കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഇളവുകള്‍ക്ക് മുന്‍കാല പ്രാബല്യം, അധികം തുക ഓണ്‍ലൈനായി അക്കൗണ്ടിലെത്തും
തിരുവനന്തപുരം: കെട്ടിട പെര്‍മിറ്റ് ഇളവുകള്‍ക്ക് 2023 ഏപ്രില്‍ പത്ത് മുതലുള്ള മുന്‍കാല പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രി എംബി രാജേഷ്. ഉയര്‍ന്ന പെര്‍മിറ്റ് ഫീസ് ഈ ദിവസം മുതല്‍ അടച്ചവര്‍ക്ക് അധിക ഫീസ് തിരികെ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ തുക അക്കൗണ്ടിലെത്തും. അതേസമയം എന്നും മുതലാണ് പണം നല്‍കുകയെന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
പെര്‍മിറ്റ് ഫീസ് പകുതിയായി കുറച്ചതിന് പിന്നാലെയാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളാണ് പണം തിരികെ നല്‍കേണ്ടത്. ഇതിനായുള്ള ഉത്തരവ് ഉടന്‍ ഇറക്കും. നേരിട്ട് പണം വാങ്ങാന്‍ ആരും തദ്ദേശസ്ഥാപനങ്ങളില്‍ പോകേണ്ടതില്ലെന്നും, ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ പണം അക്കൗണ്ടിലെത്തുമെന്നും മന്ത്രി അറിയിച്ചു.

വാങ്ങിയ അധിക പെര്‍മിറ്റ് ഫീസ് തിരിച്ചുനല്‍കുമോ? കഴിഞ്ഞ ദിവസങ്ങളില്‍ പെര്‍മിറ്റ് ഫീസടച്ച ചിലര്‍ ഈ ചോദ്യം നവമാധ്യമങ്ങളിലൂടെ ചോദിക്കുന്നുണ്ട്, ചോദ്യം ന്യായമാണ്. ആ കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഈ വീഡിയോ. അതിനൊപ്പം തന്നെ തെറ്റിദ്ധാരണ പരത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ചിലര്‍ക്കും ഈ മറുപടി അനിവാര്യമാണ്.
ഇന്ന് പ്രഖ്യാപിച്ച പുതിയ ഫീസിനു 2023 ഏപ്രില്‍ 10 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരിക്കും എന്ന കാര്യം വ്യക്തമാക്കട്ടെ. ഈ കാലയളവില്‍ പെര്‍മിറ്റ് ഫീസ് അടച്ചവര്‍ക്ക്, ഒടുക്കിയ അധിക തുക തിരിച്ചുനല്‍കുക തന്നെ ചെയ്യും. ഇതിന് കെ സ്മാര്‍ട്ട് വഴിയും ഐ എല്‍ ജി എം എസ് വഴിയും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം വൈകാതെ ഒരുക്കുമെന്നും മന്ത്രി എംബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പെര്‍മിറ്റ് ഫീസ് പൂര്‍ണമായും തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുന്നത്. അതിനാല്‍ ഈ തുക കൊടുത്തുതീര്‍ക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കും. പണം ഓണലൈനായി ലഭ്യമാക്കുന്നതിനാണ് ആലോചിച്ചിട്ടുള്ളത്, ഇതിനായി നേരിട്ട് ആരും തദ്ദേശ സ്ഥാപനങ്ങളില്‍ പോകേണ്ടതില്ല.
ഇത് സംബന്ധിച്ച് വിശദമായ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം തയ്യാറാകുന്നതിനും അനുസരിച്ച് റീഫണ്ടിന് അപേക്ഷിക്കാവുന്നതാണെന്നും മന്ത്രി കുറിച്ചു. നേരത്തെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുത്തനെ വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിച്ചിരുന്നു സംസ്ഥാന സര്‍ക്കാര്‍. കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് 60 ശതമാനം വരെയാണ് കുറച്ചിരിക്കുന്നത്.
സിപിഎം നിര്‍ദേശപ്രകാരമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാന്‍ തീരുമാനിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് ഈ തീരുമാനം വന്നത്. ഇരുപത് ഇരട്ടി വരെയായിരുന്നു കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് ഉയര്‍ത്തിയത്.
81 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്‌ക്വയര്‍ വരെ വിസ്തീര്‍ണമുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് ചുരുങ്ങിയത് അന്‍പത് ശതമാനമെങ്കിലും കുറയ്ക്കാനാണ് പുതിയ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണായി പാര്‍ട്ടി കണ്ടെത്തിയത് ഫീസ് വര്‍ധനയായിരുന്നു. ഓഗസ്റ്റ് മുതലാണ് നിരക്ക് കുറയ്ക്കുക.












Click it and Unblock the Notifications