സര്‍വീസ് നിര്‍ത്തി സമരത്തിനില്ലെന്ന് ബസ് ഫെഡറേഷന്‍, പണിമുടക്കിന് മാറ്റമില്ലെന്ന് ഒരു വിഭാഗം
തൃശൂര്‍: ബസ് സമരവുമായി ബന്ധപ്പെട്ട് ബസ് ഉടമകള്‍ രണ്ട് തട്ടില്‍. ബസ് സര്‍വീസ് നിര്‍ത്തി സമരത്തിനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. എന്നാല്‍ അനിശ്ചിത കാല നിരാഹാര സമരം ജൂണ്‍ അഞ്ച് മുതല്‍ തിരുവനന്തപുരത്ത് നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.തൃശൂരില്‍ നടന്ന സമരപ്രഖ്യാപനം കണ്‍വെന്‍ഷനിലാണ് തീരുമാനം.
സംസ്ഥാന പ്രസിഡന്റ് കെകെ തോമസ് നിരാഹാരം കിടക്കുമെന്ന് കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു. അതേസമയം ഒരു വിഭാഗം ബസ് ഉടമകള്‍ സമരം പിന്‍വലിക്കില്ലെന്ന് അറിയിച്ചു. ജൂണ്‍ ഏഴ് മുതല്‍ തന്നെ അനിശ്ചിത കാല ബസ് സമരം ആരംഭിക്കുമെന്നും ബസ്സുടമകള്‍ അറിയിച്ചു.

നിലവില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ സ്വകാര്യ ബസ് ഉടമകളുടെയും പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയാക്കി ഉയര്‍ത്തുക, വിദ്യാര്‍ത്ഥി യാത്രാ ഇളവിന് പ്രായപരിധി ഏര്‍പ്പെടുത്തുക, കെഎസ്ആര്‍ടിസി ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാവേളയില്‍ പണം നല്‍കി യാത്ര ചെയ്യാനുള്ള നടപടി സ്വീകരിക്കുക, ലിമിറ്റഡ് ബസ് സ്റ്റോപ്പ് ബസ്സുകള്‍ തുടരാന്‍ അനുവദിക്കുക തുടങ്ങിയവയാണ് ബസ് ഉടമകളുടെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് ബസ്സുടമ സംയുക്ത സമിതി യോഗത്തില്‍ അനിശ്ചിത കാല പണിമുടക്കിലേക്ക് നീങ്ങാന്‍ ബസ്സ് ഉടമകള്‍ തീരുമാനിച്ചത്. അതേസമയം ഇന്നലെ സമരം പ്രഖ്യാപിച്ച ബസ് ഉടമകളുടെ സംഘടനയ്ക്കല്ല ശക്തിയെന്നും, ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. യഥാര്‍ത്ഥ സംഘടന തങ്ങളാണെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ അവകാശപ്പെട്ടു. പക്ഷേ ഒരു വിഭാഗം സമരത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.
ഇവര്‍ ഇന്ന് ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ഗതാഗത മന്ത്രി ചര്‍ച്ചയില്‍ ഞങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്ന് ബസ് ഉടമകള്‍ പറഞ്ഞു. മന്ത്രി ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാത്രമാണ് അറിയിച്ചത്. ഇതോടെ സമരം നടത്തുമെന്ന് മന്ത്രി നോട്ടീസിലൂടെ അറിയിച്ചിട്ടുണ്ടെന്നും സമരസമിതി കണ്‍വീനര്‍ ടി ഗോപിനാഥ് പറഞ്ഞു.
അതേസമയം സമരം ന്യായീകരിക്കാനാവില്ലെന്നും, സമ്മര്‍ദത്തിലൂടെ വീണ്ടും അനാവശ്യമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിന് ഇറങ്ങിയിരിക്കുന്നത് ശരിയാണോയെന്ന് ബസ് ഉടമകള്‍ തന്നെ ചിന്തിക്കണമെന്നും ആന്റണി രാജു പറഞ്ഞു. ബസ് ഉടമകളുമായി ഒരു വര്‍ഷം മുമ്പ് ചര്‍ച്ചകള്‍ നടത്തിയതാണ്.
അവരുടെ ആവശ്യങ്ങളെല്ലാം പരിഹരിച്ചിരുന്നു.ചാര്‍ജ് വര്‍ധനവും നടപ്പാക്കി. വീണ്ടുമൊരു വര്‍ധന എങ്ങനെയാണ് അംഗീകരിക്കാനാവുക. സമരത്തില്‍ നിന്ന് ബസ് ഉടമകള്‍ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മന്ത്രിയില്‍ നിന്ന് യാതൊരു ഉറപ്പും ലഭിച്ചില്ലെന്നും, അതുകൊണ്ട് സമരവുമായി മുന്നോട്ട് പോകുമെന്നും ടി ഗോപിനാഥ് അറിയിച്ചു.












Click it and Unblock the Notifications