റിയാസിനോട് പാകിസ്താനില്‍ പോകാന്‍; ആര്‍എസ്എസുകാരന് പണികിട്ടി; സംഭവം ചാനല്‍ ചര്‍ച്ചയില്‍
കോഴിക്കോട്: ചാനല്‍ ചര്‍ച്ചയ്ക്കിടെ സിപിഎം നേതാവിനോട് പാകിസ്താനില്‍ പോകാന്‍ പറഞ്ഞ ആര്‍എസ്എസുകാരന് പണികിട്ടി. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ വെള്ളയില്‍ പൊലീസ് കേസെടുത്തു. ചാനല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിയ്ക്കും.
കഴിഞ്ഞ ബുധനാഴ്ച രാവിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ കോഴിക്കോട് ബീച്ചില്‍ നടത്തിയ തിരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെയാണ് സംഭവം. ബേപ്പൂരില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമാണെന്ന് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ പിഎ മുഹമ്മദ് റിയാസ് ചര്‍ച്ചയ്ക്കിടെ ആരോപിച്ചിരുന്നു. 1991ലെ കോ-ലീ-ബി സഖ്യം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സമയം സദസില്‍നിന്ന് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എഴുന്നേറ്റുനിന്ന് റിസായിനോട് 'പാകിസ്താനില്‍ പോടാ' എന്ന് ആക്രോശിക്കുകയായിരുന്നു. ഇന്ത്യയില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും താങ്കള്‍ക്കു വേണമെങ്കില്‍ ഗുജറാത്തില്‍ പോകാമെന്നും റിയാസ് മറുപടി നല്‍കി. ഇതോടെ കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ എഴുന്നേറ്റ് ബഹളംവെച്ചു.
ഇതൊരു പൊതുചര്‍ച്ചയാണെന്നും മുസ്ലിം ആയതിന്റെ പേരില്‍ ഒരാളോട് പാകിസ്താനിലേയ്ക്ക് പോകാന്‍ പറയാന്‍ അനുവദിക്കില്ലെന്നും അവതാരകന്‍ കര്‍ശന നിലപാടെടുത്തു. കൂടുതല്‍ പേര്‍ ഇവര്‍ക്കെതിരെ രംഗത്തെത്തിയതോടെ ബിജെപി പ്രവര്‍ത്തകര്‍ പിന്‍വാങ്ങുകയായിരുന്നു.
തുടര്‍ന്നാണ് റിയാസ് ബീച്ച് പൊലീസില്‍ പരാതി നല്‍കിയത്. ഇന്ത്യന്‍ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 125 (മത-സാമുദായിക സ്പര്‍ദ്ധയും വര്‍ഗീയ ധ്രുവീകരണവും സൃഷ്ടിക്കല്‍), ഐപിസി 295 (സമൂഹത്തില്‍ ബോധപൂര്‍വം അസ്വസ്ഥതകള്‍ സൃഷ്ടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.


Click it and Unblock the Notifications