'ചേലക്കര മാറി ചിന്തിക്കും... ബിജെപിയില്‍ മാത്രമാണ് ഇനി പ്രതീക്ഷ'; കെ ബാലകൃഷ്ണന്‍ പറയുന്നു
തൃശൂര്‍: ചേലക്കരയില്‍ ഇത്തവണ ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണന്‍ വണ്‍ഇന്ത്യ മലയാളത്തോട്. 28 വര്‍ഷക്കാലം ഒരു പാര്‍ട്ടി തന്നെ ജയിച്ച് വന്നിട്ടും എംഎല്‍എ, സ്പീക്കര്‍, മന്ത്രി എന്നീ സ്ഥാനങ്ങള്‍ ലഭിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ട് പൊറുതി മുട്ടുകയാണ് ചേലക്കര എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തി വന്നത്.
അതിന്റെ ഫലം തങ്ങള്‍ക്ക് ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്ന് ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. 'ഇതൊരു പിന്നോക്കം നില്‍ക്കുന്ന നിയോജക മണ്ഡലം തന്നെയാണ്. അതുകൊണ്ട് ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇവിടെ അടിസ്ഥാന ആവശ്യങ്ങള്‍ ഒരുപാടുണ്ട്. അത് ആശുപത്രിയായാലും ശരി, ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം കളിസ്ഥലമാണെങ്കിലും നല്ല റോഡുകളാണെങ്കിലും ശരി,' അദ്ദേഹം പറഞ്ഞു.

പട്ടികജാതി സങ്കേതങ്ങളായ ഒട്ടനവധി സ്ഥലങ്ങളുണ്ട് എന്നും അവിടെയെല്ലാം അടിസ്ഥാന വികസനങ്ങളായ വെള്ളം, വഴി എന്നിവയില്ലാതെ ജനങ്ങള്‍ ദുരിതത്തിലാണ് എന്നും അദ്ദേഹം വ്യക്തമാക്കി. വീടിന് വേണ്ടി നിരവധി പേര്‍ കാത്തിരിക്കുന്ന ഒരു മണ്ഡലം കൂടിയാണ് ഇത്. ലൈഫ് പദ്ധതിയില്‍ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന നിരവധി പേരുണ്ട്. പട്ടയം കിട്ടാത്ത വനഭൂമിയില്‍ വീട് വെക്കാന്‍ പറ്റാത്ത ഒട്ടനവധി സാധാരണക്കാരായ ആള്‍ക്കാരുണ്ട്.
സാധാരണക്കാരായ ആളുകളുടെ വിഷയങ്ങളിലാണ് കൂടുതല്‍ ശ്രദ്ധയൂന്നേണ്ടത് എന്നും പക്ഷെ അത് ഇവിടെ നടപ്പിലാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. 'തിരുവില്വാമലയിലും പൈങ്കുളത്തും മേല്‍പ്പാലം അത്യാവശ്യമണ്. തിരുവില്വാമലയില്‍ രാത്രികാലങ്ങളില്‍ കിടത്തി ചികിത്സയും ഡോക്ടറും ഇല്ലാത്ത അവസ്ഥയാണ്. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ 13 കിലോ മീറ്റര്‍ അകലെയുള്ള ഒറ്റപ്പാലത്തേക്ക് പോകണം. വരവൂരിലും കിടത്തി ചികിത്സയില്ല,' ബാലകൃഷ്ണന്‍ പറഞ്ഞു.
28 വര്‍ഷം തുടര്‍ച്ചയായി ജയിച്ച് വന്ന പാര്‍ട്ടിക്ക് ചെയ്യാന്‍ പറ്റാവുന്ന ഒട്ടനവധി കാര്യങ്ങള്‍ ഉണ്ടായിരുന്നു. അവരില്‍ ഇനി ഒരു പ്രതീക്ഷയില്ല എന്നും ഇനി ബിജെപി വരണം മാറ്റമുണ്ടാകണം എന്ന് ചേലക്കരക്കാര്‍ പറയുന്നുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു. അത് തങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട് എന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് ജയിക്കാനായത് ചേലക്കരയിലും പ്രതിഫലിക്കും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിവാദ വിഷയങ്ങളായ കൊടകര കുഴല്‍പ്പണക്കേസ്, സന്ദീപ് വാര്യരുടെ അതൃപ്തി എന്നിവയിലും അദ്ദേഹം പ്രതികരിച്ചു. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള വെളിപ്പെടുത്തലുകളില്‍ ബിജെപിക്ക് ആശങ്കയില്ല എന്നും തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തും ഈ വിഷയം ഇവിടെ ഉണ്ടായിരുന്നു എന്നും ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
'അന്ന് ഒരു ബുദ്ധിമുട്ടുമില്ലാതെ ഞങ്ങള്‍ക്ക് ജയിക്കാന്‍ പറ്റി. അതെല്ലാം ജനങ്ങള്‍ തിരസ്‌കരിച്ച കാര്യങ്ങളാണ്. ആ കാര്യത്തെ നിക്ഷിപ്ത താല്‍പര്യക്കാര്‍ ഉയര്‍ത്തി കൊണ്ടുവരുന്നു എന്ന് മാത്രം. അത് തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ഉയര്‍ന്ന് വരുന്ന ഒരു പ്രക്രിയയാണ്,' അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യര്‍ വിഷയം പാര്‍ട്ടി വേണ്ടവിധത്തില്‍ കൈകാര്യം ചെയ്ത് കൊള്ളും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ബിജെപി ഒരു പാര്‍ട്ടി എന്നതിലുപരി ഒരു കുടുംബമാണ്. ആ കുടുംബത്തിനകത്ത് ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാകും. അത് ഞങ്ങളുടെ വേദിയില്‍ തന്നെ പരിഹരിക്കും. സന്ദീപ് വാര്യര്‍ക്ക് എന്തെങ്കിലും വിഷയങ്ങളുണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ മുതിര്‍ന്ന നേതാക്കള്‍ ഉണ്ട് ഞങ്ങളുടെ പാര്‍ട്ടിയില്‍. അവര്‍ അത് കൃത്യമായി ചെയ്ത് കൊള്ളും', ബാലകൃഷ്ണന്‍ വ്യക്തമാക്കി.












Click it and Unblock the Notifications