ചന്ദ്രയാന്‍- 2 പരാജയപ്പെട്ടത് കെ ശിവന്‍ കാരണം; ആരോപണങ്ങളുമായി സോമനാഥിന്റെ ആത്മകഥ
തിരുവനന്തപുരം: ചന്ദ്രയാന്‍ രണ്ടിന്റെ പരാജയ കാരണത്തിന് ഉത്തരവാദി മുന്‍ ഇസ്രൊ ചെയര്‍മാന്‍ കെ ശിവനാണെന്ന് നിലവിലെ ചെയര്‍മാന്‍ എസ് സോമനാഥ്. ഗുരുതരമായ ആരോപണങ്ങള്‍ സ്വന്തം ആത്മകഥയിലാണ് സോമനാഥ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. താന്‍ ചെയര്‍മാനാകാതിരിക്കാന്‍ ശിവന്‍ ശ്രമിച്ചു. ചന്ദ്രയാന്‍ രണ്ടിന്റെ പരാജയത്തിന് കാരണം പല നിര്‍ണായക പരീക്ഷണങ്ങളും പൂര്‍ത്തിയാക്കാതെ ദൗത്യം നടപ്പാക്കിയതാണെന്നും സോമനാഥ് പുസ്തകത്തില്‍ പറയുന്നു.
നിലാവ് കുടിച്ച സിംഹങ്ങള്‍ എന്ന് പേരിട്ട ആത്മകഥയിലാണ് ഐഎസ്ആര്‍ഒയില്‍ ശിവന്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നതായി പറയുന്നത്. തന്റെ കരിയറിന്റെ വിവിധ ഘട്ടങ്ങളില്‍ ശിവന്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചുവെന്നാണ് സോമനാഥ് ആരോപിക്കുന്നത്. അര്‍ഹതപ്പെട്ട വിഎസ്എസ്‌സി മേധാവി സ്ഥാനം ആറ് മാസത്തോളമാണ് അദ്ദേഹം വൈകിപ്പിച്ചത്. സ്ഥാനക്കയറ്റം കിട്ടിയപ്പോള്‍ അടക്കം പലതരത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇസ്രൊ മുന്‍ഗാമിയെ കുറിച്ച് പൊതുമധ്യത്തില്‍ ഇത്ര കടുത്ത ആരോപണങ്ങള്‍ നിലവിലെ മേധാവി ഉന്നയിക്കുന്നത് ആദ്യമായിട്ടാണ്. നിര്‍ണായക ഘട്ടങ്ങളിലെല്ലാം തന്നെ അകറ്റി നിര്‍ത്താനാണ് ശിവന്‍ ശ്രമിച്ചത്. പല നിര്‍ണായക ദൗത്യങ്ങളില്‍ ശിവന്റെ തീരുമാനങ്ങള്‍ പ്രതികൂല ഫലമാണ് ഉണ്ടാക്കിയത്. ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വളരെ വേഗത്തിലാണ് നടത്തിയത്. ആവശ്യമായ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാതെ ദൗത്യവുമായി മുന്നോട്ട് പോകാനുള്ള ശിവന്‍ തീരുമാനം,. ദൗത്യത്തെ പരാജയപ്പെടുത്തിയെന്നാണ് സോമനാഥ് ആരോപിച്ചിരിക്കുന്നത്.
നിര്‍ണായകമായ ജിസാറ്റ് വിക്ഷേപണം പരാജയപ്പെട്ടതിനെ കുറിച്ചും സോമനാഥ് വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ കാരണമാണ് ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണം മാറ്റിവെച്ചതെന്നും സോമനാഥ് സ്ഥിരീകരിച്ചു. അതേസമയം സോമനാഥ് പുസ്തകം ഉടന്‍ പ്രസിദ്ധീകരിക്കില്ല. ആത്മകഥ തല്‍ക്കാലം പിന്‍വലിക്കുകയാണെന്ന് സോമനാഥ് പറഞ്ഞു. കോപ്പി പിന്‍വലിക്കണമെന്ന് അദ്ദേഹം പ്രസാധകരോട് നിര്‍ദേശിച്ചു.
കൂടുതല്‍ വിവാദം വേണ്ടെന്ന് അദ്ദേഹം പ്രസാധകരോട് നിര്‍ദേശിച്ചു. യുവജനങ്ങളെ പ്രചോദിപ്പിക്കാനാണ് ആത്മകഥയിലൂടെ ആഗ്രഹിച്ചതെന്നും സോമനാഥ് വ്യക്തമാക്കി. ഷാര്‍ ഫെസ്റ്റിവലില്‍ വെച്ച് പുസ്തക പ്രകാശനം നടത്തില്ല. ഷാര്‍ജ യാത്രയും അദ്ദേഹം റദ്ദാക്കി. നാളെയാണ് ഔദ്യോഗിക പ്രകാശം നടത്താനിരുന്നത്. അതേസമയം ഇസ്രൊയില്‍ എല്ലാം സുതാര്യമാണെന്ന് ശിവന്‍ പ്രതികരിച്ചു. വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications