രാജ്യത്തിന്റെ പെൺമക്കൾ അപമാനിക്കപ്പെട്ടിട്ടും കേന്ദ്രസർക്കാർ കുറ്റകരമായ മൗനത്തിൽ'; വിമർശിച്ച് ആനാവൂർ
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ. രാജ്യത്തിൻറെ അഭിമാനങ്ങളായ ഏഴ് വനിതാ ഗുസ്‌തിതാരങ്ങൾ ദീർഘകാലം ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരായെന്ന വെളിപ്പെടുത്തൽ പുറത്തുവന്നശേഷവും കേന്ദ്രസർക്കാരും കായികമന്ത്രാലയവും ഡൽഹി പൊലീസും സ്വീകരിക്കുന്ന നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
പരാതിയിൽനിന്ന് പിന്മാറിയില്ലെങ്കിൽ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് കായികതാരങ്ങൾക്ക് നിരന്തര ഭീഷണിയുണ്ട്. രാജ്യതലസ്ഥാനത്തെ ക്രമസമാധാനപാലനവും നീതിനിർവഹണവും എത്രമാത്രം അധഃപതനത്തിലാണെന്ന് ഇതു വ്യക്തമാക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

രാജ്യത്തിന്റെ പെൺമക്കൾ അപമാനിക്കപ്പെട്ടിട്ടും കേന്ദ്രസർക്കാർ കുറ്റകരമായ മൗനത്തിൽ. രാജ്യത്തിൻറെ അഭിമാനങ്ങളായ ഏഴ് വനിതാ ഗുസ്‌തിതാരങ്ങൾ ദീർഘകാലം ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരായെന്ന വെളിപ്പെടുത്തൽ പുറത്തുവന്നശേഷവും കേന്ദ്രസർക്കാരും കായികമന്ത്രാലയവും ഡൽഹി പൊലീസും സ്വീകരിക്കുന്ന നിലപാട് ഞെട്ടിപ്പിക്കുന്നതാണ്.
റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷൺ ശരൺസിങ്ങിനെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്. 2012 മുതൽ 2022 വരെ പലതവണ ബ്രിജ്‌ഭൂഷൺ പെൺകുട്ടികളെ പീഡിപ്പിച്ചു എന്നാണ് പരാതി.
16 വയസ്സുള്ള പെൺകുട്ടിയും പരാതിക്കാരിൽ ഉൾപ്പെടുന്നതിനാൽ പോക്‌സോ വകുപ്പും ചുമത്തേണ്ട പരാതികളിൽ ഡൽഹി പൊലീസ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. കായികതാരങ്ങൾ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് ബഹു കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് ഇപ്പോൾ കേസ് എടുത്തിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
ഇരകളായ പെൺകുട്ടികളുടെ പേരുവിവരങ്ങളും ചിത്രങ്ങളും ആരോപണവിധേയന് ഡൽഹി പൊലീസ് കൈമാറിയെന്നും കായികതാരങ്ങൾ പരാതിപ്പെടുന്നു. പരാതിയിൽനിന്ന് പിന്മാറിയില്ലെങ്കിൽ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് കായികതാരങ്ങൾക്ക് നിരന്തര ഭീഷണിയുണ്ട്. രാജ്യതലസ്ഥാനത്തെ ക്രമസമാധാനപാലനവും നീതിനിർവഹണവും എത്രമാത്രം അധഃപതനത്തിലാണെന്ന് ഇതു വ്യക്തമാക്കുന്നു.
ബാബ്‌റി മസ്‌ജിദ് തകർത്ത കേസിൽ പ്രതിയായിരുന്ന ബ്രിജ്‌ഭൂഷൺ ബിജെപിക്ക് വളരെ വേണ്ടപ്പെട്ട ആളാണ്. രണ്ട് കൊലപാതക കേസുകളിലെ പ്രതി, നിരവധി ബലാത്സംഗ ആരോപണങ്ങൾ, ആഗോള കുറ്റവാളിയും മുംബൈ കലാപ സൂത്ര ധാരനും ഇപ്പോൾ പാകിസ്ഥാനിൽ ഉണ്ടെന്ന് ഏജൻസികൾ പറയുന്നതുമായ കൊടുംക്രിമിനൽ ദാവൂദ് ഇബ്രാഹിമിനെ സഹായിച്ചു എന്നതിന്റെ പേരിൽ ഭീകര വിരുദ്ധ നിയമമായ ടാഡ നിയമ പ്രകാരം ജയിലിൽ കിടന്ന പ്രതി, മദ്യമാഫിയകളുടെ തലവൻ ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങളുള്ള ആളാണ് ബ്രിജ്‌ഭൂഷൺ. ഇയാൾക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.
കായികതാരങ്ങൾ നടത്തിവരുന്ന പ്രക്ഷോഭത്തിന് എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും പിന്തുണ ഉണ്ടാകണം എന്നഭ്യർത്ഥിക്കുന്നു. ഇത്രയും ഹീനവും ഭയാനകവുമായ ആരോപണം ഉയർന്ന് വന്നിട്ടും രാജ്യം ഭരിക്കുന്ന ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവായി ഇയാൾ എങ്ങനെയാണ് തുടരുന്നത്. ബിജെപി നേതൃത്വം ഇയാൾക്കെതിരെ ഒരു നടപടിയും എടുത്തില്ല എന്ന് മാത്രമല്ല, ഇക്കാര്യത്തിൽ എന്തെങ്കിലുമൊരു അഭിപ്രായപ്രകടനം പോലും നടത്താൻ തയാറായിട്ടില്ല.
സ്ത്രീസുരക്ഷയെ സംബന്ധിച്ച് ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ നിലപാട് എന്തെന്ന് ഇതോടുകൂടി കൊടുത്താൽ വ്യക്തമാവുകയാണ്. ഇത് രാജ്യത്തിന് നാണക്കേടാണ്. കേരളത്തിലെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കളുടെ അഭിപ്രായം എന്തെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താല്പര്യമുണ്ട്. അതിശക്തമായ ജനകീയപ്രക്ഷോഭം ഇക്കാര്യത്തിൽ ഉയർന്ന് വരണം.












Click it and Unblock the Notifications