങൾ ഉറപ്പ് വരുത്താനും ഉന്നതതല യോഗത്തിൽ ആരോഗ്യമന്ത്രി നിർദേശം നൽകി.
നിലവിൽ മാലിന്യ മലകളിൽനിന്ന് പുക ഉയരുന്നത് കുറഞ്ഞിട്ടുണ്ട്. കുറച്ചുഭാഗത്ത് പുക പൂർണതോതിൽ ശമിച്ചതായാണ് ലഭിക്കുന്ന വിവരം. എന്നാൽ പുകയ്ക്ക് നേരിയ ശമനം വന്നെങ്കിലും നഗരത്തിൽ പ്ലാസ്റ്റിക് കത്തിയതിന്റെ രൂക്ഷഗന്ധം നിലനിൽക്കുന്നുണ്ട്. ജില്ലയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കു ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ചതായാണ് റിപ്പോർട്ട്. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.
കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും മാലിന്യ നിർമാജ്ജനത്തിന് വഴിയില്ലാതായതോടെ പ്രദേശവാസികൾ കടുത്ത പ്രതിസന്ധിയിലാണ്. മാലിന്യം വീടുകളിൽ തന്നെ സൂക്ഷിക്കേണ്ട സ്ഥിതിയാണ്.












Click it and Unblock the Notifications